• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

All Lies, Says Krishna- മാന്ത്രികതയില്ലാത്ത കൃഷ്ണൻ, കുന്തിയുടെ സ്വതന്ത്ര ലൈംഗികത, ദ്രൗപതിയെന്ന ഇര

  • By Desk

മനു ഫൽഗുനൻ

തൊഴിൽ കൊണ്ട് ഒരു ഓഡിയോളജിസ്റ്റ് ആണ് മനു. സാഹിത്യം, സിനിമ, രാഷ്ട്രീയം തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിക്കുന്ന വ്യക്തിയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഈ വിഷയങ്ങളെ കുറിച്ച് വ്യക്തമായ നിരീക്ഷണങ്ങൾ പങ്കുവയ്ക്കാറുണ്ട്.

മഹാഭാരത കഥ ഒരുപാട് പുനർവായകനൾക്ക് വിധേയമായിട്ടുണ്ട്. പറഞ്ഞുകേട്ട കഥകൾക്കപ്പുറത്തേക്ക്, പാർശ്വവത്കരിക്കപ്പെട്ട കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അത്തരം പുനരാഖ്യാനങ്ങൾ സ്വീകരിക്കപ്പെട്ടിട്ടും ഉണ്ട്. പലപ്പോഴും ഇത്തരം പുനരാഖ്യാനങ്ങൾ വിഗ്രഹഭഞ്ജകങ്ങളും ആകുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. അല്ലെങ്കിലും വിഗ്രഹങ്ങളെല്ലാം ഒരുനാൾ ഭഞ്ജിക്കപ്പെടേണ്ടവ തന്നെയെന്നും അഭിപ്രായമുണ്ട്.

മഹാഭാരതകഥയിലെ നായകൻ കൃഷ്ണനാണ്. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണൻ. ഏത് പ്രതിസന്ധിഘട്ടത്തിലും തളരാത്ത നായകൻ. എന്നാൽ, എല്ലാം നഷ്ടപ്പെട്ട്, വൃദ്ധനും ദുർബ്ബലുമായ കൃഷ്ണൻ രാധയെ കാണാൻ വൃന്ദാവനത്തിലേയ്ക്ക് നടന്നെത്തുന്നതിനെ കുറിച്ച് ഒന്ന് ഓർത്തുനോക്കൂ. മലയാളിയായ ജെ രാജശേഖരൻ നായർ എഴുതിയ 'All Lies, Says Krishna' (കൃഷ്ണൻ പറയുന്നു... എല്ലാം നുണകളാണ്) എന്ന നോവൽ തുടങ്ങുന്നത് ഇങ്ങനെയാണ്.

വൃന്ദാവനത്തിന്റെ അതിരിലുള്ള കിണറ്റിലെ വെള്ളം കുടിച്ച്, ദാഹം മാറ്റി, തണലിലിരുന്ന്, മാവിൽ നിന്ന് വീണ മാമ്പഴം നെഞ്ചോട് ചേർത്ത് രാധയുടെ വീട്ടിലെത്തുകയാണ് കൃഷ്ണൻ. ബാല്യകൌമാരങ്ങളിൽ തന്റെ സഖിയായിരുന്ന രാധയിൽ തനിക്കൊരു മകൻ - നന്ദൻ- ജനിച്ചിരുന്നുവെന്ന് കൃഷ്ണൻ അറിഞ്ഞിരുന്നേ ഇല്ല. അവൻ സദാ ദു:ഖിതനായിരുന്നെന്നും കൃഷ്ണൻ അറിഞ്ഞിരുന്നില്ല. രാധയും താനും ചേർന്ന് നട്ട ആ മാവിൻ കൊന്പിലാണ് അവൻ ജീവനൊടുക്കിയത് എന്ന് ഒടുവിൽ രാധയിൽ നിന്ന് കൃഷ്ണൻ അറിയുകയാണ്.

നന്ദന്റെ മരണം വരെ ആ മാവ് കായ്ച്ചിരുന്നേ ഇല്ല. എന്നാൽ നന്ദന്റെ മരണശേഷം ആ മാവ് പൂക്കാനും കായ്ക്കാനും തുടങ്ങി. പക്ഷേ, നന്ദന്റെ ആത്മാവുണ്ടെന്ന് പറഞ്ഞ്, ആ മാന്പഴങ്ങൾ ആരും കഴിയ്ക്കാതെ വെറുതേ പോവുകയായിരുന്നു. അങ്ങനെയുള്ള മാന്പഴവും നെഞ്ചോട് ചേർത്താണ് കൃഷ്ണൻ, രാധയ്ക്ക് അരികിലേക്ക് എത്തുന്നത്.

