കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ ചില്ലയില്‍ നിന്ന്'... ഹൃദയത്തില്‍ തൊടുന്ന കുറിപ്പുകള്‍

  • By Desk
Google Oneindia Malayalam News

കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ ലേഖനസമാഹാരം ഈ ചില്ലയില്‍നിന്ന് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. കവിതയ്ക്ക് അക്കാദമി അവാര്‍ഡും നാലുതവണ ഗാനരചനയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുള്ള റഫീക്ക് അഹമ്മദിന്റെ ഓര്‍മ്മയും അനുഭവങ്ങളും സ്വപ്നങ്ങളും സങ്കല്പങ്ങളുമിടകലര്‍ന്ന പുസ്തകം എന്ന നിലയില്‍ ഈ കൃതി അന്യാദൃശമാണ്. കവിത്വംതുളുമ്പുന്ന ഭാഷയിലെഴുതപ്പെട്ട ഇരുപത്തഞ്ചോളം കുറിപ്പുകളാണ് ഇതിന്റെ ഉള്ളടക്കം.

ഈ ചില്ലയില്‍നിന്ന് എന്ന പുസ്തകത്തിലെ ഒരദ്ധ്യായമാണ് താഴെ-

Ee chillayil Ninnu

വര്‍ഷങ്ങള്‍ക്കുശേഷമാണ് മണിയെ കാണുന്നത്. എന്റെ കൈ പിടിച്ച് തലോടിയിട്ട് അയാള്‍ പറഞ്ഞു. റഫീക്കേ എത്ര കാലായി കണ്ടിട്ട്! ഞാന്‍ അമ്പരന്നു. മണി ജന്മനാ അന്ധനാണല്ലോ. കാണാത്ത മണിക്ക് ഈ സമാഗമത്തെ വിവരിക്കാന്‍ ശ്രേഷ്ഠഭാഷ അത്രയൊന്നും സഹായകമല്ല എന്നു വിചാരിച്ചെങ്കിലും കാണുക എന്ന വാക്കിന്റെ കാണാത്ത അര്‍ത്ഥതലങ്ങളിലേക്ക് വീണുപോയി ഞാന്‍. ബസ്സോ കാറോ ഇടിച്ച് റോഡില്‍ കിടക്കുന്നവന്റെ മുന്നിലൂടെ നിസ്സംഗരായി നമ്മള്‍ കടന്നു പോകുമ്പോള്‍, നമ്മളില്‍ കുറഞ്ഞവരെന്നു നാം വിചാരിക്കുന്നവര്‍ മുന്നില്‍ വന്നുപെടുമ്പോള്‍, അങ്ങനെ എത്രയെത്ര സന്ദര്‍ഭങ്ങളില്‍ കണ്ണുകള്‍ വെറും നോക്കുപകരണങ്ങള്‍ മാത്രമായി മാറുന്നു. സരമാഗോയുടെ 'ബ്ലൈന്‍ഡ്‌നസ്സ്' വായിച്ചപ്പോളാണ് മനസ്സിലായത് അന്ധര്‍ വെറും ഇരുട്ടല്ല കാണുന്നതെന്ന്.

എന്റെ പിതാവ് തൊണ്ണൂറ്റിമൂന്നു വയസ്സുവരെ ജീവിച്ചയാളാണ്. അവസാനംവരെയും കാര്യമായ ശാരീരികപ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഒടുവിലൊടുവില്‍ കാഴ്ച പതുക്കെ നഷ്ടപ്പെട്ട് പൂര്‍ണ്ണമായ ആന്ധ്യത്തിലായി. ധാരാളം വായിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടുകഴിഞ്ഞു എന്ന് ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞിരുന്നെങ്കിലും അതു തിരിച്ചു കിട്ടും എന്ന പ്രതീക്ഷയില്‍
തന്നെയായിരുന്നു അദ്ദേഹം. ഒരു രാത്രി, കൈപിടിച്ച് കിടക്കമുറിയില്‍ ആക്കിയ ശേഷം ഞാന്‍ എന്റെ മുറിയിലിരുന്നു വായിക്കുകയാണ്. രാത്രി കുറെ ചെന്നിരിക്കുന്നു. ഉറക്കം എന്നെ കീഴ്‌പ്പെടുത്താന്‍ തുടങ്ങുന്ന നേരം. അപ്പോഴുണ്ട് അദ്ദേഹം എന്നെ വിളിക്കുന്നു. അദ്ദേഹം എഴുന്നേറ്റ് പുറത്തേക്കിറങ്ങിയിരിക്കുകയാണ്.

