കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യോതിഷം വെറും അന്ധവിശ്വാസമോ അതോ പ്രപഞ്ച ദര്‍ശനമോ? ജ്യോതിഷത്തിന്‍റെ യുക്തി....

  • By Desk
Google Oneindia Malayalam News

പ്രാചീന ഭാരതീയ ജ്യോതിഷം ഭാരതീയേതരമായ ജ്യോതിഷസമീപനങ്ങളില്‍നിന്നും വ്യത്യസ്തവും പ്രബുദ്ധവുമായ ഒരു വിജ്ഞാനശാഖയാണ്. അത്യന്തം സൂക്ഷ്മസമഗ്രതയാര്‍ന്ന പ്രപഞ്ചപാരിസ്ഥിതകബോധ്യത്തില്‍നിന്ന് മനുഷ്യപ്രതിഭയുടെ പരമോന്നതതലം സാക്ഷാത്കരിച്ചെടുത്തതാണ് ഭാരതീയ ജ്യോതിഷം. പ്രധാനമായും ഗണിതഭാഗം, ഫലഭാഗം എന്നിങ്ങനെ അതു തിരിയുന്നു.

ഈ സമഗ്ര ശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തിനുശേഷം ഗണിതഭാഗം ഗൗരവമാര്‍ന്ന പഠനമനനങ്ങള്‍ക്കു വിധേയമായെങ്കിലും ഫലഭാഗമേഖല സാധാരണക്കാര്‍ക്ക് അപ്രാപ്യമായിത്തന്നെ നിലകൊണ്ടു. ആ ഫലഭാഗമെന്ന ബാലികേറാമലയിലേയ്ക്കുള്ള സൂക്ഷ്മ സഞ്ചാരമാണ് ഡോ കെ അഗസ്റ്റിന്‍ ജോസഫ് തയ്യാറാക്കിയ 'ജ്യോതിഷത്തിന്റെ യുക്തി'യെന്ന ഗ്രന്ഥം.

Jyothishathinte Yukthi

ജ്യോതിഷദ്രഷ്ടാക്കള്‍ കുറേ സിദ്ധാന്തങ്ങളെ നമുക്കു തന്നിട്ടുള്ളൂ. ആ സിദ്ധാന്തങ്ങളുടെ തര്‍ജ്ജമകളും വിശദീകരണങ്ങളുമാണ് പില്‍ക്കാലത്തുണ്ടാകുന്ന ജ്യോതിഷ ഗ്രന്ഥങ്ങള്‍. ജ്യോതിഷ സിദ്ധാന്തങ്ങളെ യുക്തികൊണ്ടു സമീപിക്കാനാകുമെന്നും എങ്ങനെയാണവയെ സമീപിക്കേണ്ടതെന്നും കാര്യകാരണ സഹിതം വിശകലനം ചെയ്യുന്നൊരു കൃതിയാണ് 'ജ്യോതിഷത്തിന്റെ യുക്തി'. ഒരുവിധത്തില്‍ പറഞ്ഞാല്‍ ജ്യോതിഷം പ്രപഞ്ചദര്‍ശനമാകുന്നത് സിദ്ധാന്തിക്കുന്ന അന്വേഷണമാണ്. ഫലഭാഗജ്യോതിഷം എന്തെന്ന സിദ്ധാന്തം തന്നെയാണിത്.

ജ്യോതിഷത്തെ ഒരു ശാസ്ത്രശാഖയായി അംഗീകരിക്കുവാനുള്ള വൈമനസ്യം മൂലം ജ്യോതിശാസ്ത്രവും ജ്യോതിഷവും (ഗണിതഭാഗവും ഫലഭാഗവും) വേര്‍പിരിഞ്ഞു എന്നും ജ്യോതിശ്ശാസ്ത്രം വളര്‍ന്നുവെന്നും ജ്യോതിഷം അന്ധവിശ്വാസമാണെന്നും പല ശാസ്ത്രകുതുകികളും ആണയിട്ടു പറയുന്നുണ്ട്. ഇതൊരു പക്ഷേ ഗ്രഹങ്ങള്‍ക്കുള്ളതായി കല്പിക്കുന്ന ഭൗതികാതീത സ്വരൂപം കൊണ്ടായിരിക്കാം. വാസ്തവത്തില്‍ ഗണിതത്തില്‍ അക്കങ്ങള്‍ പോലെയാണ് ജ്യോതിഷത്തില്‍ നവഗ്രഹങ്ങള്‍ ഭൗതിക വസ്തുക്കള്‍ തന്നെയാകുന്നത്. ഫലഭാഗ ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ ഭൗതികവസ്തുക്കള്‍ തന്നെ. എന്നാല്‍ ഗ്രഹങ്ങള്‍ ഗണിതാതീതമായ തലത്തില്‍ എത്തിച്ചേരുമ്പോള്‍ അവ ഭൗതികാതീതമായ ചിലതൊക്കെയായി പരികല്പിക്കപ്പെടുന്നു.