കൃഷ്ണനെപ്പറ്റി പല കഥകളും പ്രചരിക്കുന്നതിനെപ്പറ്റിയാണ് രാധ ചോദിക്കുന്നത്. അക്കാര്യത്തിൽ കൃഷ്ണന് സുവ്യക്തമായ ഒരു ഉത്തരവും ഉണ്ട്... എല്ലാം നിറംപിടിപ്പിച്ച നുണകളാണ്. അതേ, കൃഷ്ണൻ പറയുന്നു, എല്ലാം നുണകളാണെന്ന്. രാജശേഖരൻ നായരുടെ നോവലിന്റെ കാന്പിലേക്കുള്ള വാതിലുകളാണ് ഇതോടെ തുറക്കപ്പെടുന്നത്.

മഹാഭാരത കഥ പറയാൻ രാധ, കൃഷ്ണനോടാവശ്യപ്പെടുയാണ്. ആദ്യം ഭീഷ്മരിൽതുടങ്ങി, സന്ദർഭങ്ങളാൽ കോർത്തിണക്കിയ മട്ടിൽ കൃഷ്ണൻ മഹാഭാരതം പറയുന്നു. ഈ സംഭാഷണത്തിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. ഭീഷ്മർ, ശിഖണ്ഡി,ദ്രൗപദി, കർണ്ണൻ,പാണ്ഡു, കുന്തി, മാദ്രി, ശകുനി, ഗാന്ധാരി,ധൃതരാഷ്ട്രർ എന്നിവരുടെ കഥകളാണ് പ്രാധാന്യത്തോടെ വിശദീകരിക്കുന്നത്.

ഓരോരുത്തരും കഥയിൽ എപ്രകാരമാണോ, അവ്വിധം രൂപപ്പെടാൻ കാരണമായ ജീവിതം കൂടി വരച്ചിടുന്നുണ്ട് എഴുത്തുകാരൻ. ഓരോ കഥാപാത്രവും അവരോട് ജീവിതമെങ്ങിനെ ഇടപെട്ടു, അവരതിനോടെങ്ങനെ പ്രതികരിച്ചു എന്ന നിലയ്ക്ക് വലുതായി നിൽക്കുന്നുണ്ട് ഈ ആഖ്യാനത്തിൽ. ഏറ്റവും ഉള്ളുലയ്ക്കും മട്ടിൽ ചില കഥാ പാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളിലൂടേയും കടന്നുപോകുന്നുണ്ട്.

ഏറ്റവും വേദനിപ്പിച്ചത് ദ്രൗപദിയാണ്. സത്യത്തിൽ ദ്രൗപദിക്ക് സംഭവിക്കുന്ന അപമാനം ആദ്യ രാത്രിയിൽ 5 പുരുഷന്മാരുടെ അതിക്രമത്തിന് ഇരയാക്കപ്പെട്ടതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വല്ലാതെ വേദനിപ്പിക്കും വിധം, അഗാധവിഷാദമായി നമ്മെ വേട്ടയാടും വിധമാണ് ദ്രൗപതി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഏറ്റവും പ്രാധാന്യവും മിഴിവുമുള്ള തരത്തിൽ രണ്ട് പേരെക്കുറിച്ചാണ് എഴുതിയിട്ടുള്ളതെന്ന് തോന്നുന്നു. ദ്രൗപദിയെപ്പറ്റിയും ശകുനിയെപ്പറ്റിയും.

