കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരക്കേടോ....ഗന്ധര്‍വന്റെ ഗതികേടോ....?

  • By Super
Google Oneindia Malayalam News

kerala culture
"എന്റെ പാട്ടുകള്‍ ആര്‍ക്കു വേണമെങ്കിലും പാടാം. പക്ഷേ അതു നിലവിലുളള നിഷ്ഠകളും നിയമങ്ങളും അനുസരിച്ചായിരിക്കണം". പുതിയ പാട്ടുകാര്‍ക്ക് ഗായകന്‍ കെ ജെ യേശുദാസിന്റെ ഔദാര്യം.

"എന്റെ പാട്ടുകള്‍" ഏതാണെന്ന് ഗന്ധര്‍വന്‍ നിര്‍വചിച്ചിട്ടില്ല. തരംഗിണിയുടെ പാട്ടുകളാണോ, അതോ യേശുദാസ് പാടുന്ന എല്ലാ പാട്ടുകളുമാണോ? രണ്ടായാലും നിഷ്ഠയും നിയമവും പാലിച്ചു പാട്ടുപാടണമെന്ന് കല്‍പിക്കാന്‍ യേശുദാസിന് അധികാരമില്ല തന്നെ.

വരമായി കിട്ടിയ നല്ലശബ്ദത്തിന് മലയാളി ഇത്രയും കാലം നല്‍കിയ അംഗീകാരവും ബഹുമാനവും കച്ചവടമനസിന്റെ വൃത്തികെട്ട വാദങ്ങള്‍ കൊണ്ട് യേശുദാസ് കളഞ്ഞു കുളിക്കുന്ന ലക്ഷണമാണ്.

പണ്ട് മധുബാലകൃഷ്ണനെയും ഉണ്ണിമേനോനെയും യേശുദാസിന്റെ മകന്‍ വിനോദ് ഭീഷണിപ്പെടുത്തിയപ്പോഴുണ്ടായ വിവാദത്തെ മൗനം കൊണ്ടാണ് ഗാനഗന്ധര്‍വന്‍ അതിജീവിച്ചത്. അന്ന് ബുദ്ധിപൂര്‍വമായ നിശബ്ദത പാലിച്ച യേശുദാസ് വീണ്ടും വിവാദങ്ങളിലേയ്ക്ക് മടങ്ങി വരികയാണ്.

ഗായകന്‍ വെറും കൊത്തപ്പണിക്കാരന്‍...!

എന്താണ് എന്റെ പാട്ടെന്നതു കൊണ്ട് യേശുദാസ് ഉദ്ദേശിക്കുന്നത്? സ്വയം വരികളെഴുതി ഈണമിട്ട് പാടി കസെറ്റിറക്കിയിട്ടുണ്ടോ? ആരോ എഴുതി ആരോ ഈണമിട്ട പാട്ടുകളാണോ ദേവലോകത്തെ ഗന്ധര്‍വന്‍ പാടുന്നതെന്നറിയില്ല. ഏതായാലും മലയാളത്തിലെ ഗന്ധര്‍വന്‍ അങ്ങനെ പാടുന്നയാളാണ്.

പാട്ട് ഒരുല്‍പന്നമായി പുറത്തു വരുന്നതിന് പണം മുടക്കുന്നവനാണ് അതിന്റെ അവകാശവും. പാട്ടെഴുതിയ ഗിരീഷ് പുത്തഞ്ചേരിയ്ക്കും സംഗീതം നല്‍കിയ രവീന്ദ്രനും പാടിയ യേശുദാസിനും പണം കൊടുക്കുന്നത് നിര്‍മ്മാതാവാണ്. അപ്പോള്‍ അതെങ്ങനെ യേശുദാസിന്റെ മാത്രം പാട്ടാവും?

പാടാനുളള കഴിവുപോലെ പ്രസക്തമാണ് എഴുതാനും സംഗീതം നല്‍കാനുമുളള കഴിവും. ഇത്രയും കാലത്ത് നല്ലതും ചീത്തയുമായി പതിനായിരക്കണക്കിന് പാട്ടുകള്‍ പാടിത്തീര്‍ത്ത യേശുദാസിന് നല്ല രണ്ടു വരിയെഴുതാന്‍ ജന്മം തപസിരുന്നാല്‍ കഴിയില്ല. തക്കിടി മുണ്ടന്‍ താറാവു പോലുളള പാട്ടുകള്‍ ചിട്ടപ്പെടുത്താനും കഴിഞ്ഞേക്കാം. (അതുതന്നെ മോഷണമാണെന്ന് ഗന്ധര്‍വന്‍ തുറന്നുപറഞ്ഞത് മറന്നുകൂടാ)

തബലിസ്റ്റിനുമുണ്ടോ ബൗദ്ധികസ്വത്തവകാശം...?

പാട്ടെഴുതുന്നവനും സംഗീതസംവിധായകനും സംവിധായകന്റെ ഇഷ്ടത്തിനനുസരിച്ച് എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്ന പാട്ട് പാടുക എന്ന ജോലിയാണ് ഗായകന്റേത്. പതിനാറോളം ട്രാക്കുകളില്‍ റെക്കോര്‍ഡ് ചെയ്യുന്ന ഒരു പാട്ടില്‍ ഒരു ട്രാക്ക് മാത്രമാണത്രേ ഗായകന്റേത്. ട്രാക്ക് പാടുന്നയാളിന്റെ സംഭാവന വേറെ.