അത് മഹാപ്രതിഭകളായ ആചാര്യന്മാര്‍ അന്തര്‍ജ്ഞാനം ആധാരമാക്കി കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ചെത്തിയ അനുഭവാത്മകദര്‍ശനങ്ങള്‍ മൂലമാണ്. ഗ്രഹങ്ങളെ യോദ്ധാവായും മുടന്തനായുമൊക്കെ ചിത്രീകരിക്കുന്നത് ഗണിതാതീതമായി അവയെ വിശദമാക്കാനാണ്. ഇത് കാര്യങ്ങളെ സത്യാത്മകതയുടെ സമഗ്രതയില്‍ മനസ്സിലാക്കുന്നതിനുള്ള സൗകര്യത്തിനാണ്. അതുകൊണ്ടതു യുക്തിഭദ്രമാണ്. അന്ധവിശ്വാസമല്ല. മനുഷ്യജീവിതം പരിപൂര്‍ണ്ണമായും പ്രപഞ്ചാതീതമായ ഒന്നിന്റേയും ഇടപെടലുകളില്‍പെടാതെയാണ് വിടര്‍ന്നു കൊഴിയുന്നതെന്ന കണ്ടെത്തലുമാണ്. അക്കങ്ങള്‍ കൊണ്ടുള്ള ഗണിതം ലാഭനഷ്ടങ്ങളായി ജീവിതത്തെ ബാധിക്കുമ്പോള്‍ നല്ല കാലമെന്നും മോശം കാലമെന്നും നാം പറയുന്നുവെന്നുമാത്രം.

ജ്യോതിഷം വെറും അന്ധവിശ്വാസമാണെന്ന് അന്ധമായിത്തന്നെ വിശ്വസിക്കുന്നവര്‍ക്ക് മറുപടിയായി ജ്യോതിഷം ഒരു ജീവിത ദര്‍ശനമാണെന്നും അതില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്ന പ്രപഞ്ചദര്‍ശനത്തിന്റെ ഭാഗമായുള്ള പാരിസ്ഥിതികശാസ്ത്രം തന്നെയാണെന്നുമാണ് ഈ ഗ്രന്ഥത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. ജ്യോതിഷശാസ്ത്രത്തിന്റെ പരമവിതാനമായ നാഡികളിലൂടെ സഞ്ചരിച്ച് വിവിധ ജീവിതാനുഭവ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ അപഗ്രഥിച്ച് മുന്നേറുന്ന ഈ ഗ്രന്ഥം യുക്തിയുക്തമായ കാര്യകാരണ വിശകലനങ്ങള്‍ നടത്തി ജ്യോതിഷത്തിന്റെ പ്രപഞ്ചദര്‍ശനത്തില്‍ ചെന്നുചേരുന്നു.

അനന്യമായ ഈ സംരംഭം ജ്യോതിഷസംബന്ധിയായ നിരവധി മിഥ്യാസങ്കല്പങ്ങള്‍ക്ക് ഉത്തരമായിരിക്കും എന്ന വസ്തുത നിസ്തര്‍ക്കമാണ്. പ്രത്യേകിച്ചു ജ്യോതിഷം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാര്‍വ്വത്രികമായി അംഗീകരിക്കപ്പെടേണ്ടതുണ്ടോ എന്ന് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലിക പശ്ചാത്തലത്തില്‍. ഏതൊരു വിശ്വാസിക്കും അവിശ്വാസിക്കും അവരവരുടെ ആശയസംഹിതകളില്‍ ഉറച്ചുനിന്നുകൊണ്ട് സ്വതന്ത്രബുദ്ധിയോടെയും അക്കാദമിക് താല്പര്യത്തോടെയും വീക്ഷിക്കാവുന്ന ഈ രചന ഗഹനമായ വിചിന്തനങ്ങള്‍ക്കും ഗൗരവമേറിയ ചര്‍ച്ചകള്‍ക്കും വഴി തുറക്കുന്നതാണ്.

കൃതി : ജ്യോതിഷത്തിന്റെ യുക്തി
ഗ്രന്ഥകാരന്‍ : ഡോ. കെ. അഗസ്റ്റിന്‍ ജോസഫ്
വിഭാഗം : പഠനം/ജ്യോതിഷം
ISBN : 9788124020546
പേജ് : 320
വില :275
പ്രസാധകര്‍ :കറന്റ് ബുക്‌സ്

English summary
DC Books Book review: Jyothishathinte Yukthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X