കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെയ്യക്കോലത്തിലൂടെ.. നാടിന്‍റെ അറുതിയും വറുതിയും തീര്‍ക്കുന്ന പുതിയോത്ര!!

  • By Desk
Google Oneindia Malayalam News

വിശ്വാസത്തിൻറെ ശക്തിയിൽ അഗ്നി പോലും അടിയറവ് പറയുമെന്ന തിരിച്ചറിവാണ് ഓരോ തെയ്യങ്ങളുമേകുന്നത്. കാലത്തിൻറെ കുത്തൊഴുക്കിലും ഒട്ടും ശോഭകുറയാതെ തെയ്യങ്ങൾ ആടിത്തിമിർക്കുമെന്ന് ഓരോ തെയ്യക്കാലവും വിളിച്ചോതുന്നു. ഒരുജനതയുടെ വിശ്വാസവും ആചാരങ്ങളുമെന്നതിനപ്പുറം അതിജീവനത്തിന്‌റെ, ആവേശത്തിൻറെ വലിയൊരു കല കൂടിയാണ് ഓരോ തെയ്യങ്ങളും.

കണ്ണൂരിലെ അഴീക്കോട് പുതിയ ഭഗവതിക്കാവ്. വിഷുവിന് രണ്ട് ദിവസം മുൻപാണ് ഇവിടെ എന്നും തെയ്യം കെട്ടി ആടാറുള്ളത്. ഇത്തവണ ഏപ്രിൽ പതിനഞ്ചിനായിരുന്നു വിഷു എന്നത് കൊണ്ട് തന്നെ 13,14 ദിവസങ്ങളിലായിരുന്നു തെയ്യം. പ്രധാന കോലം പുതിയ ഭഗവതിയാണ്. തെയ്യക്കാലമായാൽ കാവിന് ഒരു പ്രത്യേക മണവും താളവുമാണ്. കാവിൻ മുറ്റത്ത് പൂത്ത് നിൽക്കുന്ന ഇലഞ്ഞി, തൂക്കുവിളക്കിൽ തിരിക്കത്തുന്ന മണം, കാവിൻ ഒരറ്റത്ത് കൂട്ടിയിട്ട കുരുത്തോല, വിശ്വാസികൾക്ക് നൽകാനായി കാവിൽ തന്നെ തയ്യാറാക്കുന്ന ഇടിച്ച മഞ്ഞൾ, തെയ്യക്കോലങ്ങൾക്ക് വരയ്ക്കാനുള്ള ചായങ്ങൾ, തുളസിയും പൂക്കളും ചേർത്ത മാലകൾ ഇങ്ങനെ നിറയുന്ന മണങ്ങൾ.. താളങ്ങളായി ചെണ്ടയും ചേങ്ങിലയും കാവിൻ വളപ്പിൽ കുട്ടികൾക്കായി കൊണ്ട് നിരത്തിയ ചന്തകളും വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ പരിചയം പുതുക്കുന്ന ബന്ധുക്കളുടെ സൗഹൃദ സംഭാഷണങ്ങൾ ഇങ്ങനെ പോകും കാഴ്ചകളും മേളങ്ങളും.

പുറപ്പാട്

പുറപ്പാട്

13 ന് ഉച്ചയോടെയാണ് തെയ്യപുറപ്പാട്. ആദ്യം തോറ്റമാണ് അരങ്ങേറുക. തോറ്റമെന്നാൽ തെയ്യം പൂർണ കോലത്തിലാകുന്നതിന് മുമ്പുള്ള ചെറു രൂപമാണ്. തെയ്യത്തിൻറേതായ കോലങ്ങളോ ആടയാഭരണങ്ങളോ കാണില്ല. ചുവന്ന പട്ടും നെറ്റിപട്ടവും മാത്രാകും. ലക്ഷമണൻ പെരുവണ്ണാൻ ആണ് വർഷങ്ങളായി അഴീക്കോട് കാവിൽ പുതിയ ഭഗവതിയുടെ കോലം കെട്ടിയാടുന്നത്.