വിശദമായ ഒരധ്യായം ശിഖണ്ഡിനിയെപ്പറ്റിയുണ്ട്. കുന്തിയെപ്പറ്റിയും ധൃതരാഷ്ട്രരെപ്പറ്റിയും ഗാന്ധാരിയെപ്പറ്റിയും ഉണ്ട്. ഇരവാനെപ്പറ്റി ചെറിയൊരു അധ്യായവും. ഇരവാന്റെ കഥ മനോഹരമായി പറഞ്ഞിട്ടുണ്ട്. വൈകാരിക രംഗങ്ങൾ ഉള്ളിൽത്തട്ടുക തന്നെ ചെയ്യും. ഏറ്റവും മിഴിവോടെ കൃഷ്ണൻ പറയുന്നത് ശകുനിയുടെ കഥയാണ്. ശകുനിയുടേയും ഇരവാന്റെ കഥകൾ വായിച്ച് തന്നെ അനുഭവിക്കേണ്ടതാണ്. നാഗകന്യകയായ ഉലൂപിയെ അ‍ര്‍ജ്ജുനന്‍ പ്രാപിക്കുകയായിരുന്നില്ല, ഉലൂപിയ്ക്ക് മുന്നില്‍ അര്‍ജ്ജുനന്‍ വഴങ്ങേണ്ടി വരികയായിരുന്നു. അങ്ങനെയാണ് ഇരവാന്റെ ജനനം.

മഹാഭാരതകഥ അനേകം തരത്തിൽ ആലോചിക്കാൻ പഴുതുകളുള്ള ഒന്നാണ്. കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനവും എംടി വാസുദേവൻ നായരുടെ രണ്ടാമൂഴവും വ്യത്യസ്തമായ ദൃഷ്ടികോണുകളിലൂടെ കഥയിലെ കാര്യങ്ങളെ കാണാൻ ശ്രമിച്ചിട്ടുണ്ട്, മുൻപ് തന്നെ. മുഖ്യധാരാ ഇന്ത്യൻ-ഇംഗ്ലീഷ് എഴുത്തുകാരുടേതായി കുറച്ചധികം പുസ്തകങ്ങൾ വന്നിട്ടുണ്ട്. അതിലൊന്ന് കൃഷ്ണ ഉദയ സാഗറിന്റെ ആര്യാവർത്താ ക്രോണിക്കിൾസ് ആണ്. മറ്റൊന്ന് മലയാളിയായ ആനന്ദ് നീലകണ്ഠന്റെ ''ദുര്യോധനാസ് മഹാഭാരത'' സീരീസാണ്.

ഈ രണ്ട് പുസ്തകങ്ങളിലും രണ്ട് വിധത്തിലാണ് കൃഷ്ണനെ അവതരിപ്പിട്ടുള്ളത്. ഒന്നിൽ , നന്മ നിറഞ്ഞ എന്നാൽ സംഘർഷങ്ങളാലുഴറുന്ന ഒരാളായിട്ടാണെങ്കിൽ, മറ്റൊന്നിൽ വളരെ സൂത്ര ശാലിയായ, ജാതി നിലനിർത്താൻ വാദിക്കുന്ന, ദൈവാവതാരമെന്ന് സ്വയം കരുതുന്ന കുടില ബുദ്ധിയായിട്ട് കൂടിയാണ്.

എന്നാൽ ഇതുവരെ ആരും വായിച്ചിട്ടില്ലാത്ത ഒരു കൃഷ്ണനെയാണ് ജെ രാജശേഖരൻ നായർ ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്.

കൃഷ്ണന്റെ തത്വചിന്തകൾ മനോഹരമായി അവതരിപ്പിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. കാര്യങ്ങളെപ്പറ്റി ധാരണയുണ്ടായിക്കുകയും എന്നാല്‍ അതേ സമയം നിസ്സഹായനായിരിക്കുകയും ചെയ്യുന്ന കൃഷ്ണനെ കൃത്യമായി വരച്ചിടുന്നുണ്ട്. ഈ കഥയിൽ കൃഷ്ണന്റെ തത്വചിന്തകൾ മിക്കപ്പോഴും കേട്ട് ശീലിച്ചതിൽ നിന്ന് വ്യത്യസ്തമാണ്. കൃഷ്ണന്റെ തത്വചിന്തകൾ മാത്രമല്ല, അവിടവിടെയായി പല സന്ദർഭങ്ങളിൽ പലരുടേതായി വരുന്ന പല ദർശനങ്ങളും മനോഹരമായി അനുഭവിപ്പിക്കുന്നുണ്ട്. ആത്മീയവും തത്വചിന്താപരവുമായ ഈയൊരു ഘടകം നോവലിനെ മികച്ച അനുഭവമാക്കാൻ സഹായിക്കുന്നു.

