കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരക്കേടോ....ഗന്ധര്‍വന്റെ ഗതികേടോ....?

  • By Super
Google Oneindia Malayalam News

പഴയ വിവാദത്തെക്കുറിച്ച്...

പണ്ട് ഈ വിവാദം ആരംഭിച്ച കാലത്ത് യേശുദാസിന്റെ മൂത്തമകന്‍ വിനോദ് യേശുദാസ് ഒരു പത്രസമ്മേളനം നടത്തി നാലു കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.

1. തരംഗിണിയുടെ ഉടമസ്ഥതയിലുള്ള ചലച്ചിത്രഗാനത്തിന്റെ പകര്‍പ്പാവകാശം.

2. തരംഗിണി പുറത്തിറക്കിയ സ്വതന്ത്രസംഗീത ആല്‍ബങ്ങളുടെ പകര്‍പ്പാവകാശം.

3. തരംഗിണി പുറത്തിറക്കിയ യേശുദാസിന്റെ ഭക്തിഗാനങ്ങളുടെ പകര്‍പ്പാവകാശം.

4. ഗായകന്‍ എന്ന നിലയ്ക്ക് യേശുദാസിന്റെ കലാപരിപാടികളിന്മേലുള്ള അവകാശം.

തരംഗിണി പുറത്തിറക്കിയ കസെറ്റുകളിലെ പാട്ടുകള്‍ക്ക് ബൗദ്ധികസ്വത്തവകാശത്തിന്റെ സംരക്ഷണം തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ ആ പാട്ടുകള്‍ പാടുന്നവരെ നിയമക്കുരുക്കില്‍ പെടുത്താന്‍ യേശുദാസും മക്കളും വെളിപ്പെടുന്നത് സംഗീതത്തെ കാളച്ചന്തയില്‍ കൊണ്ടു കെട്ടി വിലപേശുന്ന വണിക്കുകളുടെ ദുഷ്ടബുദ്ധിയാണ്.

മരിച്ച് നൂറ്റാണ്ടുകള്‍ കഴിഞ്ഞതു കൊണ്ട് മുത്തുസ്വാമി ദീക്ഷിതര്‍ക്കും ത്യാഗരാജസ്വാമികള്‍ക്കും നിയമപരമായി കോപ്പിറൈറ്റൊന്നും ഇല്ല. ജീവിച്ചിരുന്നെങ്കില്‍ യേശുദാസ് ഇവര്‍ക്ക് റോയല്‍റ്റി നല്‍കുമായിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹത്തെ അറിയുന്നവരാരും അനുകൂലമായി ഉത്തരം പറയില്ല.

മുഹമ്മദ് റഫിയുടെ പാട്ടുകള്‍ പാടിയാണ് യേശുദാസ് വളര്‍ന്നത്. ആര്‍ക്കെങ്കിലും ചില്ലിക്കാശ് യേശുദാസ് ഇന്നുവരെ നല്‍കിയിട്ടുണ്ടോ? എന്തും ചെയ്യാന്‍ സൗകര്യമുളള ഒരു കാലത്തിന്റെ ആനുകൂല്യങ്ങള്‍ മുഴുവന്‍ അനുഭവിച്ച് ഗന്ധര്‍വപ്പട്ടം നേടിയ ആള്‍ ആരുടെ കഞ്ഞിയില്‍ പാറ്റയിടാനാണ് മക്കളെ വച്ച് ഈ വൃത്തികെട്ട കളികള്‍ക്ക് മുതിരുന്നത്?

ഗാനശില്‍പികളും യേശുദാസും...

ഭാഷയുളള കാലത്തോളം മലയാളിയുടെ ചുണ്ടില്‍ നിന്നും മായാതെ നില്‍ക്കുന്ന ഒട്ടെറെ ഗാനങ്ങള്‍ക്ക് ജന്മം നല്‍കി വയലാര്‍. ഒരു കാലഘട്ടത്തിന്റെ കുളിരും ചൂടും ആത്മാവുമായിരുന്നു വയലാര്‍ - ദേവരാജന്‍ ടീം. ആ വയലാറിന്റെ മൃതദേഹത്തോടു പോലും അനാദരവ് കാണിച്ചു, അദ്ദേഹത്തിന്റെ എണ്ണമറ്റ പാട്ടുകള്‍ പാടി ആളായ യേശുദാസ്.

വയലാറിന്റെ സഹധര്‍മ്മിണി ഭാരതിത്തമ്പുരാട്ടി എഴുതിയ ഇന്ദ്രധനുസിന്റെ തീരത്ത് എന്ന പുസ്തകത്തിലുണ്ട് ഗന്ധര്‍വന്റെ തനിസ്വരൂപം. വയലാര്‍ ട്രസ്റ്റിന് സഹായം ചോദിക്കാന്‍ ചെന്ന തങ്ങളെ ആട്ടിയിറക്കിയ ദാസേട്ടനെക്കുറിച്ച് ക്ഷോഭത്തോടെ ആത്മകഥയിലെഴുതിയിട്ടുണ്ട് പ്രശസ്ത സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍.

