കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസ് 18 ചര്‍ച്ചയില്‍ മംഗളം വെള്ളംകുടിച്ചു? പത്രത്തെക്കുറിച്ച് ചോദിച്ച് ഞെട്ടിച്ച് ഹരീഷ് വാസുദേവൻ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച മംഗളം ടെലിവിഷന്‍ വാര്‍ത്ത സംബന്ധിച്ചായിരുന്നു ന്യൂസ് 18 കേരളത്തിലെ കഴിഞ്ഞ ദിവസത്തെ ചര്‍ച്ച. ഒരു ചാനല്‍ പുറത്ത് വിട്ട വാര്‍ത്ത സംബന്ധിച്ച് ആ ചാനലിന്റെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തി മറ്റൊരു ചാനല്‍ നടത്തിയ ചര്‍ച്ച എന്ന രീതിയില്‍ ഏറെ പ്രധാന്യം അര്‍ഹിക്കുന്നതായിരുന്നു ന്യൂസ് 18 ലെ ചര്‍ച്ച.

മംഗളം ടെലിവിഷനെ പ്രതിനിധീകരിച്ച് കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ എംബി സന്തോഷ് ആണ് ന്യൂസ് 18 കേരളത്തിന്റെ പ്രൈം ഡിബേറ്റില്‍ പങ്കെടുത്തത്. അഭിഭാഷകരായ അഡ്വ സെബാസ്റ്റ്യന്‍ പോള്‍, ഹരീഷ് വാസുദേവന്‍ സാമൂഹ്യ പ്രവര്‍ത്തനും അധ്യാപകനും ആയ എംഎന്‍ കാരശ്ശേരി, മാധ്യമ പ്രവര്‍ത്തക ഷാഹിന എന്നവരും ഇ സനീഷ് നയിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു.

മുന്പൊരിക്കൽ മംഗളം പത്രം ഹൈക്കോടതി ജഡ്ജിമാർക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തയെ സംബന്ധിച്ചായിരുന്നു ഹരീഷിന്റെ പരാമർശം. ചാനലിനെ കുറിച്ച് പറയുന്പോൾ എന്തിനാണ് പത്രത്തിന്റെ പഴയ വാർത്തയെ കുറിച്ച് പറയുന്നത് എന്ന ചോദ്യവും മറ്റ് ചിലർ ഉന്നയിക്കുന്നുണ്ട്.

മാധ്യമ ധാര്‍മികതയില്‍ കുറ്റബോധം

മാധ്യമ ധാര്‍മിക പാലിക്കാനായില്ല എന്ന കുറ്റബോധം തോന്നിയിട്ടുണ്ടോ എന്നായിരുന്നു സനീഷിന്റെ ആദ്യ ചോദ്യം. എന്നാല്‍ അങ്ങനെ ഒരു കുറ്റബോധം തോന്നിയിട്ടില്ലെന്നും മാധ്യമ ധാര്‍മികയുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഈ വാര്‍ത്ത പുറത്ത് വിട്ടതും എന്നായിരുന്നു എംബി സന്തോഷിന്റെ മറുപടി.

പരാതിപറയാനെത്തിയ വീട്ടമ്മ

മന്ത്രിയുടെ ഓഫീസില്‍ പരാതി പറയാനെത്തിയ ഒരു വീട്ടയുടെ ഫോണ്‍ നമ്പര്‍ വാങ്ങി അശ്ലീല സംഭാഷണം നടത്തുക എന്നത് അധികാര ദുര്‍വിനിയോഗം ആണെന്നാണ് മംഗളത്തിന്റെ വാദം.

ഇനിയും ഉച്ചത്തില്‍

ഇനിയും ആരെങ്കിലും ഇത്തരം കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ഇനിയും ഉച്ചത്തില്‍ തങ്ങളുടെ നിലപാട് ആവര്‍ത്തിക്കുക തന്നെ ചെയ്യും എന്നും എംബി സന്തോഷ് വ്യക്തമാക്കുന്നുണ്ട്.

അനാശാസ്യമായ പ്രവര്‍ത്തി

അപൂര്‍ണമായ വാര്‍ത്തയാണ് മംഗളം ടിവി നല്‍കിയത് എന്ന വാദമാണ് അഭിഭാഷകനും മുന്‍ എംപിയും മാധ്യമ നിരീക്ഷകനും ആയ ഡോ സെബാസ്റ്റിയന്‍ പോള്‍ പ്രതികരിച്ചത്. എംബി സന്തോഷ് പറഞ്ഞ ഒരു വാദത്തേയും സാധൂകരിക്കുന്ന ഒന്നും തന്നെ ആ വാര്‍ത്തയില്‍ ഉണ്ടായിരുന്നില്ലെന്നും തീര്‍ത്തും അനാശാസ്യകരമായ പ്രവര്‍ത്തനമാണ് മംഗളം ടി ചെയ്തത് എന്നും ആയിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ വിമര്‍ശനം.

അനാവശ്യ രാജി

മന്ത്രിയുടെ രാജി അനാവശ്യമാണെന്നാണ് തന്റെ അഭിപ്രായം എന്നാണ് എംഎന്‍ കാരശ്ശേരി പ്രതികരിച്ചത്. മുഖ്യമന്ത്രി രാജി തിരിച്ച് നല്‍കണമായിരുന്നു. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഇടിച്ച് കയറ്റവും അധാര്‍മികവും ആണ് മംഗളം ചെയ്ത കാര്യം എന്നും എംഎന്‍ കാരശ്ശേരി പറയുന്നു.

ഒരു പരാതി വേണം

ഒരു പരാതി പോലും ഇല്ലാത്ത കാര്യമാണ്. ഫോണിന്റെ അങ്ങേത്തലക്കല്‍ ആരാണെന്ന് പോലും അറിയില്ലെന്നും കാരശ്ശേരി പറയുന്നു. സദാചാര ഗുണ്ടായിസമാണ് മംഗളം കാണിച്ചത് എന്നും കാരശ്ശേരി വിമര്‍ശനം ഉന്നയിക്കുന്നു.

സമഗ്ര അന്വേഷണം നടത്തണം

മന്ത്രി രാജി വയ്‌ക്കേണ്ട കാര്യമില്ലെന്നാണ് തന്റെ അഭിപ്രായം എന്നാണ് മാധ്യമ പ്രവര്‍ത്തകയായ കെകെ ഷാഹിന പ്രതികരിച്ചത്. സമഗ്രമായ അന്വേഷണം നടത്തണം. മന്ത്രി കുറ്റക്കാരനല്ലെങ്കില്‍ വാര്‍ത്ത പുറത്ത് വിട്ടവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണം എന്നും ഷാഹിന അഭിപ്രായപ്പെട്ടു.

എന്താണ് കുറ്റം?

മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി എന്ന ആരോപണമാണ് മംഗളം ഉയര്‍ത്തുന്നത്. എന്നാല്‍ പുറത്ത് വിട്ട ടെലിഫോണ്‍ സംഭാഷണത്തില്‍ അത് വ്യക്തമാക്കുന്ന തെളിവുകള്‍ ഒന്നും തന്നെ ഇല്ല. നാട്ടുകാരെ ബാധിക്കുന്ന എന്ത് കുറ്റമാണ് മന്ത്രി ചെയ്തത്? അതിനുള്ള തെളിവുകള്‍ എന്തുകൊണ്ടാണ് ആ റിപ്പോര്‍ട്ടില്‍ ഇല്ലാതെ പോയത്- സനീഷിന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു.

ഇതിനേക്കാള്‍ കൂടുതല്‍ മസാലയുള്ള തെളിവ്

ഇതിനേക്കാള്‍ കൂടുതല്‍ മസാലയുള്ള കാര്യങ്ങളാണ് തെളിവുകള്‍ എന്നായിരുന്നു എംബി സന്തോഷിന്റെ മറുപടി. എന്നാല്‍ മസാലയല്ലാതെ തെളിവ് പുറത്ത് വിടാത്തത് എന്താണെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയും അദ്ദേഹം നല്‍കിയില്ല.

ഇത്രയും കൊടുത്തിട്ടും തെളിവ് കൊടുത്തില്ല

കുട്ടികളെ ടിവിയ്ക്ക് മുന്നില്‍ നിന്ന് മാറ്റണം എന്ന് അവതാരക പറയുന്നു, കേട്ടിരുന്ന അതിഥികള്‍ ചെവി പൊത്തുന്നു. ഇത്രയും കാര്യങ്ങള്‍ ചെയ്തിട്ടും എന്തുകൊണ്ടാണ് തെളിവ് കൊടുക്കാതിരുന്നത് എന്ന ചോദ്യം സനീഷ് വീണ്ടും ഉന്നയിച്ചു.

ചോദ്യമെന്ത് ഉത്തരമെന്ത്...