കർണ്ണനുമായി ബന്ധപ്പെട്ട് മാത്രമാണ് ജാതിയുടെ വിഷയം കടന്ന് വരുന്നത്. ദ്രോണരിൽ നിന്നും ദ്രൗപദിയിൽ നിന്നും ജാതിയുടെ പേരിൽ അപമാനിക്കപ്പെടുന്നുണ്ട് കർണ്ണൻ. ബ്രാഹ്മണർക്ക് എന്തുമാകാമെന്നാണോ എന്ന് കർണ്ണൻ ചോദിക്കുന്നുണ്ട് . അതിന് മറുപടിയായി അധിരഥൻ പറയുന്നത് '' ചില ചോദ്യങ്ങൾ ചോദ്യങ്ങളായി കണക്കാക്കപ്പെടുക പോലുമില്ല '' എന്നാണ്.

അധികാരമുള്ളവന്റെ അഹന്തയും താൻ പോരിമയും എന്ത് തെറ്റും ചെയ്യാൻ മടിയില്ലായ്മയും ചോദ്യം ചെയ്യപ്പെടുന്നുണ്ട് പല കഥാപാത്രങ്ങളിലൂടെ, പല സന്ദർഭങ്ങളിൽ.

മഹാഭാരതത്തിന്റെ സ്ത്രീ പക്ഷ വായനയാണെന്ന് തോന്നിപ്പിക്കും വിധം ഓരോ സ്ത്രീ കഥാപാത്രത്തിനും മിഴിവ് നൽകാൻ ശ്രമിച്ചിട്ടുണ്ട് നോവലിസ്റ്റ്. അതിനൊപ്പം തന്നെ സ്ത്രീയുടെ ഭാഗത്ത് നിന്ന് ആഴത്തിലുള്ള തോന്നലുകൾ, ചിന്തകൾ, ചോദ്യങ്ങൾ, ലൈംഗികത, പോരാട്ടങ്ങൾ തുടങ്ങി അപമാനവും അങ്ങേയറ്റത്തെ തോൽവിയും വരെ പറയാനായിട്ടുണ്ടെന്നത് സന്തോഷം തോന്നിപ്പിക്കുന്ന ഒരു കാര്യമാണ്.

സത്യത്തിൽ സ്ത്രീകഥാപാത്രങ്ങളുടെ മാത്രമല്ല, ഇതിൽ പരാമർശിച്ച് പോയിട്ടുള്ള ഓരോ കഥാപാത്രത്തിന്റേയും ജീവിതം അവരുടെ കാഴ്ചയിലൂടെന്ന പോലെ വിശദമാക്കുന്നുണ്ട്. അതു വഴി നന്മ - തിന്മ എന്ന ദ്വന്ദ്വത്തിനപ്പുറത്തേയ്ക്ക് കഥയേയും കഥാപാത്രങ്ങളെയും കൊണ്ട് വരാൻ കഴിയുന്നുണ്ട്.

ലളിതമായി പറഞ്ഞാൽ ഓരോ ജീവിതവും വ്യത്യസ്തമാണെന്നും ഓരോരുത്തരുടേയും പ്രവർത്തികൾക്ക് അവർ ജീവിച്ച ജീവിതമാണ് കാരണമെന്നും തിരിച്ചറിയുന്ന മട്ടിലാണ് കൃഷ്ണന്റെ കഥ പറച്ചിൽ. വളരെ മാജിക്കലായ സംഭവങ്ങളെന്ന മട്ടിൽ നമ്മൾ കേട്ട് ശീലിച്ച സന്ദർഭങ്ങളെ യുക്തിപൂർവ്വം അവതരിപ്പിക്കുന്നതിൽ, അത് വായനക്കാരനെ ബോധ്യപ്പെടുത്തുന്നതിൽ എഴുത്തുകാരൻ വിജയിക്കുന്നുണ്ട്. എന്നാൽ ചില സന്ദർഭങ്ങൾ മാജിക്കലായിത്തന്നെ അവതരിപ്പിക്കുന്നത് മൊത്തം ആഖ്യാന രീതിയ്ക്ക് യോജിക്കാത്തതാണ്.

വളരെ ലളിത മനോഹരമായ ഒരു ഭാഷയിൽ ആണ് നോവൽ പിറന്നിട്ടുള്ളത്. ലളിതമെങ്കിലും വശ്യമായ ഭാഷ. ആ കാലഘട്ടത്തിലെ ജീവിതം ദൃശ്യങ്ങളായിത്തോന്നിപ്പിക്കുന്ന, ആ കാലം അനുഭവിപ്പിക്കുന്ന വശ്യതയും കരുത്തും എഴുത്തിനുണ്ട്. ദർശനങ്ങൾ മിക്കതും മനോഹരമായിത്തോന്നി. അത് പോലെ പല കഥാ പാത്രങ്ങളും ചോദിക്കുന്ന ചില ചോദ്യങ്ങൾ വല്ലാതെ വേദനിപ്പിക്കും. ഉള്ളിൽ കൊളുത്തി വലിക്കും. വായന കഴിഞ്ഞാലും വേദന മാറില്ല.

