• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബലാത്സംഗം കാമസംപൂർത്തിക്ക് മാത്രമോ? ദിലീപിനെ പിന്തുണച്ച സെബാസ്റ്റ്യൻ പോളിന് ഷാഹിനയുടെ ആദരാഞ്ജലികൾ

 • By രശ്മി നരേന്ദ്രൻ
cmsvideo
  'ബലാത്സംഗം കാമസംപൂര്‍ത്തി', സെബാസ്റ്റ്യന്‍ പോളിനെതിരെ ആഞ്ഞടിച്ച് ഷാഹിന | Oneindia Malayalam

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് വേണ്ടി ഡോ സെബാസ്റ്റിയന്‍ പോള്‍ രംഗത്ത് വന്നത് പലരേയും ഞെട്ടിച്ചിരുന്നു. സെബാസ്റ്റ്യന്‍ പോള്‍ ഉയര്‍ത്തിയ വാദങ്ങള്‍ ആയിരുന്നു കൂടുതല്‍ ഞെട്ടിപ്പിക്കുന്നത്.

  സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശം എന്താണ് എന്ന് അന്വേഷിക്കേണ്ടതില്ലെന്ന് വരെ സെബാസ്റ്റ്യന്‍ പോള്‍ ലേഖനത്തില്‍ എഴുതി. ഇതിനെതിരെ ശക്തമായ മറുപടിയാണ് മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ നല്‍കിയിരിക്കുന്നത്.

  സെബാസ്റ്റ്യന്‍ പോളിന്റെ വാദങ്ങള്‍ മുഴുവന്‍ ഖണ്ഡിക്കുന്നതാണ് ഷാഹിനയുടെ ചോദ്യങ്ങള്‍. ഇന്നലെ വരെ എനിക്കറിയാമായിരുന്ന സെബാസ്റ്റ്യൻ പോളിന്-അദ്ദേഹം ഇന്നലെ വരെ ജീവിച്ച ജീവിതത്തിന് ആദരാജ്ഞലികൾ എന്ന് പറഞ്ഞാണ് ഷാഹിന തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

  സാര്‍ എന്നേ വിളിച്ചിട്ടുള്ളൂ

  സാര്‍ എന്നേ വിളിച്ചിട്ടുള്ളൂ

  ഡോ സെബാസ്റ്റ്യൻ പോൾ ,

  താങ്കൾ എന്നെ പഠിപ്പിച്ചയാളാണ് .ഇതുവരെ സർ എന്നേ വിളിച്ചിട്ടുള്ളൂ .ഇപ്പോൾ അങ്ങനെ വിളിക്കാൻ തോന്നുന്നില്ല. മനസ്സിൽ ഒന്ന് തോന്നുകയും പുറമേക്ക് മറ്റൊന്ന് പ്രകടിപ്പിക്കുകയും ചെയ്യുന്ന ശീലമില്ലാത്തത് കൊണ്ട്തത്കാലം പേര് വിളിക്കാനേ കഴിയൂ- ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്.

  ലേഖനം ഞെട്ടിച്ചു

  ലേഖനം ഞെട്ടിച്ചു

  താങ്കളുടെ ലേഖനം പലരെയും ഞെട്ടിച്ചു .എന്നെയും . വീണ്ടും വീണ്ടും വായിച്ചപ്പോൾ ഞെട്ടൽ നിരാശക്കു വഴി മാറി . ഇത് വരെ നമ്മൾ കണ്ട സെബാസ്റ്റ്യൻ പോളല്ല , ആ ലേഖനത്തിൽ സംസാരിക്കുന്നത് . നിയമം പഠിച്ച , പ്രാക്ടീസ് ചെയ്യുന്ന ഒരാളുടെ ഭാഷയോ യുക്തിയോ അല്ല ആ എഴുത്തിൽ ഉള്ളത് . എന്തായാലും ഇങ്ങനെ എഴുതിയ സ്ഥിതിക്ക്താങ്കൾ സംവാദത്തിന് തയ്യാറാവും എന്ന് പ്രതീക്ഷിക്കുന്നു .