ദേവരാജന്‍ മാസ്റ്ററുമായും നല്ല ബന്ധത്തിലായിരുന്നില്ല ഗന്ധര്‍വന്‍. വയലാറിന്റെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ യേശുദാസിനെ ക്ഷണിക്കേണ്ടെന്നായിരുന്നു സംഘാടക സമിതിയുടെ തീരുമാനം.

ഭൂമിയിലേയ്ക്കിറങ്ങി സംഘാടകരുടെ കാലുപിടിക്കേണ്ടി വന്നു സുരഗായകന് ആ ചടങ്ങില്‍ പങ്കെടുക്കാന്‍. യേശുദാസിന്റെ സാന്നിദ്ധ്യമില്ലാതെ ദേവരാജന്‍ വയലാര്‍ പ്രതിമ അനാഛാദനം ചെയ്തതിന്റെ കാരണമെന്തെന്ന് മലയാളി അന്വേഷിക്കും എന്ന് ബുദ്ധിമാനായ യേശുദാസിന് നിശ്ചയമുണ്ട്.

ശ്രീകുമാരന്‍ തമ്പി പണ്ടേ പറഞ്ഞ സത്യം...

തൂവെളള വസ്ത്രത്തില്‍ യേശുദാസ് മറച്ചു വച്ചിരിക്കുന്ന ധനമോഹവും ആര്‍ത്തിയും അടുത്ത സുഹൃത്തായ ശ്രീകുമാരന്‍ തമ്പി പച്ചയ്ക്കു തുറന്നടിച്ചിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശ നിയമം കര്‍ക്കശമാകുന്നതോടെ താന്‍ പാടിയ പാട്ടുകള്‍ ഗാനമേളകളില്‍ ആവര്‍ത്തിക്കുമ്പോള്‍ വിനോദ് യേശുദാസിന്റെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ പെരുകുമെന്ന് ദാസേട്ടന്‍ വ്യാമോഹിക്കുന്നെങ്കില്‍ അതു വെറുതെയാണ്.

ഐപിആര്‍എസ് (ഇന്ത്യന്‍ പെര്‍ഫോര്‍മിംഗ് ആര്‍ട്ടിസ്റ്റ്സ് സൊസൈറ്റി)യില്‍ അംഗത്വമുളളവര്‍ക്കാണ് പാട്ടിന്റെ ബൗദ്ധികസ്വത്തവകാശമുളളത്. ഗാനരചയിതാവും സംഗീതസംവിധായകനും നിര്‍മ്മാതാവിനും മാത്രമേ അതില്‍ അംഗത്വമുളളൂ. പാടിക്കഴിഞ്ഞ് പ്രതിഫലവും വാങ്ങി പോവുന്ന ഗായകന് പിന്നീട് ആ പാട്ടിലുളള അവകാശം വട്ടപ്പൂജ്യമാണ്.

കോപ്പി റൈറ്റ് നിയമപ്രകാരവും ഗായകന് പാട്ടിന്മേല്‍ അവകാശമൊന്നുമില്ല. ഉണ്ണിമേനോന്‍ പാടുന്ന പാട്ടുകളുടെ ലിസ്റ്റ് വിനോദ് യേശുദാസ് ആവശ്യപ്പെട്ടതു മുതലാണല്ലോ വിവാദങ്ങള്‍ തുടങ്ങിയത്. നിയമം അനുസരിക്കാത്ത ഉണ്ണിമേനോന്മാര്‍ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി സ്നേഹഗായകന്റെ മൂത്ത സന്തതി.

പുറത്ത് തൂവെണ്മ, അകത്തോ...?

അരോചകമാം വിധം മനുഷ്യസ്നേഹത്തെക്കുറിച്ച് വാചാലനാകുന്ന യേശുദാസിന്റെ ഉജാല വെണ്മ പതിയെ അപ്രത്യക്ഷമാകുകയാണ്. ഉളളിലെ കറുപ്പു പുറത്തുവരുന്ന നാളുകളാണ് ഇനിയുള്ളത്. ദിനം പ്രതി പെരുകുന്ന പാട്ടുപരിപാടികളില്‍ നിന്നും, ആദ്യം പാടിയതിന്റെ മൂപ്പു പറഞ്ഞ് വരുമാനമുണ്ടാക്കാനാകുമോ എന്ന് മകന്റെ കമ്പനിക്കു വേണ്ടി അച്ഛന്‍ ആലോചിച്ചു നോക്കുകയാണ്.

