കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്ലിയാമ്പലിലൂടെ അനശ്വരനായ ജോബ്

  • By Staff
Google Oneindia Malayalam News

സംഗീതം നല്കിയ ഒരൊറ്റ ഗാനം കൊണ്ട് അനശ്വരനാകുക. ആ ഭാഗ്യം സിദ്ധിച്ച സംഗീതസംവിധായകനാണ് ജോബ് മാസ്റര്‍. 74ാം വയസ്സില്‍ പാര്‍ക്കിന്‍സണ്‍സ് രോഗവും ഒരു പിടി പ്രാരാബ്ധങ്ങളും ബാക്കിയാക്കി അദ്ദേഹം പോയെങ്കിലും ആ പേര് മലയാളം എന്നെന്നും ഓര്‍മ്മിയ്ക്കും- കാരണം അല്ലിയാമ്പല്‍ കടവിലന്നരയ്ക്കുവെള്ളം ... എന്ന ഗാനം ഒരിയ്ക്കലും മരിയ്ക്കാന്‍ പോകുന്നില്ല.

മലയാളികളുടെ ഏറ്റവും വലിയ നൊസ്റാള്‍ജിയകളില്‍ ഒന്നായി അല്ലിയാമ്പല്‍ക്കടവില്‍.....ഇന്നും പാടിക്കൊണ്ടിരിയ്ക്കുന്നു. യേശുദാസ് എന്ന ഗായകനെ പ്രസിദ്ധനാക്കിയതും ഈ ഗാനമാണ്.

സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ജോബ് മാസ്റര്‍ നിര്‍ഭാഗ്യവാനായിരുന്നു. ദൈവത്തില്‍ ഏറെ വിശ്വസിച്ചിട്ടും നിഷ്കളങ്കനായിട്ടും അദ്ദേഹത്തിന് സംഗീതജീവിതത്തില്‍ ഒരു നല്ല വഴി തുറന്നുകിട്ടിയില്ല. അവസാനം വരെ അദ്ദേഹത്തിന് കൂടെക്കൊണ്ടുനടക്കാന്‍ സംഗീതം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ചെറുപ്പത്തിലേ സംഗീതം ജോബ്മാസ്റര്‍ക്ക് ഭ്രാന്തായിരുന്നു. പ്രത്യേകിച്ചും ഹിന്ദുസ്ഥാനി സംഗീതം. അതു പഠിയ്ക്കാന്‍ അദ്ദേഹം സിംലയില്‍ ജിതേന്ദ്രപ്രസാദ് എന്ന സംഗീതജ്ഞനോടൊപ്പം മൂന്ന് വര്‍ഷം ചെലവിട്ടു. പിന്നീട് കര്‍ണ്ണാടകസംഗീതവും പഠിച്ചു.

നല്ലൊരു സിത്താര്‍ വാദകന്‍ കൂടിയായിരുന്നു ജോബ് മാസ്റര്‍. ആദ്യമൊക്കെ നാടകങ്ങളില്‍ സംഗീതം ചെയ്തുകൊണ്ടായിരുന്നു ജോബ് മാസ്ററുടെ തുടക്കം. 1950കളില്‍ ആസാദ് ക്ലബിന്റെ നാടകങ്ങള്‍ക്ക് സംഗീതം ചെയ്താണ് ജോബ് മാസ്റര്‍ കലാരംഗത്ത് പ്രവേശിക്കുന്നത്. പി.ജെ. ആന്റണി, ജെറി അമല്‍ദേവ്, എം.കെ. അര്‍ജ്ജുനന്‍, സി.ഒ. ആന്റോ എന്നിവര്‍ ആസാദ് ക്ലബില്‍ സജീവമായിരുന്നു. തന്റെ നാടകങ്ങള്‍ക്ക് സംഗീതം പകര്‍ന്ന ജോബ് മാസ്ററെ പി.ജെ. ആന്റണിയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. എച്ച്എംവിയ്ക്ക് വേണ്ടി ലളിതഗാനങ്ങള്‍ക്ക് സംഗീതം നല്കിയതിലൂടെയാണ് ജോബ് മാസ്റര്‍ ചെന്നൈയില്‍ സിനിമാരംഗത്തെത്തുന്നത്.

ഒരാള്‍ കൂടി കള്ളനായി എന്ന ചിത്രത്തിലൂടെ 1963ല്‍ ആണ് സിനിമാസംഗീതത്തിലേക്ക് അരങ്ങേറിയത്. എങ്കിലും റോസി എന്ന ചിത്രമാണ് ജോബ് മാസ്ററുടെ സംഗീതജീവിതത്തില്‍ കുറെ നിറമുള്ള സ്വപ്നങ്ങള്‍ സമ്മാനിച്ചത്. അതിലെ അല്ലിയാമ്പല്‍ കടവില്‍ എന്ന ഗാനം. ആദ്യം ആ ഗാനം പാടാന്‍ ഉദയഭാനുവിനെയാണ് നിശ്ചയിച്ചത്. പക്ഷെ ഉദയഭാനു പനി മൂലം പാടാനെത്തിയില്ല. പകരം യേശുദാസ് എന്ന ഗായകനെ നിര്‍ദേശിച്ചത് പി.ജെ. ആന്റണിയാണ്. അങ്ങിനെ യേശുദാസിന്റെ സ്വരത്തില്‍ അല്ലിയാമ്പല്‍ അനശ്വരഗാനമായി.