ശിഖണ്ഡിനി പെൺകുട്ടിയിൽ നിന്ന് ആൺ കുട്ടിയായി മാറുന്നത് തികച്ചും മാജിക്കലായാണ് അവതരിപ്പിക്കുന്നത്. അത് പോലെത്തന്നെ ദ്രൗപദിയുടെ ശാപമേറ്റ് കുറച്ച് സമയത്തിനകം തന്നെ അശ്വത്ഥാമാവ് ശരീരമാസകലം മുറിവുകൾ പ്രത്യക്ഷപ്പെടുകയും അതിൽ നിന്ന് ചോരയും ചലവും ഒലിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നു.

മറ്റൊന്ന് അർജ്ജുന്റെയും കർണ്ണന്റേയും അസ്ത്ര വിദ്യകളാണ്. ഒരസ്ത്രം കൊണ്ട് പൂക്കൾ പൊഴിക്കുന്നതും മറ്റൊരസ്ത്രം കൊണ്ട് മഴ പെയ്യിക്കുന്നതും മറ്റും തികച്ചും മാജിക്കലായ, അവിശ്വനീയമായ കാര്യങ്ങളാണ്. അത് പക്ഷേ, അതേ പടി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. യുക്തിയോടെ കഥ പറയാൻ ശ്രമിക്കുന്നതിനിടയിൽ ഇങ്ങനെ ചിലത് കല്ല് കടിയായി തോന്നിപ്പിക്കുന്നുണ്ട്. തന്നെക്കുറിച്ചുള്ള അത്ഭുത കഥകളിലേറിയ പങ്കും ഭാവന ചിറക് വിടർത്തിപ്പറക്കുന്ന ഒന്നാന്തരം നുണകളാണെന്ന് കൃഷണൻ തന്നെ പറയുന്ന ഈ പുസ്തകത്തിൽ അതൊരു അപാകമായി വായനക്കാരന് തോന്നുക തന്നെ ചെയ്യും.

ഭീഷ്മരും അദ്ദേഹത്തിന്റെ ഇളക്കാനാവാത്ത പ്രതിജ്ഞയും ഹസ്തിനപുരത്തിനും ചുറ്റുമുള്ള മനുഷ്യർക്കും ഉണ്ടാക്കിയ കെടുതികളെപ്പറ്റി കൃഷ്ണൻ, ഭീഷ്മരുടെ അന്ത്യനിമിഷങ്ങളിൽ ചോദിക്കുന്നുണ്ട്. ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്തത് തടയാതിരുന്നതെന്തെന്ന ചോദ്യത്തിന് ഭീഷ്മർ നൽകുന്ന മറുപടി അക്ഷരാർത്ഥത്തിൽ വായനക്കാരനെ ഞെട്ടിക്കുക തന്നെ ചെയ്യും. ദ്രൗപദിയുടെ നഗ്നത താൻ ആസ്വദിച്ചു എന്നതായിരുന്നു ഭീഷ്മരുടെ ഉത്തരം.

കന്യകാത്വം പോലെ, ബ്രഹ്മചര്യവും ഒരു വെറും ഐതിഹ്യം മാത്രമാണ്.

ഉള്ളിന്റെ ഉള്ളിൽ ഏത് മഹാനായ ബ്രഹ്മചാരിയും കൂസലില്ലാത്ത ഒരു ബലാൽക്കാരിയാണെന്ന് പറഞ്ഞുറപ്പിയ്ക്കുകയാണ് ഭീഷ്മർ. ഒടുവിൽ ഒരു അമ്പിന്റെ മുന ഹൃദയത്തിൽ കുത്തിയിറക്കി മരണമടയുന്നു. ഇത് മുൻപൊന്നും കേട്ടിട്ടില്ലാത്ത ഒരു അവതരണമാണ്.

