ക്ലിന്റിന്റെ ഓര്‍മയില്‍ അന്താരാഷ്ട്ര ചിത്രരചന
തിരുവനന്തപുരം: ക്ലിന്റിനെ ഓര്‍മയില്ലേ...എഡ്മണ്ട് തോമസ് ക്ലിന്റ്.... വെറും ഏഴ് വര്‍ഷത്തെ ജീവിതം കൊണ്ട് ക്ലിന്റിന്റെ വിരലുകളാല്‍ എഴുതിയ ചിത്രങ്ങള്‍, അത് മാത്രം പോരെ അകാലത്തില്‍ പൊലിഞ്ഞ ആ കുഞ്ഞു കലാകാരെ ഓര്‍ക്കാന്‍.
ഇപ്പോള്‍ ക്ലിന്റിന്റെ പേരില്‍ ഒരു അന്താരാഷ്ട്ര ചിത്രകലാ മത്സരം നടക്കുകയാണ് തിരുവനന്തപുരത്ത്. ഏഴാം പിറന്നാളിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ലോകത്തോട് വിടപറഞ്ഞ് പറന്ന് പോയ ആ കുഞ്ഞു കലാകാരനുള്ള ആദരമാണ് ഈ മത്സരം. (മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍)
ഏഴ് വയസ്സിനുള്ളില്‍ കുഞ്ഞു ക്ലിന്റ് അന്ന വരച്ചിട്ടത് 25000 ല്‍ അധികം ചിത്രങ്ങളാണ്. പാഴ്ക്കടലാസുകളില്‍ ചാര്‍ക്കോളും ക്രയോണ്‍സും, പെന്‍സിലും എന്തിന് ബോള്‍പോയന്റ് പെന്നുകൊണ്ടുപോലും ക്ലിന്റ് ചിത്ര വിസ്മയങ്ങള്‍ തീര്‍ത്തു. ഒരു കുഞ്ഞുകുട്ടിയുടെ മനസ്സിനപ്പുറത്തേക്ക് വളര്‍ന്നതായിരുന്നു ക്ലിന്റിന്റെ ചിത്രങ്ങള്‍. കേരളത്തിന്റെ സാംസ്കാരികത്തനിമ ആ ചിത്രങ്ങള്‍ ലോകത്തോട് വിളിച്ചുപറഞ്ഞു.
തിരുവനന്തപുരത്ത് സംസ്ഥാന ടൂറിസം വകുപ്പാണ് ക്ലിന്റിന്റെ ഓര്‍മയില്‍ ചിത്ര രചനാമത്സരം സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു. ടൂറിസം മന്ത്രി എപി അനില്‍കുമാര്‍ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
അഞ്ച് മാസം നീണ്ടു നില്‍ക്കുന്നതാണ് ചിത്രരചനാ മത്സരം. ജനുവരി 15 മുതല്‍ മെയ് 31 വരെ. നാലിനും 15 നും ഇടില്‍ പ്രായമുള്ള കുട്ടികള്‍ക്ക പങ്കെടുക്കാം. അഞ്ച് എന്‍ട്രികള്‍ വരെ അയക്കാം. വിവരങ്ങള്‍ക്ക് http://www.keralatourism.org/clint വെബ്സൈറ്റ് സന്ദര്‍ശിക്കുക. മത്സരത്തിന്റെ പ്രചാരണത്തിനായി ഫേസ്ബുക്ക് പേജ് ആരംഭിച്ചിട്ടുണ്ട്. കെടിഡിസിയുടെ ഐടി കണ്‍സള്‍ട്ടന്റായ ഇന്‍വിസ് മള്‍ട്ടിമീഡിയയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.

എഡ്മണ്ട് തോമസ് ക്ലിന്റ്
ഏഴ് വയസ്സ് പൂര്‍ത്തിയാക്കാന്‍ ഒരു മാസം ശേഷിക്കുമ്പോഴാണ് 1983 ഏപ്രില്‍ 15 ന് ക്ലിന്റ് എന്ന കൊച്ചു ചിത്രകാരന് ലോകത്തോട് വിടപറഞ്ഞത്. എന്നാല്‍ എന്നും ഓര്‍മിക്കാന്‍ പോന്ന ഒരുപിടി ചിത്രങ്ങളാണ് അവന് ഈ ലോകത്തിന് സമ്മാനിച്ചത്.

കേരളത്തനിമ
ഒരു കൊച്ചുകുട്ടിയായിരുന്നെങ്കിലും അവന്റെ കണ്ണുകള്‍ ചുറ്റുമുള്ള കാഴ്ചകള്‍ എല്ലാം ഒപ്പിയെടുത്തിരുന്നു.

വര്‍ണ വിസ്മയം
നിറങ്ങളെ അത്രയേറെ തിരിച്ചറിഞ്ഞിരുന്നു കുഞ്ഞു ക്ലിന്റ് എന്നതിന്റെ തെളിവാണ് ഈ ചിത്രം

തൃശൂര്‍ പൂരം
കേരളത്തിന്റെ പൂരപ്പറമ്പുകളും അവിടത്തെ കാഴ്ചകളും ക്ലിന്റിന്റെ ചിത്രങ്ങളില്‍ പലയിടത്തായി തെളിഞ്ഞു കണ്ടിരുന്നു. ഇവിടെ തൃശൂര്‍ പൂരം

ആന
ക്ലിന്റിന്റെ മനഹോരമായ ചിത്രങ്ങളില്‍ ഒന്നാണിത്. നിറങ്ങളൊന്നും വേണ്ട, ഒരു പെന്‍സിലോ പേനയോ കിട്ടിയാല്‍ മതിയായിരുന്നു ക്ലിന്റിന് ഒരു ചിത്രമൊരുക്കാന്‍.

അച്ഛനും അമ്മയും
ക്ലിന്റിന്റെ മാതാപിതാക്കളായ എംടി ജോസഫിനും ചിന്നമ്മക്കും ഒപ്പം ടൂറിസം മന്ത്രി എപി അനില്‍ കുമാര്‍

ചിത്രരചനാമത്സരം
ക്ലിന്റിന്റെ സ്മരണയില്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം മന്ത്രി എപി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു