• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇത് ഭാരതീയ ശൈലി - യേശുദാസ്

  • By Staff

yesudasമലയാള ചലച്ചിത്ര ഗായകരെക്കുറിച്ചു പറയുമ്പോള്‍ ഏതു മലയാളിയുടെയും മനസ്സില്‍ ആദ്യമെത്തുക യേശുദാസിന്റെ നാമമാണ്. 1961-ല്‍ 'കാല്‍പ്പാടുകള്‍' എന്ന ചിത്രം മുതല്‍ മലയാള ചലച്ചിത്രലോകത്തെ പുളകമണിയിക്കുന്ന ആ സ്വരമാധുര്യം ഇന്നും എതിരില്ലാതെ നിലകൊള്ളുന്നു. കഴിഞ്ഞ ജനുവരി 10-ന് അറുപത് തികഞ്ഞ ഈ ഗായകന്റെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം.

അഭിനേതാവും ഗായകനുമായിരുന്ന പിതാവ് അഗസ്റിന്‍ ജോസഫിന് മകനെ ലോകമറിയുന്ന ഗായകനാക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. അറിയപ്പെട്ടിരുന്ന കാലത്ത് അഗസ്റിന്റെ കൊച്ചിയിലെ തറവാട്ടില്‍ സുഹൃത്തുക്കളുടെയും ആരാധകരുടെയും ബഹളമായിരുന്നെങ്കിലും പ്രശസ്തി വിട്ടൊഴിഞ്ഞപ്പോള്‍ കൂട്ടുകാരും അദ്ദേഹത്തെ കൈവെടിഞ്ഞു.

ഇതുമൂലം ഒറ്റപ്പെടലിന്റെയും ദാരിദ്യ്രത്തിന്റെയും ലോകത്തായിരുന്നു യേശുദാസിന്റെ ചെറുപ്പകാലം. മികച്ച സംഗീതജഞനാവുകയെന്ന അച്ഛന്റെയും തന്റെ തന്നെയും ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ യേശുദാസ് തുനിഞ്ഞപ്പോള്‍ അവിടെയും വേര്‍തിരിവിന്റെയും ഒറ്റപ്പെടലിന്റെയും കയ്പുനീര്‍ അദ്ദേഹത്തിന് രുചിക്കേണ്ടിവന്നു. ക്രിസ്ത്യാനിയെന്ന കാരണത്താല്‍ കര്‍ണാടക സംഗീതഭ്യസനത്തില്‍ നേരിട്ട എതിര്‍പ്പുകള്‍... പ്രതിമാസഫീസ് അടക്കാനില്ലെന്ന കാരണത്താല്‍ ആര്‍.എല്‍.വി. മ്യൂസിക് അക്കാദമിയില്‍ നിന്ന് പുറത്ത്... പ്രസിദ്ധ സംഗീതജ്ഞന്റെ കാര്‍ഷെഡില്‍ ഉറക്കം... ചലച്ചിത്ര ഗായകനാകാനുള്ള ആദ്യശ്രമത്തില്‍ത്തന്നെ പരാജയം... ശബ്ദം പ്രക്ഷേപണത്തിനനുയോജ്യമല്ലെന്ന് പറഞ്ഞ് തിരുവനന്തപുരം ആകാശവാണിയുടെ തഴയല്‍... ഗാനഗന്ധര്‍വന്‍ അനുഭവിച്ച ദുരിതങ്ങളുടെ പട്ടിക നീളുകയാണ്.

ഈ അവസരത്തിലാണ് കെ.എസ്. ആന്റണിയുടെ 'കാല്‍പ്പാടുക'ളില്‍ പാടാന്‍ വൈക്കം ചന്ദ്രന്‍ യേശുദാസിന്റെ പേര് നിര്‍ദേശിക്കുന്നത്. അതുവരെ ഗാനമേളകളിലൂടെ ശ്രദ്ധയാകര്‍ഷിച്ചിരുന്ന യേശുദാസ് അങ്ങനെ സിനിമാ ലോകത്തെത്തി.