കുന്തിയ്ക്ക് 13 വയസ്സ് പ്രായമുള്ളപ്പോൾ കൊട്ടാരത്തിൽ അതീവ ശ്രേഷ്ഠനായ ഒരു സന്യാസി വരുന്നു. അദ്ദേഹത്തെ ശുശ്രൂഷിക്കാനുള്ള ചുമതല രാജ്ഞി കുന്തിയെയാണ് ഏൽപ്പിക്കുന്നത്. ക്ഷിപ്ര കോപിയായ സന്യാസിക്ക് അനിഷ്ടമുണ്ടാവാതെ വേണ്ടത് പോലെ പരിചരിക്കാൻ കുന്തിക്ക് കഴിയുന്നു. ഉദ്യാനത്തിൽ വച്ച് ചില ഇലകൾ നൽകി മയക്കിയതിന് ശേഷം അദ്ദേഹം കുന്തിയെ പ്രാപിക്കുകയാണ്. കാര്യങ്ങൾ തിരിച്ചറിഞ്ഞ കുന്താമാതാവ് അവളെ ഒറ്റയ്ക്ക് താമസിപ്പിക്കുന്നു. ഒടുവിൽ കുന്തി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. സ്വന്തം മാതാവിന്റെ നിർദ്ദേശത്തിന് വഴങ്ങി, തന്റെ ആദ്യ കുഞ്ഞിനെ കുന്തി ഒരു ചൂരൽ കൊട്ടയിലാക്കി പുഴയിലൊഴുക്കി കളയുകയാണ്. അതാണ് കർണൻ- ജെ രാജശേഖരൻ നായരുടെ നോവലിൽ കർണജനനത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. കർണന്റെ ജനനം മാത്രമല്ല, പഞ്ച പാണ്ഡവരുടെ ജനനത്തിലെ ദൈവികത പൂർണമായും തള്ളുകയും അതിൽ ജൈവികത കൊണ്ടുവരികയും ചെയ്തിട്ടുണ്ട് നോവലിസ്റ്റ്. ഒരുപക്ഷേ, സമാനമായ വാദങ്ങൾ മറ്റ് പലരും പല കാലങ്ങളിലായി ഉന്നയിച്ചിട്ടും ഉണ്ട്.

കുന്തിയുടെ വിവാഹം പാണ്ഡുവുമായി നടക്കുന്നു. പാണ്ഡുവിന് ലൈംഗിക ശേഷിയില്ല എന്നത് ആദ്യരാത്രിയിൽത്തന്നെ കുന്തിയെ തകർത്ത് കളയുന്നു. കുന്തി വീട്ടിൽ തിരിച്ച് പോവുന്നു. ആദ്യ കുഞ്ഞിനെ ഉപേക്ഷിക്കാൻ നിർദ്ദേശിച്ച സ്വന്തം മാതാവ് തന്നെയാണ് കുന്തിയ്ക്ക് ഈ വിഷയത്തിൽ പ്രായോഗികമായ ഒരു ഉപദേശം നൽകുന്നത്. സ്വന്തം ഭർത്താവിന് കഴിവില്ലെങ്കിൽ ശാരീരികാവശ്യങ്ങൾ നിറവേറ്റാൻ വേറെ മാർഗ്ഗങ്ങൾ തേടുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് അമ്മ കുന്തിയെ ബോധ്യപ്പെടുത്തുകയാണ്. അങ്ങനെയാണ് കുന്തി പാണ്ഡുവിനരികിലേക്ക് തിരികെയെത്തുന്നത്. തുടർന്ന് നടക്കുന്ന സംഭവങ്ങളുടെ വിവരണങ്ങൾ ഒരു ശരാശരി മാഹാഭാരത ഭക്തന് ഒരുപക്ഷേ, ഉൾക്കൊള്ളാൻ കഴിഞ്ഞേക്കില്ല.

തിരിച്ചെത്തുന്ന കുന്തി ഒരു ഭടനുമായി രതിയിലേർപ്പെടുകയും പാണ്ഡു അത് കണ്ട് നിൽക്കാൻ നിർബന്ധിതനാവുകയും ചെയ്യുകയാണ്. കുന്തിയുടെ ഓരോ മക്കളുടേയും ജനനങ്ങൾ ഇങ്ങനെ ആയിരുന്നു എന്നാണ് നോവലിസ്റ്റ് പറഞ്ഞുവയ്ക്കുന്നത്.