പുലർച്ചയോടെ

പുലർച്ചയോടെ

പുലർച്ചെ മൂന്ന് മണിയോടെ ലക്ഷമണ പെരുവണ്ണാൻ നീട്ടിയിട്ട മെടഞ്ഞ ഓലമെത്തയിൽ കിടന്നു. അപ്പോഴേക്കും ശിഷ്യൻമാരായി ഒപ്പമെത്തിയവർ കൺമഷിയും മനയോലയുമെല്ലാം ചേർത്ത് മുഖത്തെഴുത്ത് തുടങ്ങി. ഒരു മണിക്കൂറോളം നീണ്ട മുഖത്തെഴുത്ത്. ഇതു പൂർത്തി ആയപ്പോൾ തന്നെ എന്തിനേയും സംഹരിക്കാൻ കഴിവുള്ള ദേവിയുടെ രൂപത്തിലേക്ക് ലക്ഷമണൻ പെരുവണ്ണാൻ പ്രവേശിച്ച് കഴിഞ്ഞിരുന്നു. മെല്ലെ പട്ടും ഉടയാടകളും അണിഞ്ഞു.

പരകായ പ്രവേശം

പരകായ പ്രവേശം

പതിയെ പതിയെ പരദേവതയായുള്ള പരകായ പ്രവേശം പൂർത്തിയായികൊണ്ടിരുന്നു. കുരുത്തോലയിൽ മെനഞ്ഞെടുത്ത കിരീടം, കിരീടത്തിന് ചുറ്റം ചെറുപന്തങ്ങൾ.. മുൻപിലും പുറകിലും ഇടതും വലതുമായി ആറ് വലിയ പന്തങ്ങൾ നാട്ടുപരദേവതയായി പുതിയോത്രയെന്ന അഗ്‌നി ദേവത കാവിൻ നടയിലേക്ക് ഓടി. ചെണ്ടകൾ മുറകി. ഭക്തിയും വിശ്വാസവും പരകോടിയിലെത്തുന്ന നിമിഷങ്ങൾ.

ആളിക്കത്തുന്ന പന്തങ്ങൾ

ആളിക്കത്തുന്ന പന്തങ്ങൾ

കൂടി നിൽക്കുന്ന വിശ്വാസികൾക്ക് നേരെ ചീറിപാഞ്ഞ നാട്ടുദേവത അഗ്‌നിവലയത്തിനുള്ളിലൂടെ വിശ്വാസികൾക്ക് മുന്നിൽ ആടി തിമിർത്തു. ഇടയ്ക്കിടെ തൻറെ രൗദ്രഭാവത്തോടെ ഭക്തരെ പേടിപ്പെടുത്തി പുതിയോത്ര നീങ്ങി. ഇടയ്ക്ക് കാവിൻറെ ഒരുവശത്ത് കൂട്ടിയ ചെറു മേലേരിയിലേക്ക് എടുത്ത് ചാടി. എത്ര സ്വയം കത്തിയെരിഞ്ഞാലും പുതിയവളാണ് താനെന്നു തൻറെ ചുവടുകളിലൂടെ പരദേവത കാണിച്ച് കൊണ്ടേയിരുന്നു.. ഇടയ്ക്കിടെ വിശ്വാസികളിൽ പലരും നേർച്ചയായി കൈയ്യിൽ കരുതിയ വെളിച്ചെണ്ണ ദേവിയുടെ ദേഹത്തെ പന്തങ്ങളിലേക്ക് ഒഴിച്ചുകൊണ്ടേയിരുന്നു. പന്തങ്ങൾ ആളിപടർന്നു. വകവയ്ക്കാതെ ദേവി സ്വരൂപം ചടുലചുവടുകളുമായി നീങ്ങിക്കൊണ്ടേയിരുന്നു.

