കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചങ്ങമ്പുഴ... ഉരുകുന്ന അസ്ഥിയില്‍നിന്ന് ഉരുവം പൂണ്ട കവി

Google Oneindia Malayalam News

മലയാള സാഹിത്യത്തില്‍ നിത്യഹരിതമായി നില്‍ക്കുന്ന കവികളില്‍ ഒരാളാണ് ചങ്ങമ്പുഴ എന്ന് ഈ കഴിഞ്ഞവര്‍ഷത്തെ ഹിറ്റ് ചിത്രമായ 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചലച്ചിത്രത്തിലെ ശാരദാംബരം എന്ന ഗാനത്തിലൂടെ ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടു. മലയാള സാഹിത്യാസ്വാദകരുടെയും സാധാരണജനങ്ങളുടെയും നാവില്‍ ജീവിതാനന്ദങ്ങളുടെയും പ്രണയചിന്തകളുടെയും തേന്‍തുള്ളികളായി തുള്ളിക്കളിക്കുന്ന ചങ്ങമ്പുഴ എന്ന കവിയുടെ വരികള്‍ കടുത്ത ദുരിതംനിറഞ്ഞ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടവയായിരുന്നു എന്ന് ഒരുപക്ഷെ ഇന്നത്തെ തലമുറയ്ക്ക് അറിയാനിടയില്ല.

Changampuzha

ജീവിതപ്രാരാബ്ധങ്ങളും രോഗാതുരമായ ശരീരവും അദ്ദേഹത്തെ നിരന്തരം വേട്ടയാടിയിരുന്നു. പ്രതികകൂലമായ സാഹചര്യങ്ങളിലും ധൈര്യം കൈവിടാതെ പോരടിച്ചുനിന്ന അദ്ദേഹത്തിന്റെ ജീവിതത്തെയും സര്‍ഗ്ഗസൃഷ്ടികളെയും സമന്വയിപ്പി്ച്ച് യശഃശരീരനായ എസ് ഗുപ്തന്‍ നായര്‍ രചിച്ച 'അസ്ഥിയുടെ പൂക്കള്‍' എന്ന കൃതി ചങ്ങമ്പുഴക്കവിതകളെയും കവിയെയും സമഗ്രമായി പരിചയപ്പെടുത്തിത്തരുന്ന ഒരു പുസ്തകമാണ്. ഗ്രന്ഥകാരന്റെ സുഹൃത്തും സതീര്‍ത്ഥ്യനുമായിരുന്നു കവി എന്നത് പുസ്തകത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

നാരായണമേനോന്‍-പാറുക്കുട്ടിയമ്മ ദമ്പതികളുടെ മൂത്തമകനായി 1911-ല്‍ ജനിച്ച കൃഷ്ണന്‍ മിഡില്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ തന്റെ കവിതാ വാസനകള്‍ പ്രതിഫലിപ്പിച്ചു തുടങ്ങിയിരുന്നു. പത്താമത്തെ വയസ്സില്‍ അച്ഛന്റെ മരണത്തോടെ 'തന്നെ തളച്ചു നിര്‍ത്തിയിരുന്ന ചങ്ങലയില്‍ നിന്നു വിമുക്തി' നേടി ജീവിതത്തില്‍ അത്മനിയന്ത്രണമില്ലാത്തവനായി. പില്‍ക്കാലജീവിതം മുഴുവന്‍ ഇതു വേട്ടയാടുകയും ചെയ്തു. അതേപോലെ തനിക്കു വിധിച്ചിരിക്കുന്നത് അല്പായുസ്സാണെന്ന തിരിച്ചറിവും അദ്ദേഹത്തിനുണ്ടായിരുന്നു.

സാമ്പത്തിക പ്രാരാബ്ധങ്ങള്‍, കുടുംബത്തിലെ അസ്വസ്ഥതകള്‍, ആരാധികായാല്‍ വശീകരിക്കപ്പെട്ട, നിത്യചപലമായ കാമുകഹൃദയം, ജോലി സ്ഥലത്തെ അസ്വാരസ്യങ്ങള്‍, സമൂഹത്തില്‍ പരന്നുകൊണ്ടിരിക്കുന്ന ദുഷ്‌കീര്‍ത്തി എന്നിങ്ങനെ നിത്യവും പ്രശ്‌നകലുഷിതമായിരുന്നു ആ ജീവിതം. ഇതിനൊക്കെ താല്‍ക്കാലിക വിരാമമിട്ടുകൊണ്ടാണ് 1945-ല്‍ മംഗളോദയം പത്രാധിപസമിതിയില്‍ ചേരുന്നത്. അതോടെ തൃശ്ശൂരിലേക്ക് താമസവും മാറ്റി. എന്നാല്‍ കേവലം ഒരു വര്‍ഷം മാത്രമെ അവിടെ അദ്ദേഹത്തിനു തുടരാനായുള്ളു. അതിനിടയില്‍ ക്ഷയരോഗബാധിതനായി തിരികെ ഇടപ്പള്ളിയിലേക്ക് വന്നു.
ഒടുവില്‍ 'മരണമേ നിന്‍സമാഗമനോത്സവ
മഹിതരംഗവും കാത്തുകാത്തക്ഷമം
മരുവിയിട്ടെത്രനാളുകളായി ഞാന്‍
മമ വിജനമനോഹരമേടയില്‍? എന്നു ചോദിച്ച കവി 1948-ല്‍ മരണത്തിനു കീഴടങ്ങി.