'മോനേ, എനിക്കു കാഴ്ച തിരിച്ചു കിട്ടി... എനിക്കിപ്പോള്‍ എല്ലാം കാണാം...' എന്താണ്
പറയേണ്ടത് എന്നറിയാതെ ഞാന്‍ നിന്നു. അല്‍പ്പസമയം കഴിഞ്ഞ് വീണ്ടും പറഞ്ഞു. 'ഇല്ലാ, ഇല്ലാ എനിക്കു തോന്നിയതാണ്... ഒന്നും കാണുന്നില്ല... ഒന്നും.' ഒരിക്കലും കണ്ണടയ്ക്കാത്ത ഒരോര്‍മ്മയാണത്.

പക്ഷേ, ഒരു കാര്യം ഉറപ്പാണ്. കാഴ്ച, കേള്‍വി തുടങ്ങി പലതിനും പരാധീനതയുള്ള ആളുകള്‍ എല്ലാ ഇന്ദ്രിയങ്ങളുമുള്ള മഹാഭാഗ്യവാന്മാരേക്കാളും സന്തോഷവാന്മാരും സന്തോഷവതികളുമാണ്. എല്ലാമുണ്ടായിട്ടും കുരങ്ങന്‍ ചത്ത കുറവനെപ്പോലെ തൂങ്ങിയിരിക്കുന്നവര്‍ മറ്റുള്ളവരിലേക്കുകൂടി കണ്ണയയ്ക്കാനും തന്റെ അവസ്ഥയെക്കുറിച്ച് ആശ്വാസംകൊള്ളാനുമുള്ള കാഴ്ചശക്തി ഇല്ലാത്തവരാണ്.

യുവ സുഹൃത്ത് സംഗീതസംവിധായകന്‍ അഫ്‌സല്‍ യൂസഫുമായി ചില പടങ്ങള്‍ക്ക് വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട് ഞാന്‍. ഏറ്റവും ഒടുവില്‍ ലാല്‍ജോസിന്റെ ഇമ്മാനുവേല്‍ എന്ന പടത്തിലെ 'എന്നോടുകൂടി ഇരിക്കുന്ന ദൈവമേ...' എന്ന ഗാനമാണ് ഞങ്ങള്‍ ചെയ്തത്. അതിലെ 'നീയല്ലോ രാവിന്റെ കണ്‍പോളയില്‍തൊട്ട് സ്‌നേഹപ്രകാശം വിടര്‍ത്തുന്നു' എന്ന വരികള്‍ അദ്ദേഹത്തെ ഓര്‍ത്ത് എഴുതിയതാണ്. അഫ്‌സലിന് കാഴ്ചയുടെ പ്രശ്‌നമുണ്ട്. പക്ഷേ, എല്ലാ സിനിമകളും കാണുകയും കൃത്യമായി വിലയിരുത്തുകയും ചെയ്യും. ഇമ്മാനുവേലിന്റെ പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചതും അഫ്‌സലായിരുന്നു. അഫ്‌സലിന്റെ ഉന്മേഷവും പ്രശാന്തതയും എന്നെ അത്ഭുതപ്പെടുത്താറുണ്ട്.

അതുപോലെ വൈക്കം വിജയലക്ഷ്മി. അവരാണ് ഞാനെഴുതിയ 'കാറ്റേ...കാറ്റേ' എന്ന സെല്ലുലോയ്ഡിലെ പാട്ട് പാടിയിട്ടുള്ളത്. ഹൃദയത്തിനുള്ളില്‍നിന്നു വരുന്ന ആത്മഹര്‍ഷം തുളുമ്പുന്ന ഒരുതരം പുഞ്ചിരി അവരെപ്പോലെ അധികം പേരില്‍ ഞാന്‍ കണ്ടിട്ടില്ല.

