കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഎന്‍വി കുറുപ്പിന് ജ്ഞാനപീഠം

  • By Lakshmi
Google Oneindia Malayalam News

ONV Kurup
ദില്ലി: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന് ജ്ഞാനപീഠം പുരസ്‌കാരം. 2007ലെ ജ്ഞാനപീഠം പുരസ്‌കാരമാണ് ഒറ്റപ്ലാവില്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്ന ഒഎന്‍വിയ്ക്ക് ലഭിക്കുക.

വെള്ളിയാഴ്ച ചേര്‍ന്ന ജ്ഞാനപീഠം പുരസ്‌കാര നിര്‍ണയ സമിതിയാണ് ഈ തീരുമാനമെടുത്തത്. 2008ലെ ജ്ഞാനപീഠം പുരസ്‌കാരം ഉറുദു കവി ഷഹരിയാറിന് നല്‍കാനും തീരുമാനമായിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാവില്‍ കുടുംബത്തില്‍ ഒ.എന്‍ കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 മേയ് 27നാണ് ഒഎന്‍വി ജനിച്ചത്. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം 1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി.

1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു.

1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.

1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ.എന്‍.വി യുടെ ആദ്യത്തെ കവിതാ സമാഹാരം പൊരുതുന്ന സൗന്ദര്യം ആണ്. 1949ലാണ് ഇത് പുറത്തിറങ്ങിയത്.

അഗ്‌നിശലഭങ്ങള്‍, ഭൂമിക്കൊരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്‍ങ്ഗക പക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, തോന്ന്യാക്ഷരങ്ങള്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകള്‍, മയില്‍പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, തുടങ്ങിയ കവിതാസമാഹാരങ്ങളും, കവിതയിലെ പ്രതിസന്ധികള്‍, കവിതയിലെ സമാന്തര രേഖകള്‍, എഴുത്തച്ഛന്‍ എന്നീ പഠനങ്ങളും ഒഎന്‍വിയുടേതായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്..

നാടക ഗാനങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍ എന്നീ ശാഖകളിലും അദ്ദേഹത്തിന്റെ സംഭവാന ചെറുതല്ല. സരോജിനിയാണ് ഒഎന്‍വിയുടെ ഭാര്യ. രാജീവന്‍, മായാദേവി എന്നിവര്‍ മക്കളാണ്.

എം.ടി വാസുദേവന്‍ നായര്‍ (1995), തകഴി ശിവശങ്കരപ്പിള്ള (1984), എസ്.കെ പൊറ്റേക്കാട്(1980), ജി. ശങ്കരക്കുറുപ്പ് (1965) എന്നിവരാണ് ജ്ഞാനപീഠം പുരസ്‌ക്കാരം നേടിയ മറ്റ് മലയാളം എഴുത്തുകാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X