പക്ഷെ സംഗീതത്തില്‍ തന്റെ ജീവിതം ഈ ഗാനത്തിലൂടെ പച്ചപിടിയ്ക്കും എന്ന ജോബ് മാസ്ററുടെ മോഹങ്ങളെല്ലാം വൃഥാവിലായി. എംജിആര്‍ അഭിനയിച്ച തമിഴ് ചിത്രം ചൗനില്‍ മനിതന്‍, ഒരാള്‍ കൂടി കള്ളനായി, പെങ്ങള്‍, ബല്ലാത്ത പഹയന്‍, പെരിയാര്‍, നിധി തുടങ്ങി പത്തോളം ചിത്രങ്ങളില്‍ അദ്ദേഹം സംഗീതം നിര്‍വഹിച്ചു. പക്ഷെ അദ്ദേഹം വേണ്ടത്ര തിളങ്ങിയില്ല. ഒടുവില്‍ സംഗീതം ചെയ്ത പ്രേംനസീറും ഷീലയും അഭിനയിച്ച നിധി എന്ന ചിത്രം റിലീസായില്ല. ചിത്രം റിലീസായാലേ താടിവടിയ്ക്കൂ എന്ന ദൃഢപ്രതിജ്ഞയെടുത്ത ജോബ് മാസ്റര്‍ക്ക് മരിയ്ക്കുവോളം താടി വടിയ്ക്കേണ്ടി വന്നില്ല.

യേശുദാസ് ഈയിടെ പാര്‍ക്കിന്‍സണ്‍സ് രോഗം മൂലം ശയ്യാവലംബിയായ ജോബ് മാസ്ററെ കാണാന്‍ വന്നപ്പോള്‍ പറഞ്ഞു: ഏറ്റവും ശുദ്ധഗതിക്കാരനായ ഒരു സംഗീതജ്ഞനെ തിരഞ്ഞുപിടിച്ച് ഒരു അവാര്‍ഡ് നല്കാന്‍ ആരെങ്കിലും മുന്നോട്ട് വന്നാല്‍ ആ അവാര്‍ഡ് ജോബ് മാസ്റര്‍ക്ക് നല്കണം.

ശുദ്ധഗതിയായിരുന്നു ജോബ് മാസ്ററെ ഈ നിലയിലെത്തിച്ചതും. നൂറോളം നാടകങ്ങള്‍ക്കും 10 സിനിമകള്‍ക്കും സംഗീതം ചെയ്ത അദ്ദേഹത്തിന് പക്ഷെ ജീവിതത്തില്‍ ദാരിദ്യ്രമായിരുന്നു വിധി. കണക്കുപറഞ്ഞ് പണം വാങ്ങാനറിയാത്തതും മറ്റുള്ളവരുടെ കണ്ണീര് കാണാന്‍ വയ്യാത്തതും ജോബ് മാസ്ററെ നിര്‍ധനനാക്കി എന്ന് വേണമെങ്കില്‍ പറയാം. അവസാന നാളുകളില്‍ പാര്‍ക്കിന്‍സണ്‍സ് രോഗവും അദ്ദേഹത്തിന്റെ ജീവിതത്തിന് കൂടുതല്‍ ദുരിതം സമ്മാനിച്ചു. ചെറുപ്പത്തില്‍ ആറ് മണിയ്ക്കൂര്‍ വരെ തുടര്‍ച്ചയായി സിത്താര്‍ പരിശീലിച്ചിരുന്ന അദ്ദേഹത്തിന് ഒടുവില്‍ സിത്താര്‍ തൊടാന്‍ പോലും കഴിയാതായി.

മലയാള ക്രൈസ്തവഭക്തിഗാനങ്ങള്‍ക്ക് ഒരു വഴിത്തിരിവുണ്ടാക്കിയത് ജോബ് മാസ്ററാണ്. ഇദ്ദേഹം ഏകദേശം ആയിരത്തോളം ക്രൈസ്തവഭക്തിഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. എസ്. ജാനകി റോസി എന്ന ചിത്രത്തില്‍ പാടി ഞാനുറങ്ങാന്‍ പോകും മുമ്പായ് എന്ന ഗാനം ക്രൈസ്തവഭക്തിഗാനരംഗത്ത് ഇന്നും അദ്വിതീയമായി നിലകൊള്ളുന്നു.

ബേബിയാണ് ഭാര്യ. മക്കള്‍: അജി, ജെയ്സണ്‍. മരുമകള്‍: റോസി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X