കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പങ്കജ് ഉദാസ് : ഗസലുകളുടെ തമ്പുരാന്‍

  • By Staff
Google Oneindia Malayalam News

നിലാവുളള രാത്രിയില്‍ മഞ്ഞിന്റെ കുളിരിനും ഇളംകാറ്റിന്റെ സംഗീതത്തിനുമൊപ്പം ഒഴുകി വരുന്ന നേര്‍ത്ത ഗസല്‍. ഏക് ഐസാ ഖര്‍ ചാഹിയേ ...... ഹൃദയ തന്ത്രികളില്‍ സുഖകരമായ അനുഭൂതി നിറയ്ക്കുന്ന ഈ ശബ്ദത്തിനുടമ പങ്കജ് ഉദാസാണ്. ഗസലുകളുടെ ഉസ്താദ്, പങ്കജ് ഉദാസ്. പ്രണയത്തിന്റെ അഴകായി, വിരഹത്തിന്റെ ദീര്‍ഘ നിശ്വാസമായി സംഗീത പ്രേമികളുടെ മനസില്‍ പടര്‍ന്നു കയറിയ ശബ്ദം.

ഈ ശബ്ദത്തെ ഉളളറിഞ്ഞ് പ്രേമിക്കുന്നവരില്‍ വൃദ്ധരുണ്ട്, കാലപ്രവാഹത്തിന്റെ ഗതിവേഗം നെഞ്ചിലേറ്റു വാങ്ങി, ചടുല സംഗീതത്തെ ഉപാസിക്കുന്ന യുവാക്കളുണ്ട്, കുഞ്ഞുങ്ങളുണ്ട്. അങ്ങനെ പ്രായഭേദത്തിന്റെ, ഭാഷാന്തരങ്ങളുടെ അതിരുകള്‍ കടന്ന് സംഗീതാസ്വാദകരുടെ ഹൃദയത്തിനുളളില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ അതുല്യനായ ഗസല്‍ ഗായകനാണ് പങ്കജ് ഉദാസ്.

Pankaj Uddhasലംഹ, നാഷാ, ഗൂംഗട്ട് അങ്ങനെ എത്രയോ ആല്‍ബങ്ങളിലൂടെ ഈ ശബ്ദമധുരം ആസ്വാദക മനസുകളില്‍ തേന്‍മഴയായിട്ടുണ്ട്. ലോകമെങ്ങും തന്റെ മാസ്മര ശബ്ദം കൊണ്ട് ആരാധകരെ നേടിയ ഗസല്‍ തമ്പുരാന്‍ ഇന്ത്യാ ഇന്‍ഫോയോട് സംസാരിക്കുന്നു.

ഇന്നത്തെ അടിപൊളി സംഗീതലോകത്ത് ഗസലിന്റെ സ്ഥാനം എവിടെയാണ്?

സംഗീത ലോകത്ത് ഗസലിന് സ്വന്തം സ്ഥലമുണ്ട്. കവിതയാണ് ഗസലിന്റെ ശക്തി. മെലഡിയ്ക്ക ്രണ്ടാം സ്ഥാനമേയുളളൂ. ആത്മാവിനെ ഉലയ്ക്കുന്ന ഗസലുകള്‍ക്ക് എന്നും പ്രസക്തിയുണ്ടെന്നാണ് എന്റെ അഭിപ്രായം.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗസലില്‍ ചില വിപ്ലവങ്ങള്‍ക്ക് ആരംഭം കുറിച്ചിരുന്നു. ആസ്വാദകരില്‍ നിന്നും മികച്ച പ്രതികരണമാണ് ഈ പരീക്ഷണങ്ങള്‍ക്ക് ലഭിച്ചത്. അത് തെളിയിക്കുന്നത് ഗസല്‍ കേള്‍ക്കാനും ആസ്വദിക്കാനും ആള്‍ക്കാര്‍ ഏറെയുണ്ടെന്നാണ്.