  പ്രത്യേക തടവുകാരന് വേണ്ടി

  പ്രത്യേക തടവുകാരന് വേണ്ടി

  നൂറു കണക്കിന് വിചാരണ തടവുകാരും റിമാൻഡ് പ്രതികളും ജയിലിൽ കിടക്കുമ്പോൾ വെറും 60 ദിവസം മാത്രം പിന്നിട്ട ഒരു പ്രത്യേക തടവുകാരന് വേണ്ടി താങ്കൾ സംസാരിക്കുന്നതിന്റെ യുക്തി എന്താണ് ? പോക്കറ്റടിച്ചതിനോ ചെക്ക് മടങ്ങിയതിനോ അല്ല അയാൾ ജയിലിൽ കിടക്കുന്നത് .

  'മാനവരാശിക്ക് നേരെയുള്ള കുറ്റകൃത്യം'

  'മാനവരാശിക്ക് നേരെയുള്ള കുറ്റകൃത്യം'

  'മാനവരാശിക്ക് നേരെയുള്ള കുറ്റകൃത്യം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന , കൊലപാതകം കഴിഞ്ഞാൽ ഇന്ത്യൻ പീനൽ കോഡിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമായി കരുതപ്പെടുന്ന ബലാൽസംഗം എന്ന കുറ്റത്തിനാണ് അയാൾ ജയിലിൽ കിടക്കുന്നത്. ഈ പ്രത്യേക പ്രതിക്ക് വേണ്ടി മാത്രം (ആ കേസിൽ തന്നെ പതിനാല് പ്രതികളുണ്ടല്ലോ ) ഇങ്ങനെ എഴുതാൻ പ്രത്യേകിച്ചെന്തെങ്കിലും കാരണം ഉണ്ടോ ?

  പുരുഷന്‍റെ ഉദ്ദേശം

  പുരുഷന്‍റെ ഉദ്ദേശം

  'സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിക്കേണ്ടതില്ല' എന്ന ആ പ്രസ്താവന കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാമോ ? ഇതിനു മുൻപ് റിപ്പോർട്ടർ ടിവിയിൽ നമ്മൾ ഒരുമിച്ചു പങ്കെടുത്ത ഒരു ചർച്ചയിൽ താങ്കൾ ഏതാണ്ട് ഇതിനു സമാനമായ ഒരു കാര്യം പറഞ്ഞിരുന്നു . "റേപ്പ് കൊട്ടേഷൻ എന്ന് ആദ്യമായിട്ട് കേൾക്കുകയാണ് .വളരെ വിചിത്രമായി തോന്നുന്നു . ബലാൽസംഗം ചെയ്യുന്നത് കാമസംപൂർത്തി വരുത്താനാണല്ലോ , റേപ്പ് കൊട്ടേഷൻ കൊടുക്കുന്നത് കൊണ്ട് ആ ഉദ്ദേശം നടക്കില്ലല്ലോ '" ഇങ്ങനെയാണ് ആ ചർച്ചയിൽ താങ്കൾ അന്ന് പറഞ്ഞത് . അന്ന് മറുപടി പറയാൻ എനിക്ക് സമയം കിട്ടിയില്ല .

  ബലാത്സംഗം കാപസംപൂര്‍ത്തിക്ക് വേണ്ടി മാത്രമോ

  ബലാത്സംഗം കാപസംപൂര്‍ത്തിക്ക് വേണ്ടി മാത്രമോ

  സെബാസ്റ്റ്യൻ പോൾ , താങ്കൾ എന്താണ് ധരിച്ചു വെച്ചിരിക്കുന്നത് ? ഗുജറാത്തിലെ സാഹിറ ഷെയ്ക്കിനെയും ബിൽക്കിസ് ഭാനുവിനെയും അറിയുമോ ? അവർ ബലാൽസംഗം ചെയ്യപ്പെട്ടത് കാമസംപൂർത്തിക്കായിരുന്നോ ? ബലാൽസംഗം ഒരു ലൈംഗികപ്രക്രിയയാണ് എന്ന തികഞ്ഞ അബദ്ധധാരണയാണ് താങ്കൾ വെച്ച് പുലർത്തുന്നത് എന്നതിൽ ലജ്ജ തോന്നുന്നു .