കൃഷ്ണൻ-ദ്രൌപതി ബന്ധത്തെ കുറിച്ചും നോവലിൽ വ്യത്യസ്തമായ ഒരു വീക്ഷണകോൺ ആണുള്ളത്. ദ്രൗപദി കൃഷ്ണനെ വിവാഹം കഴിക്കാനാണാഗ്രഹിച്ചിരുന്നത്. എന്നാൽ സ്വയംവരത്തിൽ വിജയിച്ച അർജ്ജുനനെ വിവാഹം കഴിക്കേണ്ടി വരുന്നു. ആരെന്നറിയാത്ത ആ ബ്രാഹ്മണ വേഷധാരിയായ യുവാവിനും അയാളുടെ സഹോദരങ്ങൾക്കുമൊപ്പം ദീർഘ ദൂരം കാൽനടയായി യാത്ര ചെയ്യേണ്ടി വരുന്നു.

കുന്തിയുടെ വാക്കുകൾ തിരുത്താൻ അനുവദിക്കാതെ യുധിഷ്ഠിരൻ കൗശലം കാണിക്കുന്നു. മക്കളെ പിറ്റേ ദിവസം രാവിലെ പറഞ്ഞ് മനസ്സിലാക്കിക്കാമെന്ന് കരുതി കുന്തി ദ്രൗപദിയോട് തന്റെ സമീപത്ത് കിടന്നോളാൻ പറയുന്നു. എന്നാൽ അന്ന് രാത്രി തന്നെ പാണ്ഡവർ ഓരോരുത്തരായി ദ്രൗപദിയുമായി ഇണ ചേരുന്നു.

തൊട്ടപ്പുറത്ത് അമ്മ കിടക്കുന്നതോ, ദ്രൗപദിയുടെ തേങ്ങലുകളോ വക വയ്ക്കാതെ ഒരു ശരീരം മാത്രമായി അവർ ദ്രൗപദിയെ ഭോഗിക്കുന്നു.

അന്ന് മുതൽ ദ്രൗപദി അപമാനം അനുഭവിക്കാൻ തുടങ്ങുകയാണ്. ഒരു വായനക്കാരനെ, മനുഷ്യനെ, സ്ത്രീയെ അത്രയേറെ വേദനിപ്പിക്കുന്ന, അഗാധമായി മുറിവേൽപിക്കുന്ന നോവലിലെ ഒരു ഭാഗമാണിത് എന്ന് പറയാതെ വയ്യ.

ചുരുക്കത്തിൽ, യുക്തിപൂർവ്വം ചിന്തിച്ചാൽ മാത്രം കാണാൻ കഴിയുന്ന തരത്തിൽ പല പ്രധാന സന്ദർഭങ്ങളേയും ചിത്രീകരിച്ചിട്ടുണ്ട്. സ്ത്രീപക്ഷത്ത് നിന്നാണ് കൃഷ്ണൻ കാര്യങ്ങളെ കാണുന്നതെന്ന തോന്നൽ നമുക്കുണ്ടാവും. ഒരു സ്ത്രീ, സ്ത്രീയായത് കൊണ്ട് മാത്രം നേരിടേണ്ടി വരുന്ന അപമാനം, നിസ്സഹായത ഒക്കെ ബോധ്യപ്പെടുംവിധം പറയാനായിട്ടുണ്ട്.

ഇത് ദു:ഖത്തിന്റെ, പരാജയങ്ങളുടെ കഥയായാണ് എഴുത്തുകാരൻ പറയാൻ ശ്രമിക്കുന്നത്. വിജയിച്ചവർ പോലും തോറ്റ് പോവുന്ന ഒന്നാണല്ലോ യഥാർത്ഥത്തിൽ മഹാഭാരത കഥ. പല സന്ദർഭങ്ങളേയും മാറി നിന്ന് നോക്കിക്കാണുന്ന ഒരാളെന്ന മട്ടിൽ സമീപിക്കുമ്പോൾ തെളിയുന്ന അനേകം കാഴ്ചപ്പാടുകളിൽ ചിലതാണ് ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നത്. ലളിത മനോഹര ഭാഷയും, ദൃശ്യാവതരണത്തിലെ മിടുക്കും, വ്യത്യസ്തമായ വീക്ഷണവും ചേർന്ന് ഈ പുസ്തകത്തെയൊരു മസ്റ്റ് റീഡ് ആക്കുന്നുണ്ട്.

