കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കക്കാട് ജന്മനാകവി: പിഷാരടി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കക്കാട് ജന്മനാ കവിയായിരുന്നുവെന്ന് ഗുരുവിന്റെ അനുഭവസാക്ഷ്യം. തന്റെ ശിഷ്യനായ കക്കാടിന് പഠിക്കുന്ന കാലത്തു തന്നെ ജന്മസിദ്ധമായ കവിതാവാസനയുണ്ടായിരുന്നു. മാത്രമല്ല, ജ്ഞാനം ആര്‍ജ്ജിക്കാനും മറ്റും ഏറെ പരിശ്രമിക്കുകയും ചെയ്തിരുന്നു കക്കാട്.- ശിഷ്യനെക്കുറിച്ച് ഗുരുവും ഭാഷാപണ്ഡിതനുമായ നാരായണപിഷാരടി പറഞ്ഞു.

കക്കാടിന്റെ കൃതികള്‍ പ്രകാശനം ചെയ്യാന്‍ കേരളാ സാഹിത്യ സമിതി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിഷാരടി. ജന്മസിദ്ധമായ കവിതാവാസനയും ജ്ഞാനവും അത്യാധ്വാനവും ഒത്തിണങ്ങിയാലേ കവിയാകൂ. ഇത് മൂന്നും കക്കാടിന് വേണ്ടുവോളമുണ്ടായിരുന്നു.- പിഷാരടി പറഞ്ഞു.

കക്കാടിന്റെ കൃതികള്‍ എന്ന കാവ്യസമാഹാരം നാരായണപിഷാരടി ഡോ. ആര്‍ വിശ്വനാഥന് ഒരു പ്രതി നല്കി പ്രകാശനം ചെയ്തു. നിത്യയൗവനത്തോടെ നിലനില്ക്കുന്നതാണ് കക്കാടിന്റെ കവിതകളെന്ന് യോഗത്തില്‍ അധ്യക്ഷയായിരുന്ന പി. വത്സല പറഞ്ഞു.

ശരിയല്ലെന്നു തോന്നിയ ചുവടുകള്‍ തിരുത്താന്‍ തന്റെ സൃഷ്ടിപരമായ ശൈലിയില്‍ പ്രതികരിച്ച കവിയാണ് കക്കാട്. താന്‍ നടത്തിയ പ്രതികൂല വിമര്‍ശനങ്ങള്‍ വേണ്ടിടത്ത് കൊള്ളാതെ പോയതില്‍ ഏറെ ദു:ഖിതനായിരുന്നു കക്കാട്. ചെറിയ വ്യസനങ്ങളില്‍ വലിയ വ്യസനം കാണുന്നവര്‍ക്ക് കക്കാടിന്റെ ചിരിയാണ് ഉത്തരമെന്നും വിഷ്ണുനാരായണന്‍ നമ്പൂതിരി പറഞ്ഞു.

പാശ്ചാത്യ പൗരസ്ത്യ വിജ്ഞാനങ്ങള്‍ ഒരേ പോലെ കൈകാര്യം ചെയ്യാനുള്ള കൈത്തഴക്കമുണ്ടായിരുന്ന കവിയാണ് കക്കാടെന്ന് എം.ആര്‍. രാഘവവാര്യര്‍ അനുസ്മരിച്ചു. കെ.പി. ശങ്കരന്‍, എം.ആര്‍. ചന്ദ്രശേഖരന്‍, കെ.പി. മോഹനന്‍, ശ്രീകുമാര്‍ കക്കാട്, കെ. ഗോപാലകൃഷ്ണന്‍, ജി.എന്‍. ചേലനാട് എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന കവിസമ്മേളനത്തില്‍ അക്കിത്തം അധ്യക്ഷനായിരുന്നു. കവികളായ വിഷ്ണുനാരായണന്‍ നമ്പൂതിരി, പാലൂര്, മാധവന്‍ അയ്യപ്പത്ത്, ചാത്തനാത്ത് അച്യുതനുണ്ണി, പി.പി.കെ. പൊതുവാള്‍, ദേശമംഗലം രാമകൃഷ്ണന്‍, എന്‍.കെ. ദേശം, എന്നിവര്‍ കവിതകള്‍ വായിച്ചു. കക്കാടിന്റെ ഭാര്യ ശ്രീദേവിയും ചടങ്ങിനെത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X