  ആ വീഡിയോ കണ്ടിട്ടുണ്ടോ

  ആ വീഡിയോ കണ്ടിട്ടുണ്ടോ

  നിർഭയക്കേസിലെ പ്രതിയുടെ ഒരു വീഡിയോ പുറത്തു വന്നത് താങ്കൾ കണ്ടിരുന്നോ ? അസമയത്ത് പുറത്തിറങ്ങി നടന്നതിന് പാഠം പഠിപ്പിക്കാനാണ് അത് ചെയ്തതെന്ന് അയാൾ പറഞ്ഞത് കേട്ടിരുന്നോ ? മണിപ്പുരിൽ പട്ടാളക്കാർ ബലാൽസംഗം ചെയ്‌ത്‌ കൊന്ന മനോരമയെ ഓർമ്മയുണ്ടോ ? അതിൽ നഗ്‌നരായി പ്രതിഷേധിച്ച വീട്ടമ്മമാരുടെ ചിത്രം ഓർമ്മയുണ്ടോ ? നാളിതു വരെയുള്ള യുദ്ധങ്ങളുടെ ,കലാപങ്ങളുടെ ചരിത്രം ഒന്ന് കൂടി വായിച്ചു വരാൻ താങ്കളെ ഉപദേശിക്കേണ്ടി വന്നതിൽ അമ്പരപ്പ് തോന്നുന്നു .

  അതും പഠിപ്പിക്കണോ

  അതും പഠിപ്പിക്കണോ

  ഒരു ദേശത്തെ , വംശത്തെ , സമുദായത്തെ കീഴടക്കാൻ , വംശീയവും വർഗീയവുമായ വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കാൻ നാളിതു വരെ ഉപയോഗിച്ച് പോന്നിട്ടുള്ള ആയുധമാണ് ബലാൽസംഗം എന്ന് താങ്കളെ പഠിപ്പിക്കണോ ? പുരുഷാധിപത്യത്തിന്റെ ആയുധം . സ്ത്രീകളെ അടക്കി നിർത്താൻ , അവരോടു പ്രതികാരം ചെയ്യാൻ ഉപയോഗിക്കുന്ന ആയുധം . ഇതൊക്കെ താങ്കളെ പറഞ്ഞു മനസ്സിലാക്കേണ്ടി വരുന്നത് ഖേദകരമാണ് .

  പോലീസിനെ വിശ്വസിക്കരുത്

  പോലീസിനെ വിശ്വസിക്കരുത്

  പോലീസിനെ വിശ്വസിക്കരുത് എന്ന നിലപാടിനെ അംഗീകരിക്കുന്ന ആളാണ് ഞാൻ . പക്ഷേ അപ്പോഴും എന്ത് കൊണ്ട് വിശ്വസിക്കുന്നില്ല എന്ന് ഓരോ കേസിലും കാര്യകാരണ സഹിതം സമർത്ഥിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നു ഞാൻ കരുതുന്നു . മദനിയുടെ കേസിലും ജിഷയുടെ കേസിലും ഒക്കെ ഞാൻ അതാണ് ചെയ്തത് . ഇവിടെ താങ്കൾ പക്ഷേ വെറും പ്രസ്താവനകൾ നടത്തുകയാണ് . ഉദാഹരണത്തിന് ,

  "ദിലീപിനുവേണ്ടി സംഘടനയുണ്ടാക്കുന്നില്ല. പക്ഷേ ദിലീപിനുവേണ്ടി സംസാരിക്കണം. കയറും കടിഞ്ഞാണുമില്ലാതെ മുന്നേറുന്ന പൊലീസിനെ നിയന്ത്രിക്കുന്നതിന് ആ സംസാരം ആവശ്യമുണ്ട്. അപ്രകാരം സംസാരിക്കുന്ന സുമനസുകള്‍ക്കൊപ്പം ഞാന്‍ ചേരുന്നു." എന്താണ് ഈ പ്രസ്താവന കൊണ്ട് ഉദ്ദേശിച്ചത് ?