അനുഗ്രഹിച്ചു നീങ്ങി

അനുഗ്രഹിച്ചു നീങ്ങി

കോമരം വാളും പരിചയും നൽകിയതോടെ ദേവീ സ്വരൂപം രൗദ്രതയിൽ നിന്ന് മടങ്ങി ശാന്തയായി. പതിയെ വാചാൽ ( പുതിയ ഭഗവതിയുടെ കഥ) പറഞ്ഞ് തുടങ്ങി. പിന്നാലെ എരിഞ്ഞടങ്ങിയ പന്തങ്ങളിൽ നിന്ന് പതിയ പുക പുറത്തേക്കൊഴുകി. ചുറ്റും കൂടിയ ഭക്തരിലേക്ക് അനുഗ്രഹം ചൊരിഞ്ഞു. എല്ലാവർക്കും മഞ്ഞൾ കുറിയും ചെക്കിപൂവും പ്രസാദമായി നൽകി. ഒടുവിൽ തറവാട്ടിലെ ദൈവങ്ങളേയും ഗുരുകാരണവൻമാരേയും തൊട്ടു വണങ്ങി മുടിയഴിച്ചു.

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

നാട്ടിലേയും ദേവലോകത്തേയും സർവ്വർക്കും നന്മ പരത്താൻ പരമശിവൻ ചീറുമ്പ ദേവിയെ സൃഷ്ടിച്ചു. എന്നാൽ ദേവലോകത്തും നാട്ടിലും വസൂരി പടർത്തിയ ചീറുമ്പ ദേവി നാട്ടിലേയും ദേവലോകത്തേയും രീതികളിൽ പല മാറ്റങ്ങൾ കൊണ്ടുവന്നു. സൃഷ്ടാവ് ആയ പരമശിവനും വസൂരി നൽകി. ഇരുലോകങ്ങളും നാശത്തിൻറെ വക്കിലേക്ക് നീങ്ങിയതോടെ ദേവതകൾ പരമശിവനെ സമീപിച്ചു. പരിഹാരമെന്നോണം മഹാദേവൻ ഒരു യാഗം നടത്താൻ തിരുമാനിച്ചു. യാഗത്തിൻറെ നാൽപതാം ദിവസം ഹോമത്തിൽ നിന്നും പുതിയൊരു പൊൻമകൾ പൊടിച്ചുയർന്നു. അങ്ങനെയാണ് അത് പുതിയ ഭഗവതിയായി മാറിയത്.

നാടിന്‍റെ അറുതിയും വറുതിയും നീക്കി

നാടിന്‍റെ അറുതിയും വറുതിയും നീക്കി

ദേവലോകത്ത് നിന്നും മാനുഷ ലോകത്ത് നിന്നും വസൂരി തടവി ഒഴിവാക്കാൻ പരമശിവൻ പുതിയ ഭഗവതിയോട് ആവശ്യപ്പെട്ടു.ആദ്യം ദേവി മഹാദേവൻറെ വസൂരി തടവി മാറ്റി. പിന്നീട് ഭൂമിയിലേക്ക് രോഗം തടവി ഒഴിവാക്കാൻ ദേവി പുറപ്പെട്ടു. മഹാദേവൻ നൽകിയ വാളും ചിലമ്പും കനക പൊടിയും കയ്യേറ്റി മാനുഷ ലോകത്തേക്ക് യാത്ര തിരിച്ചു. തുടർന്ന് ദേവി നാടിൻറെ അറുതിയും വറുതിയും നീക്കി നാടിനെ കാത്ത് സംരക്ഷിച്ചു.''തന്തക്കും തറവാട്ടിനും മേലാക്കത്തിനും മേൽ ഗൃഹത്തിനും ഗുണം വരണേ.. ഗുണം വരണം'' ഇങ്ങിനെയാണ് പുതിയ ഭഗവതി ജനങ്ങളെ അനുഗ്രഹിക്കുന്നത്.

English summary
puthyothy theyyam in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X