കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശെമ്മാങ്കുടി: കേരളത്തിലേക്കൊഴുകിയ നദി

  • By Staff
Google Oneindia Malayalam News

ജനിച്ചത് തമിഴ്നാട്ടിലെ തഞ്ചാവൂരിലാണെങ്കിലും ശെമ്മാങ്കുടി എന്ന സംഗീതവിസ്മയം നൂറുമേനിയായി വിളഞ്ഞത് കേരളത്തില്‍. ഒരു പക്ഷെ ഇദ്ദേഹത്തിന്റെ ദൗത്യമില്ലായിരുന്നുവെങ്കില്‍ മനോഹരമായ സ്വാതികൃതികള്‍ പലതും മണ്ണടിയുമായിരുന്നു. ഇദ്ദേഹമില്ലായിരുന്നെങ്കില്‍ സുബലക്ഷ്മിയുള്‍പ്പെടെയുള്ള വിപുലമായ ഒരു ശിഷ്യസഞ്ചയം ഉയര്‍ന്നുവരില്ലായിരുന്നു.

സംഗീതജീവിത്തില്‍ ഏഴ് പതിറ്റോണ്ടം യാത്രചെയ്തെങ്കിലും ഏറ്റവും തിളങ്ങിനില്ക്കുന്ന 23 വര്‍ഷങ്ങള്‍ അദ്ദേഹം ചെലവിട്ടത് തിരുവനന്തപുരത്താണ്. ശെമ്മാങ്കുടിയുടെ മരണം അതുകൊണ്ട് കേരളത്തിന് തീരാനഷ്ടമാണ്.

1936ല്‍ അന്ന് മദ്രാസിലെ ആ സംഗീതക്കച്ചേരിയ്ക്ക് തിരുവനന്തപുരത്തെ അമ്മ മഹാറാണി സേതുപാര്‍വതീ ഭായ് എത്തിയില്ലായിരുന്നെങ്കില്‍ ശെമ്മാങ്കുടി എന്ന ചീനുവിന്റെ ഭാവി മറ്റൊന്നായി തീര്‍ന്നേനെ. അന്ന് മദ്രാസിലെ കച്ചേരിയില്‍ പാടേണ്ടിയിരുന്നത് സംഗീത വിദുഷി മഹാരാജപുരം വിശ്വനാഥയ്യരാണ്. പക്ഷെ അസുഖമായതിനാല്‍ അദ്ദേഹത്തിന് പാടാന്‍ കഴിഞ്ഞില്ല. പകരം ശിഷ്യന്‍ പാടട്ടെ എന്നായി സംഘാടകര്‍. ശിഷ്യനായ 30കാരന്‍ ശെമ്മാങ്കുടിയുടെ ആലാപനശൈലി മഹാറാണിയ്ക്ക് ഏറെ ഇഷ്ടമായി. സ്വാതി കൃതികള്‍ ചിട്ടപ്പെടുത്താന്‍ തിരുവനന്തപുരത്തെ കൊട്ടാരത്തിലേക്ക് ക്ഷണിയ്ക്കുകയും ചെയ്തു.

അങ്ങിനെ തിരുവനന്തപുരത്തെത്തിയ ശെമ്മാങ്കുടി സ്വാതികൃതികളുമായി പരിചയപ്പെടാന്‍ തുടങ്ങി. അന്ന് സ്വാതിതിരുനാള്‍ സംഗീതകോളെജില്‍ പ്രിന്‍സിപ്പലായ ഹരികേശനല്ലൂര്‍ മുത്തയ്യാ ഭാഗവതരും മറവിയിലേക്ക് മറഞ്ഞുകൊണ്ടിരുന്ന സ്വാതികൃതികളെ പൊടിതട്ടിയെടുക്കാനുള്ള യത്നത്തിലായിരുന്നു. ശെമ്മാങ്കുടി അദ്ദേഹത്തിന് സഹായിയായി. 1943ല്‍ സ്വാതികൃതികളുടെ രണ്ടു വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചു. മുത്തയ്യഭാഗവതര്‍ക്ക് ശേഷം 1942ല്‍ ശെമ്മാങ്കുടി സ്വാതി കോളെജ് പ്രിന്‍സിപ്പലായി. പിന്നീട് 1947ല്‍ അദ്ദേഹം 101 സ്വാതി കൃതികള്‍ കൂടി ചിട്ടപ്പെടുത്തി. ഇതിനിടെ അദ്ദേഹവും മുസിരിയും കച്ചേരികളില്‍ സ്വാതി കൃതികള്‍ പാടിത്തുടങ്ങി. ക്രമേണ സ്വാതികൃതികള്‍ കേരളത്തിനകത്തും പുറത്തും സംഗീതക്കച്ചേരികളില്‍ പാടാന്‍ തുടങ്ങി.