  താങ്കള്‍ക്ക് ചേരുന്ന ഭാഷയാണോ ഇത്

  താങ്കള്‍ക്ക് ചേരുന്ന ഭാഷയാണോ ഇത്

  താങ്കളെപ്പോലെ മുതിർന്ന ഒരു അഭിഭാഷകന് ചേരുന്ന ഭാഷയാണോ ഇത് ? ഈ വിഷയത്തിൽ പോലീസ് കയറും കടിഞ്ഞാണുമില്ലാതെ മുന്നേറുകയാണ് എന്ന വാദത്തെ സാധൂകരിക്കാൻ താങ്കളുടെ കയ്യിൽ എന്ത് തെളിവാണുള്ളത് ? പോലീസിനെ നിയന്ത്രിക്കണം എന്ന് താങ്കൾക്ക് തോന്നുന്നതെന്തു കൊണ്ടാണ് ? ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന ഹൈക്കോടതിയുടെ നിരീക്ഷണം താങ്കൾ തള്ളിക്കളയുന്നുണ്ടോ ? ഉണ്ടെങ്കിൽ എന്ത് കൊണ്ട് ? അതിന് താങ്കളെ പ്രേരിപ്പിക്കുന്ന വസ്തുതകൾ എന്തൊക്കെയാണ് ?

  സുവിശേഷ പ്രാസംഗികനല്ലല്ലോ

  സുവിശേഷ പ്രാസംഗികനല്ലല്ലോ

  വസ്തുതകളിലും തെളിവുകളിലും ഊന്നി സംസാരിക്കുന്നതല്ലേ ,ഒരു അഭിഭാഷകനെന്ന നിലയിലും മാധ്യമ പ്രവർത്തകനെന്ന നിലയിലും താങ്കൾ ചെയ്യേണ്ടിയിരുന്നത് ? അല്ലാതെ ക്രിസ്തുവിന്റെ പീഡാനുഭവവുമായി താരതമ്യപ്പെടുത്തി പതം പറഞ്ഞു കരയാൻ താങ്കൾ സുവിശേഷപ്രാസംഗികനല്ലല്ലോ ?

  എന്ത് യുക്തിയുടെ പുറത്ത്

  എന്ത് യുക്തിയുടെ പുറത്ത്

  ദിലീപിന് ജാമ്യം നിഷേധിച്ചു കൊണ്ട് 24 / 07 ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങൾ അക്കമിട്ടു പറയുന്നുണ്ട് . അവസാനത്തെ മൂന്ന് പാരഗ്രാഫുകൾ (16 , 17 , 18 )താങ്കൾ ഒന്ന് കൂടി വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .കോടതി പറഞ്ഞ ആ കാരണങ്ങൾ തള്ളിക്കളയാൻ യുക്തിസഹമായ എന്തെങ്കിലും കാരണങ്ങൾ താങ്കൾക്കുണ്ടോ ? ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തുകയല്ലേ വേണ്ടത് ?

  കൂലിയെഴുത്തുകാരനെ പോലെ

  കൂലിയെഴുത്തുകാരനെ പോലെ

  ലേഖനത്തിന്റെ അവസാനഭാഗത്തേക്ക് വരുമ്പോൾ ദിലീപിന് വേണ്ടിയുള്ള വെറും ഒരു കൂലിയെഴുത്തുകാരന്റെ നിലവാരത്തിലേക്ക് താങ്കൾ അധഃപതിക്കുകയാണെന്ന് പറയേണ്ടി വന്നതിൽ ഖേദമുണ്ട് . ഈ കുറ്റകൃത്യത്തിൽ ഗൂഢാലോചനയില്ലെന്ന് തീർപ്പു കൽപ്പിക്കുകയാണ് താങ്കൾ ചെയ്യുന്നത് .

  എങ്ങനെ സുനിയെ മാത്രം പറയും

  എങ്ങനെ സുനിയെ മാത്രം പറയും

  താങ്കൾ ഇങ്ങനെ പറയുന്നു ;"ദിലീപ് പ്രതിയാക്കപ്പെട്ട കേസിന് ആസ്പദമായ സംഭവത്തിന്റെ ആസൂത്രണം മുഖ്യപ്രതി സുനി നേരിട്ട് നടത്തിയതാകണം. അതിനുള്ള പ്രാപ്തിയും പരിചയവും അയാള്‍ക്കുണ്ട്." വസ്തുതകളുടെയോ തെളിവുകളുടെയോ എന്തെങ്കിലും പിൻബലമുണ്ടോ ഈ വാദത്തിന് ? ദിലീപ് ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിക്കളയാൻ എന്ത് തെളിവാണ് താങ്കളുടെ പക്കൽ ഉള്ളത് ? പ്രോസിക്യൂഷന്റെ വാദങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തിയത് കള്ളത്തരമാണ് എന്നാണോ താങ്കളുടെ വാദം ?

  ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്

  ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്

  ഈ കേസ് പൾസർ സുനിയിൽ തുടങ്ങി പൾസർ സുനിയിൽ അവസാനിക്കണം എന്നാണല്ലോ താങ്കൾ പറയുന്നതിന്റെ പച്ചമലയാളം . ഇത് കൊട്ടേഷനാണ് എന്ന് കാറിൽ കയറുമ്പോൾ തന്നെ മുഖ്യപ്രതി പറഞ്ഞു എന്ന നടിയുടെ മൊഴി പോലീസും നാട്ടുകാരും അവിശ്വസിക്കണം എന്നാണോ താങ്കളുടെ വാദം ? ആർക്കു വേണ്ടിയാണ് സെബാസ്റ്റ്യൻ പോൾ സംസാരിക്കുന്നത് ?

  കുറ്റാരോപിതന്‍ മാത്രം

  കുറ്റാരോപിതന്‍ മാത്രം

  ദിലീപ് കുറ്റവാളിയാണ് എന്ന വാദം എനിക്കില്ല .അയാൾ കുറ്റാരോപിതനാണ് .പക്ഷെ അയാൾ നിരപരാധിയാണ് എന്ന് വരുത്തി തീർക്കാനുള്ള ഈ വ്യഗ്രത ആർക്കു വേണ്ടിയാണ് ? തെളിവുകളുടെ പിൻബലമില്ലാത്ത വെറും തോന്നലുകൾ - ഇംഗ്ളീഷിൽ വിംസ് ആൻഡ് ഫാൻസീസ് എന്ന് പറയുന്നത് -തട്ടിവിടുന്ന ഏർപ്പാടാണോ താങ്കൾ നാളിതു വരെ വിദ്യാർത്ഥികളെ പഠിപ്പിച്ച ജേർണലിസം? അതോ ഒരു പ്രായം കഴിഞ്ഞാൽ എഡിറ്റോറിയൽ എന്ന പേരിൽ എന്ത് തോന്നലും എഴുതിവിടാമെന്നാണോ ? പല സീനിയർ പത്രപ്രവർത്തകരും വാർദ്ധക്യകാലത്ത് വങ്കത്തരങ്ങൾ തട്ടിമൂളിക്കുന്നത് നമ്മൾ കണ്ടിട്ടുള്ളതാണല്ലോ.

  ഒരു അഭിഭാഷകന്‍ പറയരുതാത്ത കാര്യങ്ങള്‍

  ഒരു അഭിഭാഷകന്‍ പറയരുതാത്ത കാര്യങ്ങള്‍

  ഒരു അഭിഭാഷകൻ ഒരിക്കലും പറഞ്ഞു കൂടാത്ത കാര്യങ്ങളാണ് ലേഖനത്തിന്റെ അവസാനഭാഗത്ത് താങ്കൾ പറയുന്നത് .ഒരു ക്രിമിനൽ കുറ്റം തെളിയിക്കാനുള്ള ഉത്തരവാദിത്തം ആ കേസിലെ സാക്ഷിക്കാണ് എന്നത് എത്ര മാത്രം തല തിരിഞ്ഞ വാദമാണ് ! ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് മഞ്ജുവാരിയർ ആണ് . മഞ്ജു പോലീസിനോട് പറഞ്ഞിട്ടുള്ള കാര്യങ്ങൾ പൊതു സമൂഹത്തോട് വെളിപ്പെടുത്തണം എന്ന നിലപാട് അങ്ങേയറ്റത്തെ ധാർഷ്ട്യമല്ലാതെ മറ്റൊന്നുമല്ല .