'അസ്ഥിയുടെ പൂക്കള്‍; ചങ്ങമ്പുഴ കവിയും കവിതയും' എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പാണ് ഇപ്പോള്‍ വില്പനയിലുള്ളത്. ചങ്ങമ്പുഴയെ നേരിട്ടറിയാമായിരുന്ന ഡോ എസ് ഗുപ്തന്‍ നായര്‍ അദ്ദേഹത്തിന്റെ ജീവിതകഥയ്‌ക്കൊപ്പം തന്റെ സാഹിത്യവിശകലന ബുദ്ധിയോടെ ചങ്ങമ്പുഴ രചനകളെയും ഈ പുസ്തകത്തില്‍ നിരൂപണ വിധേയമാക്കുന്നു. ചങ്ങമ്പുഴക്കവിതയും കവിയും തമ്മിലുള്ള ബന്ധത്തെ സത്യസന്ധമായി വരച്ചുകാട്ടാനും അദ്ദേഹത്തിനു സാധിച്ചിരിക്കുന്നു. മാത്രമല്ല, ചങ്ങമ്പുഴ പലപ്പോഴായി സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഒക്കെ അയച്ചിരിക്കുന്ന കത്തുകളും സമാഹരിച്ച് യഥോചിതം ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇത് പല സംഭവങ്ങളെയും വസ്തുതകളെയും അടുത്തുനിന്നു നോക്കിക്കാണുന്ന അനുഭവം വായനക്കാര്‍ക്ക് നല്‍കുന്നു. പല സംഭവങ്ങളും കവിയുടെ തന്നെ വാക്കുകളില്‍ അറിയാനും ...

ചങ്ങമ്പുഴക്കവിതകളിലെ തീക്ഷ്ണഭാവമായ പ്രണയത്തെപ്പറ്റി, പരക്കെ നിഴലിക്കുന്ന വിഷാദത്തെപ്പറ്റി, പലവുരു പറയുന്ന മരണത്തെപ്പറ്റി, ഇടപ്പള്ളി രാഘവന്‍പിള്ളയുള്‍പ്പടെ പലരുമായും കവിയ്ക്കുണ്ടായിരുന്ന സൗഹൃദങ്ങള്‍ ഒക്കെ ഗുപ്തന്‍ നായര്‍ തന്റെ അനുഭവവീക്ഷണങ്ങള്‍ പങ്കുവെയ്ക്കുന്നു.

'നീ വന്നു ഞങ്ങളെപ്പുല്‍കൂ നിരുപമേ,
നീറാതെ വേഗം മരിക്കട്ടെ ഞങ്ങളും' എന്നു പാടിക്കൊണ്ട് മരണത്തെ സധൈര്യം നേരിട്ട ജനകീയനായ കവിയായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള. അതേപോലെ അദ്ദേഹം ജീവിതത്തിന്റെ ആനന്ദതുന്ദിലങ്ങളായ നിമിഷങ്ങളെ ആഹ്ലാദത്തോടെ സ്വീകരിക്കുകയും ചെയ്തിരുന്നു. ജീവിതത്തീയില്‍ ഉരുകുന്ന അസ്ഥിയില്‍നിന്നും ഉരുവംപൂണ്ട ചങ്ങമ്പുഴക്കവിതകളെയും കവിയെത്തന്നെയും അടുത്തറിയാനും മനസ്സിലാക്കാനും സഹായിക്കുന്ന അസ്ഥിയുടെ പൂക്കള്‍:ചങ്ങമ്പുഴ കവിയും കവിതയും എന്ന സവിശേഷകൃതി ദീര്‍ഘദര്‍ശനത്തോടെ തയ്യാറാക്കിയ ഗുപ്തന്‍ നായര്‍ സാറിനും പ്രണാമം.

കൃതി - അസ്ഥിയുടെ പൂക്കള്‍ ചങ്ങമ്പുഴ : കവിയും കവിതയും
ഗ്രന്ഥകാരന്‍ - എസ്. ഗുപ്തന്‍ നായര്‍
വിഭാഗം - പഠനം, ജീവചരിത്രം
ISBN - 978-81-240-2036-4
പേജ് - 176
വില - 140
പ്രസാധകര്‍ - കറന്റ് ബുക്‌സ് കോട്ടയം

English summary
Bokk review: Asthiyude Pookkal Changampuzha- Kaviyum Kavithayum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X