തബലയും മൃദംഗവും കീബോര്‍ഡും അങ്ങനെ എണ്ണമറ്റ സംഗീത ഉപകരണങ്ങള്‍ വേണ്ടി വരും ഒരു സിനിമാ പാട്ടിന്. നൂറുകണക്കിന് പേരാണ് അത് പ്രവര്‍ത്തിപ്പിക്കുന്നത്. ഇക്കണക്കിന് ആലോചിച്ചാല്‍ തബല കൊട്ടുന്നവനും ഹാര്‍മോണിയം വായിക്കുന്നവനും കൊടുക്കേണ്ടേ പകര്‍പ്പവകാശം?

കെട്ടിടനിര്‍മ്മാണം പോലെയാണ് സിനിമയിലെ ഗാനനിര്‍മ്മാണവും. ഉടമയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ആര്‍ക്കിടെക്ട് രൂപം നല്‍കുന്ന പ്ലാന്‍ അണുവിടാതെ തെറ്റിക്കുന്ന മേശന്റെ റോള്‍ മാത്രമാണ് ഇവിടെ ഗായകനുളളത്.

ഗാനരചിയാതവ് എഴുതിയ വരികളെ സംഗീതസംവിധായകന്‍ ചിട്ടപ്പെടുത്തിയ നോട്ടനുസരിച്ച് പാടണം. നല്ല ശബ്ദവും പ്രൊഫഷണല്‍ മികവും വേണ ഗായകന്. മേശന് തൊഴില്‍ പരിചയവും വൈദഗ്ധ്യവും എന്ന പോലെ. മേശനും സിനിമാപാട്ടു പാടുന്നയാള്‍ക്കും എന്ത് ഇന്റലക്വചല്‍ റൈറ്റ്?

ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ പാടുന്ന ടീനേജുകാരന്‍ തൊട്ട് സാക്ഷാല്‍ ഗാനഗന്ധര്‍വന്‍ വരെ സിനിമാ സംഗീതത്തില്‍ മേശനപ്പുറം ഒന്നുമല്ല. എന്നാല്‍ അപാരമായ സംഗീത സപര്യയാല്‍ മേളകര്‍ത്താ രാഗങ്ങളെ വഴക്കിയെടുത്ത് സ്വന്തം കീര്‍ത്തനമോ മറ്റോ ചിട്ടപ്പെടുത്തിയാല്‍ കളിമാറും. അത്രയുമൊന്നും നമ്മുടെ ഗന്ധര്‍വന്‍ വളര്‍ന്നിട്ടില്ലല്ലോ. ചുരുങ്ങിയ പക്ഷം ഇന്നലെ വരെയെങ്കിലും.

കാലം മാറി മിസ്റ്റര്‍ ഗന്ധര്‍വന്‍...

സിനിമയില്‍ പാടാന്‍ യേശുദാസ് മാത്രമുണ്ടായിരുന്ന, അല്ലെങ്കില്‍ മറ്റുളളവരെ പാരവച്ചും കുത്തിത്തിരിച്ചും അദ്ദേഹം പുറത്താക്കിയിരുന്ന കാലത്ത് ഗന്ധര്‍വന് ചില നിര്‍ബന്ധങ്ങളുണ്ടായിരുന്നു. ചോദിക്കുന്ന പ്രതിഫലത്തിനു പുറമെ തരംഗിണിക്ക് ആഡിയോ റൈറ്റും നല്‍കിയാലേ ഗന്ധര്‍വ ശബ്ദം തൊണ്ട വിട്ട് പുറത്തുവരുമായിരുന്നുളളൂ.

ആര് പാടണം, ആര് പാടേണ്ട, ആര് സംഗീതസംവിധാനം നിര്‍വഹിക്കണം എന്നൊക്കെ ദാസേട്ടന്‍ തീരുമാനിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളത്തില്‍. ജയചന്ദ്രനെയും ഉണ്ണിമേനോനെയും ഒതുക്കാനും പുകച്ചു പുറത്തുചാടിക്കാനും ദാസേട്ടന്‍ നടത്തിയ കളികള്‍ വേഗം എഴുതിയോ പറഞ്ഞോ തീര്‍ക്കാവുന്നതല്ല.

സ്വന്തം കാലം അവസാനിച്ചെന്ന് പതിയെ തിരിച്ചറിയുന്ന യേശുദാസ് അടുത്ത കച്ചവടത്തിനുളള സാധ്യതകള്‍ ആരായുകയാണ്. വിജയ് യേശുദാസിനെ ജൂനിയര്‍ ഗന്ധര്‍വനാക്കാനുളള ശ്രമം വിജയിച്ച മട്ടുകാണുന്നില്ല. മലയാളത്തിലെ സംഗീതസംവിധായകര്‍ ബോധപൂര്‍വം യേശുദാസ് യുഗം അവസാനിപ്പിക്കാനുളള രഹസ്യതീരുമാനത്തിലാണെന്നു തോന്നുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X