  തികഞ്ഞ അശ്ലീലമാണ് താങ്കളുടെ ചോദ്യം

  തികഞ്ഞ അശ്ലീലമാണ് താങ്കളുടെ ചോദ്യം

  മഞ്ജു അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നൊക്കെ ചോദിക്കുമ്പോൾ താങ്കൾ വെറും ഖാപ് പഞ്ചായത്തിന്റെ നിലവാരത്തിലേക്ക് താഴുകയാണ് . 'പ്രതിയുടെ സന്ദിഗ്ധത നിറഞ്ഞ വെളിപ്പെടുത്തലിന്റെയും തത്പരകക്ഷിയുടെ അവ്യക്തമായ ആരോപണത്തിന്റെയും അടിസ്ഥാനത്തില്‍ പന്താടാനുള്ളതാണോ ഒരു വ്യക്തിയുടെ ജീവനും ജീവിതവു' മെന്ന താങ്കളുടെ ചോദ്യം തികഞ്ഞ അശ്ലീലമാണെന്നു പറയാതിരിക്കാൻ വയ്യ .

  അതിവൈകാരിക പ്രകടനത്തിന്‍റെ കാരണം

  അതിവൈകാരിക പ്രകടനത്തിന്‍റെ കാരണം

  പ്രതിയുടെ വെളിപ്പെടുത്തലുകൾ പോലീസ് അവഗണിക്കണമായിരുന്നു എന്നാണോ താങ്കൾ പറയുന്നത്? 'തല്പരകക്ഷി ' എന്ന വിശേഷണം കൊണ്ട് താങ്കൾ എന്താണ് പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്നത് ? മാത്രമല്ല ,ജീവിതം പന്താടുകയാണ് എന്നൊക്കെ അതിവൈകാരിക പ്രകടനം നടത്താൻ മാത്രം ഇവിടെ എന്തുണ്ടായി?

  മറ്റ് പ്രതികള്‍ക്ക് വേണ്ടി വാദിക്കാത്തതെന്ത്?

  മറ്റ് പ്രതികള്‍ക്ക് വേണ്ടി വാദിക്കാത്തതെന്ത്?

  ദിലീപ് എന്ന നടനെ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റ് ചെയ്തതോ ? അറുപത് ദിവസം ജയിലിൽ കഴിഞ്ഞതോ ? ഇത്തരമൊരു കേസിൽ അറസ്റ്റ് ചെയ്തു അപ്പോൾ തന്നെ ജാമ്യം കൊടുക്കണമായിരുന്നു എന്നാണോ അഭിഭാഷകനായ താങ്കൾ പറയുന്നത് ? ഏതു ബലാൽസംഗ ക്കേസിലാണ് പ്രതിക്ക് അങ്ങനെ ജാമ്യം കിട്ടിയിട്ടുള്ളത് ? അതോ ദിലീപിന്റെ കേസ് കോടതി സവിശേഷമായി പരിഗണിക്കണമായിരുന്നു എന്നാണോ ? ആ കേസിലെ മറ്റൊരു പ്രതിക്ക് വേണ്ടിയും താങ്കൾ ഇത്ര വീറോടെ വാദിക്കുന്നില്ലല്ലോ ?

  ദീദി ദാമോദരനോട് മാത്രം വിദ്വേഷം?

  ദീദി ദാമോദരനോട് മാത്രം വിദ്വേഷം?

  ആക്രമിക്കപ്പെട്ട നടിയോടൊപ്പം അസന്ദിഗ്ധമായി നിലയുറപ്പിച്ച പലരുമുണ്ട് .അവരിൽ ദീദി ദാമോദരനോട് മാത്രം ഇത്ര വിദ്വേഷം തോന്നാൻ പ്രത്യേകിച്ചെന്തെങ്കിലും കാരണമുണ്ടോ ?

  മറ്റാര്‍ക്കോ വേണ്ടി എഴുതുന്നതോ?

  മറ്റാര്‍ക്കോ വേണ്ടി എഴുതുന്നതോ?

  ദീദിയുടെ അന്തരിച്ച പിതാവിനെ വരെ പരോക്ഷമായി നിന്ദിക്കുന്നത് അങ്ങേയറ്റം തരംതാണ പ്രവർത്തിയായിപ്പോയി എന്നൊരു വീണ്ടു വിചാരം താങ്കൾക്കിപ്പോൾ തോന്നുന്നുണ്ടോ ? ഇതൊക്ക താങ്കൾ മറ്റാർക്കോ വേണ്ടി എഴുതുന്നതാണ് എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാൻ കഴിയുമോ ?

  അത്രയെങ്കിലും സത്യസന്ധത കാണിച്ചല്ലോ!!!

  അത്രയെങ്കിലും സത്യസന്ധത കാണിച്ചല്ലോ!!!

  തടവുകാരുടെ മനുഷ്യാവകാശമെന്ന മട്ടിൽ താങ്കൾ ദിലീപിന് വേണ്ടി മുന്നോട്ടു വെക്കുന്ന ജാമ്യ ഹർജിയുടെ ഉദ്ദേശം മറയില്ലാതെ വെളിപ്പെടുത്തിയതിനു നന്ദി .അത്രയെങ്കിലും സത്യസന്ധത കാട്ടിയതിന് അഭിനന്ദനങ്ങൾ . ഇനി ജാമ്യാപേക്ഷ കോടതിയിൽ വരുമ്പോൾ പ്രോസിക്യൂഷൻ എതിർക്കരുത് . മനസ്സിലായി .

  കോടതി നിരീക്ഷണങ്ങളില്‍ എന്തെങ്കിലും മാറ്റം വന്നോ

  കോടതി നിരീക്ഷണങ്ങളില്‍ എന്തെങ്കിലും മാറ്റം വന്നോ

  പക്ഷേ ഒന്ന് ചോദിച്ചോട്ടെ മിസ്റ്റർ സെബാസ്റ്റ്യൻ പോൾ , ജാമ്യം നൽകാതിരിക്കാൻ കോടതി നിരീക്ഷിച്ച കാരണങ്ങൾ അത് പോലെ നില നിൽക്കുകയാണല്ലോ .ആ സാഹചര്യത്തിൽ മാറ്റം വന്നിട്ടില്ലല്ലോ . പ്രതി സിനിമാവ്യവസായത്തിൽ വൻ സ്വാധീനമുള്ള പ്രബലവ്യകതിയായതിനാൽ ജാമ്യം നൽകി പുറത്തു വിടുന്നത് കേസിനെ ദോഷകരമായി ബാധിക്കും എന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചു കൊണ്ടാണല്ലോ കോടതി ജാമ്യം നിഷേധിച്ചത് . പ്രതി പുറത്തിറങ്ങുന്നത് ആക്രമിക്കപ്പെട്ട സ്ത്രീയുടെ ജീവന് ഭീഷണിയാണ് എന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട് . ഈ നിരീക്ഷണങ്ങളെ താങ്കൾ തള്ളിക്കളയുന്നുണ്ടോ ? ഉണ്ടെങ്കിൽ എന്ത് വസ്തുതകളുടെ പിൻബലമാണ് താങ്കൾക്കുള്ളത് ?

  അവസാനത്തെ പ്രാക്ക്

  അവസാനത്തെ പ്രാക്ക്

  അവസാനത്തെ ആ പ്രാക്കുണ്ടല്ലോ ,അത് ഗംഭീരമായി എന്ന് പറയാതിരിക്കാൻ വയ്യ . 'കുറ്റക്കാരനെന്നു കണ്ടാല്‍ ദീദിക്കും കൂട്ടര്‍ക്കും മതിയാവോളം ദിലീപിനെ നമുക്ക് ശിക്ഷിക്കാമല്ലോ' എന്ന ആ വിരാമവാക്യമുണ്ടല്ലോ .അത് തകർത്തു . സമാനതകളില്ലാത്ത ഭരണകൂട ഭീകരത നേരിട്ട മദനിയെയും സക്കറിയയെയുമൊക്ക കൂട്ട് പിടിച്ചു താങ്കൾ പൊലിപ്പിച്ചെടുത്ത മനുഷ്യാവകാശത്തിന്റെ വർണക്കടലാസ് മുഴുവൻ അവസാനം വെറും ചാരമായിപ്പോയി .