മണി കോളജില്‍ എന്റെ സഹപാഠിയായിരുന്നു. അയാള്‍ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഞാന്‍ ഹോസ്റ്റലില്‍ അല്ലായിരുന്നെങ്കിലും ഇടയ്ക്ക് അവിടെ പോവും. കൂട്ടുകാരോടൊപ്പം ചിലപ്പോള്‍ ചില രാത്രികള്‍ അവിടെ തങ്ങും. അപ്പോഴെല്ലാം മണിയും ഞങ്ങളോടൊപ്പം കൂടും. ഹോസ്റ്റലിലെ സായാഹ്നങ്ങളില്‍ ഞങ്ങളുടെ കൂട്ടായ്മകളില്‍ പലതരം സംഭാഷണങ്ങള്‍ കടന്നുവരും. സ്വാഭാവികമായും പെണ്‍കുട്ടികള്‍, പ്രണയം, കാമം അങ്ങനെയുള്ള വിഷയങ്ങളും. മണിക്ക് അതൊക്കെ കേള്‍ക്കാന്‍ അല്‍പ്പം ആവേശം കൂടുതലാണ്. ഞങ്ങള്‍ക്കത് അന്നൊരു തമാശയായിരുന്നു. ഇന്ന് ഓര്‍ക്കുമ്പോള്‍ വേദന തോന്നുന്നു.

ഒരു സന്ധ്യയ്ക്ക് കണ്ടാണശ്ശേരി കുന്നിനപ്പുറത്തേക്ക് അസ്തമിച്ചിറങ്ങുന്ന പകലിന്റെ വിഹ്വലവര്‍ണ്ണങ്ങളിലേക്കു നോക്കിയിരിക്കെ ആരോ പറഞ്ഞു. എന്തൊരു ഭംഗിയാണ്...! 'ഉവ്വോ നല്ല ഭംഗിയുണ്ടല്ലേ' എന്ന് മണി ചോദിച്ചു. പെട്ടെന്ന് സായന്തനത്തിന്റെ ദുസ്സഹമായ ഒരു മൂകത ഞങ്ങള്‍ക്കിടയില്‍ തളംകെട്ടി.
അന്നുരാത്രി ഞാന്‍ ഹോസ്റ്റലില്‍തന്നെ തങ്ങി. രാവേറെ ചെന്നിരിക്കണം. മൂത്രശങ്ക തീര്‍ക്കാനായി ഞാന്‍ മുറിക്കു പുറത്തിറങ്ങി. നീണ്ട ഇടനാഴിയുടെ അങ്ങേത്തലയ്ക്കലാണ് മൂത്രപ്പുര. ശങ്ക തീര്‍ത്ത് പുറത്തേക്കിറങ്ങിയ ഉടനെ കറന്റ് പോയി. കുറ്റാക്കൂറ്റിരുട്ട്. ഒരുവിധം ചുമരില്‍ തപ്പിപ്പിടിച്ച് ഞാന്‍ മുന്നോട്ട് നടക്കുകയാണ്. ഇരുട്ടിന്റെ ആഴങ്ങളില്‍ മുങ്ങിത്താഴുന്നതുപോലെ തോന്നി. പക്ഷേ, അധികം സമയം വേണ്ടി വന്നില്ല. കറന്റ് വന്നു. പൊടുന്നനെ പരിസരം വെളിച്ചത്തില്‍ മുങ്ങി. അന്നേരം ഞാന്‍ കണ്ടി, അതാ ഇടനാഴിയുടെ മറ്റേത്തലയ്ക്കല്‍ ചുമരില്‍ തപ്പിക്കൊണ്ട് മണി നടന്നുവരുന്നു.

ഈ ചില്ലയില്‍നിന്ന് (കുറിപ്പുകള്‍)
റഫീക്ക് അഹമ്മദ്
ഡി സി ബുക്‌സ്
വില: 70
ISBN: 978 81 264 6644 3

English summary
DC Books Book review: Ee Chillayil Ninnu by Rafeeq Ahamed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X