തെളിവ് സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതിരുന്ന മംഗളം പ്രതിനിധി ജോസ് തെറ്റയിലിന്റെ വിവാദമാണ് പിന്നീട് എടുത്തിട്ടത്. എന്നാല്‍ അതിനും സനീഷിന്റെ മറുപടി വന്നപ്പോള്‍ പിന്നെ, ഇരയെ കടിച്ചുകീറാന്‍ ഇട്ടുകൊടുക്കാത്ത മാധ്യമ സംസ്‌കാരമാണ് തങ്ങളുടേത് എന്നായി എംബി സന്തോഷ്.

കേട്ടത് തുണ്ട് ഓഡിയോ

മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം നല്‍കാത്തതാണ് മംഗളം പുറത്ത് വിട്ട് ഓഡിയോ എന്നായിരുന്നു ഹരീഷ് വാസുദേവന്റെ വിമര്‍ശനം. ന്യൂ ജനറേഷന്‍ ഭാഷയില്‍ പറയുകയാണെങ്കില്‍ മംഗളം പുറത്ത് വിട്ടത് ഒരു തുണ്ട് ഓഡിയോ ആണെന്നും ഹരീഷ് അതിരൂക്ഷമായി വിമര്‍ശിച്ചു.

ഭീഷണിപ്പെടുത്തി

തങ്ങളുടെ കൈവശം ഇതിലും വലുതുണ്ട് എന്ന ഭീഷണിയാണ് ഇപ്പോള്‍ മംഗളം ഉയര്‍ത്തി മന്ത്രിയെ രാജിവപ്പിച്ചിരിക്കുന്നത് എന്നും ഹരീഷ് ആക്ഷേപം ഉന്നയിക്കുന്നു. മംഗളത്തിന്റെ കണ്ടന്റിനെ നമ്മള്‍ ഭയപ്പെടേണ്ടിവരും എന്നും ഹരീഷ് ആരോപിച്ചു.

മംഗളത്തിന്റെ ചരിത്രം

ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തില്‍ ഒരു അവകാശവാദത്തിനും മംഗളത്തിന് അവകാശമില്ലെന്ന വിമര്‍ശനം ഉന്നയിച്ചത് സെബാസ്റ്റ്യന്‍ പോള്‍ ആയിരുന്നു. സൂര്യനെല്ലി കേസ് മുതല്‍ ഏറ്റവും ഒടുവില്‍ നടി ആക്രമിക്കപ്പെട്ട കേസ് വരെ ഇരയുടെ കാര്യത്തില്‍ ഒരു നൈതികയും മംഗളം പത്രത്തിന്റെ കാര്യത്തില്‍ അവകാശപ്പെടാന്‍ കഴിയില്ലെന്നായിരുന്നു സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞത്. അങ്ങനെയുള്ള ഒരു സ്ഥാപനത്തില്‍ നിന്നാണ് മംഗളം ടെലിവിഷനും എന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞത്.

മംഗളം നടത്തിയ ഹണി ട്രാപ്പ് അല്ല

മംഗളം നടത്തിയത് ഹണി ട്രാപ്പ് അല്ല എന്ന വാദമാണ് എംബി സന്തോഷിന്റേത്. ഒരു പരാതി തങ്ങള്‍ക്ക് ലഭിക്കുകയും തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഓഡിയോ ക്ലിപ്പ് ലഭിക്കുകയും അതിന്റെ ആധികാരികത ഉറപ്പാക്കുകയും ചെയ്തതിന് ശേഷമാണ് വാര്‍ത്ത പുറത്ത് വിട്ടത് എന്നാണ് വാദം.

പരാതി നല്‍കിയില്ല എന്നത് വലിയ കാര്യമല്ല

പരാതി നല്‍കിയില്ല എന്ന് പറയുന്നത് വെറും സാങ്കേതിക പ്രശ്‌നം മാത്രമാണെന്നാണ് മംഗളത്തിന്റെ നിലപാട്. നീതി നിഷേധിക്കപ്പെട്ടവര്‍ക്കും ഇരകള്‍ക്കും ഒപ്പമാണ് തങ്ങളെന്നും എംബി സന്തോഷ് പറഞ്ഞു. അതിനെ എന്ത് പേരിട്ടാലും തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നതും അദ്ദേഹം പറഞ്ഞു.

