കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസെറ്റ് വിപണി ഭക്തിഗാനം പാടുന്നു

  • By Super
Google Oneindia Malayalam News

കസെറ്റ് വിപണിയുടെ പ്രധാന വരുമാനം സിനിമാഗാനങ്ങളുടെ വില്പനയില്‍ നിന്ന് എന്ന പഴയ കാലമൊക്കെ പോയി. ഇപ്പോള്‍ കടകളില്‍ ചൂടപ്പം പോലെ വിറ്റുപോകുന്നത് ഭക്തിഗാന കസെറ്റുകള്‍. സിനിമാവ്യവസായം കുറെയൊക്കെ പ്രതിസന്ധിയിലായതോടെ ഭക്തിഗാനകസെറ്റുകളുടെ വില്പനയിലൂടെയാണ് പല കസെറ്റ് കടകളും നടന്നുപോകുന്നത്.

ഒരു പക്ഷെ ലളിതഗാന-മിമിക്രി കസെറ്റ് തരംഗങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കുന്നതാണ് ഭക്തിയുടെ കസെറ്റ് വിപണി. അതിന് മതപരമായ വേര്‍തിരിവുകളില്ല. ക്രിസ്ത്യന്‍-ഹിന്ദു-മുസ്ലിം ഭക്തിഗാനങ്ങള്‍ പല രൂപഭാവങ്ങളില്‍ ഓരോ ദിവസവും വിപണി നിറയ്ക്കുകയാണ്.

പലപ്പോഴും പഴയ ഭക്തിഗാനങ്ങളുടെ മേന്മയില്ലാത്തതാണ് ഈ കസെറ്റുകളില്‍ ഭൂരിപക്ഷമെങ്കിലും വില്പനയുടെ കാര്യത്തില്‍ കുറവില്ല. പഴയ ഭക്തിഗാനങ്ങളുടെ സാധ്യത മുതലെടുക്കാന്‍ പലരും പഴയ ഗാനങ്ങളെ പുതിയ ഓര്‍ക്കസ്ട്രെയുടെ അകമ്പടിയോടെ അവതരിപ്പിക്കാനും തയ്യാറാവുന്നു.

ഹിന്ദു ഭക്തിഗാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇറങ്ങുന്നത് അയ്യപ്പ ഭക്തിഗാനങ്ങളാണ്. ഇപ്പോള്‍ കൂടുതല്‍ ഡിമാന്റുള്ളത് പമ്പ, സ്വാമി സോപാനം, സ്വാമി, വൃശ്ചികപ്പുലരി എന്നീ കസെറ്റുകള്‍ക്കാണ്. എം.ജി. ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍, ജയ (ജയ-വിജയ), ചൊവല്ലൂര്‍ കൃഷ്ണന്‍കുട്ടി എന്നിവരാണ് മേല്‍ സൂചിപ്പിച്ച കസെറ്റുകളുടെ അണിയറ ശില്പികള്‍.

പഴയ ഗാനങ്ങളെ വീണ്ടും അവതരിപ്പിയ്ക്കുന്ന ഒരു അയ്യപ്പഭക്തിഗാന കസെറ്റാണ് തേടിവരും കണ്ണുകളില്‍. ഇതില്‍ ഹരിവരാസനം, വിഷ്ണുമായയില്‍ പിറന്ന വിശ്വരക്ഷകാ, തിരുവാഭരണം, ശ്രീകോവില്‍ നടതുറന്നു എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുന്നു.

ശ്രീകൃഷ്ണ, ശിവ ഭക്തിഗാനങ്ങള്‍ക്കും നല്ല മാര്‍ക്കറ്റുണ്ട്. ഇപ്പോള്‍ മാതാ അമൃതാനന്ദമയിയെ സ്തുതിയ്ക്കുന്ന ഭക്തിഗാനങ്ങളും വിപണിയില്‍ നന്നായി വില്ക്കുന്നു. മലയാളമനോരമ മ്യൂസിക്സ് ഈയിടെ മാതാ അമൃതാനന്ദമയിയുടെ 50 പിറന്നാള്‍ ആഘോഷമായ അമൃതവര്‍ഷം-2003നോടനുബന്ധിച്ച് ഒട്ടേറെ കസെറ്റുകള്‍ പുറത്തിറക്കിയിരുന്നു.

ഹിന്ദു ഭക്തിഗാനങ്ങള്‍ ഓരോ സീസണ്‍ അനുസരിച്ചുള്ളവയാണെങ്കില്‍ ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളുടെ മേന്മ അതിന് 365 ദിവസവും വിപണിയുണ്ടെന്നതാണ്. പീറ്റര്‍ ചേരനെല്ലൂര്‍, ഔസേപ്പച്ചന്‍, അല്‍ഫോണ്‍സ് എന്നിവരാണ് ക്രിസ്തീയഭക്തിഗാനരംഗത്ത് തരംഗം സൃഷ്ടിയ്ക്കുന്ന കലാകാരന്മാര്‍. സുകൃതം, യേശു പ്രപഞ്ചസത്യം, സ്നേഹം, അഞ്ജനം എന്നീ കസെറ്റുകള്‍ ചൂടപ്പമാണ്.

ഇസ്ലാമിക് ഗാനങ്ങള്‍ അധികവും മാപ്പിളപ്പാട്ടുകള്‍ എന്ന വിഭാഗത്തിലാണ് ഇറങ്ങുന്നത്. എം.ജി. ശ്രീകുമാര്‍, ചിത്ര, കെ.ജി. മാര്‍ക്കോസ്, ഒ.എം. കരുവാരക്കുണ്ട്, സായന്‍ അന്‍വര്‍, ബേബി നസ്റിന്‍ എന്നിവരാണ് പ്രിയമുള്ള മാപ്പിളപ്പാട്ടുകാര്‍. ഇസ്ലാം, പട്ട്, മൈലാഞ്ചി, മാദിദ്, മെഹ്ബുബ, സുരുര്‍, മെഹ്ബിന്‍ എന്നീ കസെറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ. ഇപ്പോള്‍ മാപ്പിളപ്പാട്ടുകളുടെ വിസിഡികള്‍ക്ക് നല്ല ഡിമാന്റാണെന്ന് കൊച്ചിയിലെ സോണാ മ്യൂസിക്സിനെ വില്പനക്കാരന്‍ പറയുന്നു. മാപ്പിളപ്പാട്ടുകള്‍ കണ്ടാസ്വദിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ കൂടിവരികയാണത്രേ.

ഭക്തിഗാനങ്ങളുടെ വില്പന പൊടിപൊടിയ്ക്കുന്നുണ്ടെങ്കിലും ക്ഷേത്രങ്ങള്‍, പള്ളികള്‍ എന്നീ ആരാധനാലയങ്ങളോട് ചേര്‍ന്നുള്ള കസെറ്റ് കടകളിലാണ് നല്ലതുപോലെ വില്പന നടക്കുന്നത്. സാധാരണ കസെറ്റ് കടകളില്‍ ഭക്തിഗാന കസെറ്റുകള്‍ക്ക് കാര്യമായ വില്പനയില്ലെന്ന് കൊച്ചിയിലെ മ്യൂസിക് ട്രാക്സ് എന്ന കസെറ്റ് കടയുടമ വാസു പറയുന്നു.

ഇപ്പോള്‍ പുതിയൊരു പ്രവണത വിപണിയില്‍ വിജയിച്ച ഗാനങ്ങളെ അനുകരിച്ചുകൊണ്ടുള്ള ഭക്തിഗാനങ്ങല്‍ ഇറങ്ങുന്നു എന്നതാണ്. ഈ ഗാനങ്ങളില്‍ ഭക്തിയുടെ അംശം ലവലേശം ഉണ്ടാകുകയില്ല. പ്രസിദ്ധങ്ങളായ മലയാളം, തമിഴ് സിനിമാഗാനങ്ങള്‍, ഇംഗ്ലീഷ് ഗാനങ്ങള്‍ എന്നിവയെ അനുകരിച്ച്കൊണ്ടുള്ള ഭക്തിഗാനങ്ങള്‍ വാങ്ങാന്‍ കിട്ടും. ചില മിമിക്രി താരങ്ങളും അവരുടെ ശൈലിയ്ക്കൊത്തുള്ള ഭക്തിഗാനങ്ങളുമായി വരുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിജയം കണ്ടെത്തിയിട്ടുള്ളത് കലാഭവന്‍ മണിയാണ്.

ശബരിമല തീര്‍ത്ഥാടനം, ക്രിസ്ത്മസ്, റമദാന്‍ മാസം പോലെ സീസണുകള്‍ ഉള്ള കാലത്താണ് ഭക്തിഗാന കസെറ്റുകള്‍ കൂടുതലായി ഇറങ്ങുക പതിവ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X