സ്വന്തം ഗാനമേളകളിലോ കച്ചേരികളിലോ പോലും താന്‍ പാടിയ, തരംഗിണിയുടേതല്ലാത്ത പാട്ടുകള്‍ പാടാന്‍ യേശുദാസിന് അവകാശമുണ്ടോ? സംഘാടകര്‍ക്ക് തരംഗിണിയുടേതല്ലാതെ താന്‍ പാടുന്ന പാട്ടുകളുടെ ലിസ്റ്റ് അദ്ദേഹം മുന്‍കൂര്‍ നല്‍കാറുണ്ടോ? പാട്ടുകളുടെ എണ്ണം തിട്ടപ്പെടുത്തി ഐപിആര്‍എസില്‍ ഫീസടച്ചതിന്റെ രസീത് കാണിച്ചാലേ പാടൂ എന്ന് നിര്‍ബന്ധം പിടിക്കാറുണ്ടോ? അതോ ഗന്ധര്‍വന് ഭൂമിയിലെ നിയമങ്ങളൊന്നും ബാധകമല്ലെന്നുണ്ടോ?

പിന്നെയെന്തിന്റെ ബലത്തിലാണ് നിഷ്ഠയുടെയും നിയമത്തിന്റെയും പേരുപറഞ്ഞ് അദ്ദേഹം മറ്റുളളവരെ ഭീഷണിപ്പെടുത്തുന്നത്?

വിരട്ടലൊക്കെ കയ്യിലിരിക്കട്ടെ....

ഈ വിവാദം അവസാനിപ്പിക്കുന്നതാണ് ഗന്ധര്‍വാ താങ്കള്‍ക്കു നല്ലത്. വെണ്മയുടെ ഉളള് കാണാന്‍ പുതിയ തലമുറയെ നിര്‍ബന്ധിക്കാതിരിക്കുക. മലയാളി സ്നേഹപൂര്‍വം കല്‍പിച്ചു തന്ന ഒരു സ്ഥാനമുണ്ട് താങ്കള്‍ക്ക്. അവന്റെ ആദരവിന് വിലപേശാതിരിക്കുക.

ബൗദ്ധിക സ്വത്തവകാശത്തിന്റെ പേരില്‍ എത്ര തൊണ്ടകീറിയാലും തരംഗിണിയുടെ പാട്ടുകള്‍ മാത്രമാണ് നിലവില്‍ യേശുദാസിന് അവകാശപ്പെട്ടത് എന്ന സത്യം, അതിന്റെ എല്ലാ കയ്പോടെയും വിഴുങ്ങാന്‍ മുട്ടിനു മുട്ടിന് ഉദ്ധരിച്ചു ശല്യപ്പെടുത്തുന്ന ജഗദീശ്വരന്‍ അദ്ദേഹത്തിന് കരുത്തു നല്‍കട്ടെ.

തരംഗിണിയുടെ അവകാശത്തിന്റെ പിന്‍ബലത്തില്‍ പാട്ടുകാരോട് കല്‍പിക്കാനൊന്നും അദ്ദേഹത്തിന് അധികാരമില്ല. നിയമപ്രകാരം ഗാനമേള നടക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥനോ പരിപാടിയുടെ സ്പോണ്‍സറോ പാട്ടൊന്നിന് നിശ്ചിത തുക നല്‍കി ഐപിആര്‍എസില്‍ നിന്നും അനുമതി വാങ്ങുകയേ വേണ്ടൂ.

അല്ലാതെ ബൗദ്ധികാവകാശത്തിന്റെയും കോപ്പി റൈറ്റിന്റെയും പേരില്‍ സ്റ്റേജുകള്‍ തോറും കയറിയിറങ്ങി ഗുണ്ടാപ്പിരിവ് നടത്താനൊന്നും ഒരു ഗന്ധര്‍വപുത്രനെയും ഒരു നിയമവും അനുവദിക്കുന്നില്ല. വിരട്ടലൊക്കെ കയ്യിലിരിക്കുകയേ ഉളളൂവെന്ന് സാരം.

സ്നേഹത്തെക്കുറിച്ച് വാചാലനാകുന്ന ലാഘവത്തോടെ യേശുദാസ് നിയമ വ്യാഖ്യാനവും തുടങ്ങിയെങ്കില്‍ കഷ്ടമെന്നേ പറയാനുളളൂ. അറിയാവുന്ന ആകെയുളള പണി പാട്ടു പാടലാണ്. പ്രായാധിക്യം കാരണം അതുതന്നെ ഒരു വഴിക്കാണ്. അപ്പോഴാണ് നിയമവ്യാഖ്യാനത്തിന്റെ രോഗവും. ഗന്ധര്‍വന്റെ ഒരു ഗതികേടേ.... സഹതപിക്കുക. അല്ലാതെന്തു ചെയ്യാന്‍.....

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X