കൃഷ്ണന്റേയും രാധയുടേയും കഥകൾ വളരെ കുറച്ചേയുള്ളൂ. എന്നാലവരുടെ പ്രണയം കാലത്തിനും സമയത്തിനുമപ്പുറത്തേയ്ക്ക് നീണ്ട് നിൽക്കുന്ന ഒന്നായി അനുഭവപ്പെടുന്നുണ്ട്.

നഗ്നയായ ദ്രൗപദിയെ പൊതിഞ്ഞ് പിടിച്ച് തന്റെ തേരിൽ കൊണ്ട് പോവുന്ന കൃഷ്ണന്റെ വേദന.

''കൃഷ്ണനെ വിവാഹം കഴിക്കേണ്ടവളെന്ന് വിശ്വസിച്ചവളാണ് ഞാൻ. ആ എന്നെ എന്തിനിങ്ങനെയൊരു വിധിക്ക് വിട്ട് കൊടുത്തു? '' എന്ന് ദ്രൗപദി ചോദിക്കുന്നുണ്ട്.

''എനിക്ക് രണ്ട് ഭാര്യമാരുണ്ട്. മൂന്നാമത്തെ ഭാര്യയായി വരേണ്ടവളല്ല നീ എന്നാണ് ഞാൻ കരുതിയത്. കരുത്തുറ്റ ഒരു രാജകുമാരൻ നിന്നെ വിവാഹം കഴിക്കട്ടെ എന്നാണ് ഞാനാഗ്രഹിച്ചത്. അർജുനൻ അവിടെയെത്തുമെന്നോ മത്സരത്തിൽ പങ്കെടുക്കുമെന്നോ ഞാൻ ചിന്തിച്ചതേയില്ല. അതിനേക്കാളുപരി ആ അഞ്ച് പേരുടേയും ഭാര്യയാവുക എന്നൊരപമാനം നിനക്കുണ്ടാവുമെന്ന് ഒരിക്കലും കരുതിയില്ല. '' കൃഷ്ണൻ വേദനയോടെ ഇങ്ങനെ മറുപടിയും നൽകുന്നു.

കൃഷ്ണനും ദ്രൗപദിയും പരസ്പരമുള്ള സ്നേഹത്തിന്റെ ആഴം തിരിച്ചറിയുന്നു.

ഈ രംഗങ്ങളൊക്കെ വൈകാരിക ഭാവങ്ങളൊട്ടും ചോരാതെ മനോഹരമായാണ് നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. ഹൃദയത്തെ സ്പർശിക്കുന്ന വൈകാരിക മുഹൂർത്തങ്ങൾ ഇത്തരത്തിൽ ഒരുപാട് കടന്നുവരുന്നുണ്ട്.

ഒരു പാട് അടരുകളും ഭാഷ്യങ്ങളുമുള്ള മഹാഭാരത കഥ ആരൊക്കെ എത്രയൊക്കെത്തവണ എങ്ങനെയൊക്കെ ആവർത്തിച്ചാലും പുതുമ തോന്നിപ്പിക്കുന്ന ഒന്നാണ്. ഇന്ത്യൻ-ഇംഗ്ലീഷ് എഴുത്തുകാർ ഏറ്റവും കൂടുതൽ കൈവയ്ക്കുന്നത് രാമായണത്തിലും മഹാഭാരതത്തിലുമണിപ്പോൾ.

അക്കൂട്ടത്തിൽ എന്തുകൊണ്ടും മുൻപന്തിയിൽ തന്നെ നിൽക്കും ജെ രാജശേഖരൻ നായരുടെ 'All Lies, Says Krishna' എന്ന ഈ നോവൽ. ഫിംഗ‍ര്‍പ്രിന്‍റ് ആണ് പ്രസാധകര്‍. 299 രൂപയാണ് വില. ആമസോണില്‍ പേപ്പര്‍ ബാക്കിലും പുസ്തകം ലഭ്യമാണ്.

മാധ്യമ പ്രവർത്തകനായ ജെ രാജശേഖരൻ നായർ രചിച്ച മറ്റൊരു പുസ്തകമാണ്- സ്പൈസ് ഫ്രം ദ സ്പേസസ്- ദ ഐഎസ്ആർഒ ഫ്രെയിം അപ്. ഐഎസ്ആർഒ ചാരക്കേസിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഈ പുസ്തകവും ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ്.

English summary
All, Lies, Says Krishna is a must read novel written by J Rajasekharan Nair- Book Review by Manu PHalgunan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more