ആകെപ്പാടെ ലൈംഗിക സംഭാഷണം മാത്രം

പുറത്ത് വിട്ട വാര്‍ത്തയില്‍ ആകെ കാണുന്നത് ലൈംഗിക സംഭാഷണം മാത്രമാണ്. എന്നാല്‍ എന്ത് അധികാര ദുര്‍വിനിയോഗം ആണ് നടന്നത് എന്ന് തെളിയിക്കാന്‍ എന്ത് വിവരം ആണ് പുറത്ത് വിടുന്നത്... എന്ന് അത് പുറത്ത് വിടും... ചോദ്യങ്ങള്‍ അനവധിയാണ് സനീഷിന്റെ ഭാഗത്ത് നിന്നും ഉയര്‍ന്നത്. ഇര എന്ന് പറയുന്നത് സമ്മതിക്കാന്‍ പറ്റുമോ എന്നും സംശയം.

നല്ല ഹണി ട്രാപ്പ്

നല്ല ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുളള ഹണി ട്രാപ്പുകളെ തങ്ങള്‍ അംഗീകരിക്കുന്നു എന്ന് പോലും എംബി സന്തോഷ് പറയുന്നുണ്ട്. ്അന്വേഷണം വന്നാല്‍ എല്ലാ തെളിവുകളും ഹാജരാക്കാന്‍ തയ്യാറെന്നും പറയുന്നു.

എന്തെങ്കിലും തെളിയിക്കണ്ടേ

മന്ത്രി അധികാര ദുര്‍വിനിയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അത് എന്താണെന്ന് കൂടി വ്യക്തമാക്കേണ്ട ബാധ്യത മംഗളത്തിന് ഉണ്ടെന്ന് ഹരീഷ് വാസുദേവന്‍ പറയുന്നു. മന്ത്രി അങ്ങോട്ട് വിളിച്ചതല്ല, കോള്‍ മന്ത്രിയ്ക്ക് വന്നതാണെന്ന് വ്യക്തമാണെന്നും ഹരീഷ് ആ ഓഡിയോയെ മുന്‍ നിര്‍ത്തി പറയുന്നുണ്ട്.

മംഗളത്തെ ഞെട്ടിക്കുന്ന ആരോപണം

മംഗളം പത്രത്തിനെതിരെ അതി ഗുരുതരമായ ആരോപണവും ഹരീഷ് ഉന്നയിച്ചിട്ടുണ്ട്. അഞ്ച് ഹൈക്കോടതി ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് മംഗളം പത്രത്തില്‍ ഒന്നാം പേജ് വാര്‍ത്ത വന്നിരുന്നു. ഇതിനെതിരെ പൊതു താത്പര്യ ഹര്‍ജിയും ഉണ്ടായി കോടതിയലക്ഷ്യത്തിന് കേസ് എടുക്കണം എന്ന ആവശ്യവും ഉണ്ടായി.

മാപ്പെഴുതിക്കൊടുത്ത കഥ

ഈ സംഭവത്തില്‍ മംഗളം പത്രത്തിന്റെ എഡിറ്റര്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ വന്ന് തെറ്റുപറ്റിയെന്ന് പറഞ്ഞ് മാപ്പെഴുതിക്കൊടുത്തു എന്നാണ് ഹരീഷ് പറഞ്ഞത്. ഇക്കാര്യം വേണമെങ്കില്‍ പരിശോധിക്കാമെന്നും ഹരീഷ് പറയുന്നു.

വരും ദിവസങ്ങളില്‍

എല്ലാ തെളിവുകളും വരും ദിവസങ്ങളില്‍ പുറത്ത് വരും എന്നാണ് എംബി സന്തോഷ് ഇതിന് മറുപടി നല്‍കുന്നത്. എന്നാല്‍48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു തെളിവും ഇതുവരെ പുറത്ത് വന്നിട്ടില്ല.

ഹരീഷ് വീണ്ടും

മംഗളത്തിനെതിരെ മറ്റൊരു ആരോപണവും ഹരീഷ് ഉന്നയിച്ചിരുന്നു. അത് ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ അത് ഈ വിഷയവുമായി ബന്ധപ്പെട്ടതല്ലെന്ന് ചൂണ്ടിക്കാണിച്ച് സനീഷ് തന്നെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

വീഡിയോ കാണാം

ന്യൂസ് 18 കേരളം മാർച്ച് 26 ന് രാത്രി നടത്തിയ പ്രൈം ഡിബേറ്റ് കാണാം

English summary
News 18 Keralam conducted Prime Debate on Mangalam TV revelation about AK Saseendran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X