അര്‍ത്ഥം ഗ്രഹിച്ച് വാക്കുകള്‍ വേര്‍തിരിച്ച് ഈ ഗായകന്‍ ഗാനം ആലപിക്കുമ്പോള്‍ ഭാവ സാഗരം തന്നെ ഇരമ്പുന്നു. ഹൈടെക് സാങ്കേതികവിദ്യയും വേഗമേറിയ ഈണവും ചലച്ചിത്രഗാനങ്ങളില്‍ വരുത്തിയ മാറ്റം ഈ ഗായകന്റെ ഭാവാലാപന ശൈലിയെ തെല്ലും ബാധിച്ചിട്ടില്ല.

ഇതിനകം തന്നെ 40,000ത്തിലധികം ഗാനങ്ങള്‍ ആലപിച്ചു കഴിഞ്ഞ യേശുദാസിന് ഭാഷാഭേദങ്ങള്‍ ഒരിക്കലും തടസ്സമായിട്ടില്ല. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി ഇന്ത്യയിലെ മിക്ക ഭാഷകളും അദ്ദേഹത്തിന്റെ സ്വരമാധുര്യം അനുഭവിച്ചിട്ടുണ്ട്. 1976-ല്‍ പരേതനായ സലില്‍ ചൗധരിയാണ് 'അനന്ത് മഹല്‍' എന്ന ചിത്രത്തിലൂടെ യേശുദാസിനെ ഹിന്ദി ചലച്ചിത്രരംഗത്തെത്തിച്ചത്. എങ്കിലും യേശുദാസ് പിന്തുടരുന്ന ക്ലാസിക്കല്‍ ശൈലി പലപ്പോഴും വിമര്‍ശനത്തിനിരയായിട്ടുണ്ട്. അദ്ദേഹത്തിന്റെ ശൈലി കര്‍ണാടക സംഗീതമോ ഹിന്ദുസ്ഥാനിയോ അല്ലെന്ന വിമര്‍ശനമുയരുന്നുണ്ടെങ്കിലും കര്‍ണാടക സംഗീതത്തെ ജനപ്രിയമാക്കാന്‍ യേശുദാസിന്റെ ഗാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ് .

ഏഴാം വയസ്സില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ഒരു സംഗീത മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയതുമുതല്‍ യേശുദാസിനെത്തേടി അംഗീകാരങ്ങള്‍ ഏറെയെത്തി. 1972-ലും (മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു... മലയാളം), 73-ലും (പത്മതീര്‍ത്ഥമേ... മലയാളം), 79-ലും (ഗോരി തേരാ.. ഹിന്ദി), 85-ലും (ആകാശദേശമു... തെലുങ്ക്), 87-ലും (ഉണ്ണികളെ ഒരു കഥ പറയാം... മലയാളം), 91-ലും (രാമകഥാ ഗാനലയം...മലയാളം), 93-ലും (മലയാളം) മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹം കരസ്ഥമാക്കി. 1969-ല്‍ കേരള സര്‍ക്കാര്‍ മികച്ച ഗായകന് പുരസ്കാരം ഏര്‍പ്പെടുത്തിയതിനുശേഷം 23 തവണയും യേശുദാസിനു തന്നെയായിരുന്നു അവാര്‍ഡ്. (പുതിയ ഗായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 87 മുതല്‍ 91 വരെ അദ്ദേഹം മത്സരരംഗത്ത് നിന്ന് വിട്ടുനിന്നു.)

ഇവയ്ക്കുപുറമെ 1988-ലും 92-ലും തമിഴിലും 88-ല്‍ തെലുങ്കിലും മികച്ച ഗായകനായി യേശുദാസ് തിരഞ്ഞെടുക്കപ്പെട്ടു. സംഗീത രാജ പുരസ്കാരം (1974), സംഗീത ചക്രവര്‍ത്തി പുരസ്കാരം (1988), സംഗീത സാഗരം പുരസ്കാരം (1987), ലതാ മങ്കേഷ്കര്‍ പുരസ്കാരം (1992), നാഷണല്‍ സിറ്റിസണ്‍സ് അവാര്‍ഡ് (1994) എന്നിവയും അദ്ദേഹത്തെ തേടിയെത്തി.ഗാനഗന്ധര്‍വനുമായി പി. പ്രദീപ് നടത്തിയ അഭിമുഖത്തില്‍ നിന്ന്...

സന്തോഷവും സന്താപവും നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്ന് 40,000-ത്തിലധികം ഗാനങ്ങളാലപിച്ച് നിരവധി അംഗീകാരങ്ങളും നേടി നില്‍ക്കുന്ന ഈ അവസരത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

എന്നെ സംബന്ധിച്ചിടത്തോളം ഈ കാലഘട്ടത്തില്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍ വളരെ പ്രധാനമാണ്. ഇപ്പോഴും എന്റെ ഗാനങ്ങള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നതിന് തെളിവാണിത്. ആരാധകര്‍ക്ക് തന്നെ വേണ്ടെന്ന് ഒരു കലാകാരന്‍ മനസ്സിലാക്കിയാല്‍ അയാള്‍ രംഗത്തുനിന്ന് വിടപറയണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിനാല്‍ ജനങ്ങള്‍ ഇപ്പോഴും എന്നെ സ്നേഹിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുവെന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.

താങ്കളുടെ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിച്ചുകഴിഞ്ഞു എന്ന് കരുതുന്നുണ്ടോ? അതോ, ഇനിയും വല്ലതും ചെയ്തു തീര്‍ക്കാനുണ്ടെന്ന ചിന്തയുണ്ടോ?

ഞാന്‍ വളരെയധികം നേടിയെന്നോ എന്നാല്‍ കഴിയുന്നതൊന്നും ചെയ്തില്ലെന്നോ ഞാന്‍ കരുതുന്നില്ല. ചെറുപ്പത്തില്‍ എല്ലാവര്‍ക്കും വലിയ വലിയ ആഗ്രഹങ്ങളുണ്ടാകും. പക്ഷെ നമ്മുടെ വിധി നമ്മുടെ കൈയിലല്ലെന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. അതിനാല്‍ ഇപ്പോള്‍ ഞാനൊന്നിനും ആഗ്രഹിക്കുന്നില്ല.

ഒരു സംഗീത സര്‍വകലാശാല തുടങ്ങുന്നതിനെക്കുറിച്ച് താങ്കള്‍ മുമ്പു പറഞ്ഞിരുന്നു. ഇപ്പോഴും താങ്കള്‍ക്ക് ആ ആശയമുണ്ടോ?

അതിപ്പോഴും ഒരു സ്വപ്നമായിത്തന്നെ തുടരുന്നു. ഒരാള്‍ സ്വപ്നം കാണുന്നത് ആഡംബരമാണെന്നും ഞാന്‍ മനസ്സിലാക്കി! യഥാര്‍ത്ഥത്തില്‍ ഇതൊക്കെ ചെയ്യേണ്ടത് സര്‍ക്കാരാണ്, എന്നെപ്പോലുള്ളവരെല്ലാം വെറും ഉപകരണങ്ങള്‍ മാത്രം!

താങ്കളുടെ ക്ലാസിക്കല്‍ ശൈലി കര്‍ണാടകസംഗീതത്തിനും ഹിന്ദുസ്ഥാനി സംഗീതത്തിനും യോജിച്ചതല്ലെന്ന് വിമര്‍ശനമുണ്ടല്ലോ...

അംഗീകൃതമായ വിഭാഗങ്ങളിലൊന്നും പെടുന്നില്ലെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ എന്റെ ശൈലിയെ 'ഭാരതീയം' എന്നോ മറ്റോ വിളിക്കാം. മറിച്ച് എന്റെ ശൈലി വളരെ ലളിതമെന്ന് ആരെങ്കിലും വിചാരിക്കുന്നുവെങ്കില്‍ അത് എന്റെ കഠിനപ്രയത്നത്തിന് ലഭിച്ച അംഗീകാരമാണ്. കാര്യങ്ങള്‍ ലളിതമാക്കുന്നത് അത്ര എളുപ്പവുമല്ലല്ലോ! ഞാന്‍ ലളിതമായി ആലപിക്കണമെന്ന് ആഗ്രഹിക്കുന്നവരും, അതല്ല കൂടുതല്‍ സങ്കീര്‍ണ തലങ്ങളിലേക്ക് കടക്കണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. ഇരുവിഭാഗങ്ങളെയും തൃപ്തിപ്പെടുത്താനുള്ള പുതിയൊരു ശൈലിയാണ് ഞാന്‍ അവലംബിച്ചു വരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more