ഏതു രാജ്യമാണ് ഗസലിനെ ഏറ്റവും പ്രോത്സാഹിപ്പിക്കുന്നത്?

ഒരുപാട് രാജ്യങ്ങളുണ്ട്. മദ്ധ്യേഷ്യയിലെയും ജപ്പാനിലെയും കെനിയയിലെയും സംഗീതാസ്വാദകര്‍ ഗസലിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നവരാണ്. ഗസലിനോട് അവര്‍ക്ക് പ്രത്യേക താല്‍പര്യമുണ്ട്. ജന്മനാ ഉളളത് എന്നു വേണമെങ്കില്‍ പറയാം.

ഗസല്‍ ഗായകനെന്ന നിലയില്‍ സിനിമാ പാട്ടുകളെ എങ്ങനെയാണ് കാണുന്നത്?

രണ്ടു തരത്തിലും ജനം എന്നെ സ്വീകരിച്ചിട്ടുണ്ട്. രണ്ടിലും ഒന്നു പോലെ നിലവാരം പുലര്‍ത്താനുളള അനുഗ്രഹം എനിക്കുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.

സംഗീത സംവിധായകനെന്ന നിലയില്‍ മറ്റുളളവരുടെ സംഗീതത്തിനൊപ്പിച്ച് പാടേണ്ടി വരുമ്പോള്‍ എന്തു തോന്നും?

അത് ശരിക്കും ഒരു വെല്ലുവിളിയാണ്. മറ്റൊരാളിന്റെ മനസിലുളളതു പോലെ പാടുക എന്നത്. അയാള്‍ പ്രതീക്ഷിക്കുന്ന ഈണത്തിനും മൂഡിനുമൊപ്പിച്ച് പാടി ഫലിപ്പിക്കാന്‍ കഴിയുന്നത് സന്തോഷകരമാണ്. എന്റെ സ്വന്തം ഈണത്തില്‍ പാടുന്നതാണ് കൂടുതല്‍ സുഖം.

പുതിയ തലമുറ സിനിമാ സംഗീതത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് തോന്നിയിട്ടുണ്ടോ?

തീര്‍ച്ചയായും. പക്ഷേ ഒരു പ്രത്യേക വിഭാഗം മാത്രം. ഇതര സംഗീത വൈവിദ്ധ്യങ്ങളോട് താല്‍പര്യമുളള യുവാക്കളും ഉണ്ട്. പ്രതിഭയുളള ധാരാളം പേര്‍ ഈ രംഗത്തേയ്ക്കു കടന്നു വരുന്നുണ്ട്. മാദ്ധ്യമങ്ങളും പുതിയ പ്രതിഭകള്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കുന്നുണ്ട്

കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും ബംഗാളിലും ധാരാളം യുവ ആരാധകര്‍ എനിക്കുണ്ട്.

സ്പര്‍ശ എന്ന കന്നട ചിത്രത്തില്‍ പാടുന്നതായി കേട്ടു. അനുഭവം ഒന്നു വിശദീകരിക്കാമോ?

സംവിധായകനും മറ്റുമൊക്കെ നന്നായി പ്രോത്സാഹിപ്പിച്ചു. ഒരു വ്യത്യസ്ത അനുഭവമായിരുന്നു.

ഇനി ഏതെങ്കിലും പ്രാദേശിക ഭാഷകളില്‍ പാടാന്‍ പദ്ധതിയുണ്ടോ?

പ്രാദേശിക ഭാഷകള്‍ക്ക് എന്റെ മനസില്‍ എന്നും സ്ഥാനമുണ്ട്. പക്ഷേ ഇപ്പോള്‍ അടുത്ത ആല്‍ബത്തിന്റെ തിരക്കിലാണ്. മെയില്‍ അത് പുറത്തിറക്കാനാണ് പരിപാടി. കാര്യങ്ങള്‍ ഒത്തു വരികയാണെങ്കില്‍ തീര്‍ച്ചയായും മറ്റു ഭാഷകളിലും പാടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X