  ദിലീപ് മാത്രമാണ് താങ്കളുടെ പ്രശ്നം

  ദിലീപ് മാത്രമാണ് താങ്കളുടെ പ്രശ്നം

  താങ്കളുടെ പ്രശ്നം ,ദിലീപാണ് ,ദിലീപ് മാത്രമാണ് എന്നത് മറ നീക്കി പുറത്തു വരുന്നു ആ അവസാന വാചകത്തിൽ . കുറ്റക്കാരനെന്ന് കണ്ടാൽ ' ദീദിക്കും കൂട്ടർക്കും ' മതിയാവുന്ന ശിക്ഷ കൊടുക്കുന്ന ഒരു നിയമസംവിധാനമല്ല രാജ്യത്തുള്ളത് . മദനിയും സക്കറിയയും ,നീതി നിഷേധിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന മറ്റനേകം തടവുകാരുമൊന്നുമല്ല താങ്കളെ അലോസരപ്പെടുത്തുന്നത് എന്ന് വ്യക്തം .ദിലീപാണ് .ദീദിയും കൂട്ടരുമാണ് എല്ലാ പ്രശ്നങ്ങൾക്കും ഹേതു . ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന ഒരു പെൺകുട്ടിയെ നടുറോഡിൽ കൊല്ലാക്കൊല ചെയ്തത് ദീദിയുടെയും കൂട്ടരുടെയും മാത്രം ഉൽക്കണ്ഠയാണ് .വേദനയാണ് ! അവൾക്കു നീതി കിട്ടേണ്ടത് ദീദിയുടെയും കൂട്ടരുടെയും മാത്രം ആവശ്യവുമാണ് !

  ഒരു മാധ്യമ പ്രവര്‍ത്തകന്‍ എങ്ങനെ ആകരുത്

  ഒരു മാധ്യമ പ്രവര്‍ത്തകന്‍ എങ്ങനെ ആകരുത്

  തടവുകാരുടെ മനുഷ്യാവകാശം എന്ന മന്ദ്രസ്ഥായിയിൽ തുടങ്ങി ,ദിലീപിനെ വെറുതെ വിടൂ എന്ന ആക്രോശത്തിൽ വന്നവസാനിക്കുന്ന താങ്കളുടെ ഈ മുഖപ്രസംഗം മാധ്യമചരിത്രത്തിൽ ഇടം പിടിക്കും എന്ന കാര്യത്തിൽ സംശയമില്ല . ഒരു മാധ്യമപ്രവർത്തകൻ എങ്ങനെയാവരുത് എന്ന് മാധ്യമ വിദ്യാർഥികൾക്ക് പഠിക്കാനായി അതവിടെ തന്നെ ഉണ്ടാവണം .

  ആദരാഞ്ജലികള്‍

  ആദരാഞ്ജലികള്‍

  മനുഷ്യാവകാശത്തെ കുറിച്ചും മാധ്യമധർമത്തെ കുറിച്ചുമൊക്ക പറയാനായി ഒരേ വേദിയിൽ നമ്മളിനി ഒരിക്കലും കണ്ടു മുട്ടാതിരിക്കട്ടെ .ഇന്നലെ വരെ എനിക്കറിയാമായിരുന്ന സെബാസ്റ്റ്യൻ പോളിന്-അദ്ദേഹം ഇന്നലെ വരെ ജീവിച്ച ജീവിതത്തിന് ആദരാജ്ഞലികൾ - ഇത്രയും പറഞ്ഞുകൊണ്ടാണ് ഷാഹിന തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  സെബാസ്റ്റ്യന്‍ പോളിന്‍റെ ലേഖനം

  സെബാസ്റ്റ്യന്‍ പോളിന്‍റെ ലേഖനം

  കഴിഞ്ഞ ദിവസം സൗത്ത് ലൈവില്‍ ആയിരുന്നു ദിലീപിനെ അനുകൂലിച്ചുകൊണ്ട് സൗത്ത് ലൈവില്‍ സെബാസ്റ്റ്യന്‍ പോള്‍ ലേഖനം എഴുതിയത്. ഇതിനെ സൗത്ത് ലൈവിന്‍റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. സൗത്ത് ലൈവിന്‍റെ ചെയര്‍മാനും എക്സിക്യൂട്ടീവ് എഡിറ്ററും ആണ് ഡോ സെബാസ്റ്റ്യന്‍ പോള്‍.

  ഷാഹിനയുടെ കുറിപ്പ്

  സെബാസ്റ്റ്യന്‍ പോളിന്‍റെ ലേഖനം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതിന് ഷാഹിന എഴുതിയ മറുപടി ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഷാഹിനയുടെ പോസ്റ്റ് വായിക്കാം.

  English summary
  Attack Against Actress: Shahin Nafeesa's reply to Sebastian Paul;s article supporting Dileep

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more