ഗുരുനാഥന്‍ എന്ന നിലയിലാണ് ശെമ്മാങ്കുടിയുടെ മറ്റൊരു പ്രാധാന്യം. ശിഷ്യരില്‍ അദ്ദേഹം ചൊരിഞ്ഞത് കറയില്ലാത്ത അനുഗ്രഹവര്‍ഷമായിരുന്നു. അദ്ദേഹത്തിന്റെ ഗുരുത്വം കൊണ്ട് അനുഗൃഹീതരായവരില്‍ എം.എസ്. സുബലക്ഷ്മി ഉള്‍പ്പെടുന്നു. കേരളത്തിന് അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ഒരു പിടി ശിഷ്യരെ ലഭിച്ചു. യേശുദാസിനു പുറമേ സി.കെ. രാമചന്ദ്രന്‍, വി സുബ്രഹ്മണ്യം, നെയ്യാറ്റിന്‍കര വാസുദേവന്‍, വെയ്ഗല്‍ ജ്ഞാനസ്കന്ദന്‍, പാറശാല പൊന്നമ്മാള്‍, കെ. ഓമനക്കുട്ടി എന്നിവര്‍ ഇതില്‍ അറിയപ്പെടുന്ന ചിലരാണ്.

ശെമ്മാങ്കുടിയുടെ കച്ചേരികള്‍ ഏറെപ്പേരെ ആകര്‍ഷിച്ചിരുന്നു. ഓരോ കച്ചേരികളും അനന്യമാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അനുപമമാണ്. രാഗവിസ്താരത്തിലും നിരവലിലും അദ്ദേഹം മിടുക്കുകാട്ടി. സ്വന്തമായ അദ്ദേഹത്തിന്റെ ആലാപനശൈലിയും പ്രസിദ്ധമാണ്.

ഖരഹര പ്രിയരാഗത്തിലുള്ള അയ്യരുടെ കൃതികള്‍ ഏറെ പ്രസിദ്ധമാണ്. 23ാം വയസ്സില്‍ അദ്ദേഹം തന്റെ ആദ്യ ഗ്രാമഫോണ്‍ റെക്കോഡുകൊണ്ട് തന്നെ ശെമ്മാങ്കുടി പ്രശസ്തനായിരുന്നു. ആ റെക്കോഡിലെ നവസിദ്ധി പെറ്റാലും എന്ന് തുടങ്ങുന്ന കൃതി ഖരഹരപ്രിയരാഗത്തിലാണ്. ഈ കൃതി സംഗീതപ്രേമികളെ വല്ലാതെ ആകര്‍ഷിച്ചു. അതുകൊണ്ടുതന്നെ സംഗീതപ്രേമികള്‍ അദ്ദേഹത്തെ ഖരഹരപ്രിയ ശ്രീനിവാസയ്യര്‍ എന്ന് വിളിച്ചു. ശങ്കരാഭരണം, ആഭോഗി, ശ്രീരഞ്ജിനി തുടങ്ങിയ രാഗങ്ങളും അദ്ദേഹം അസാധ്യമായി കൈകാര്യം ചെയ്തിരുന്നു. ഷണ്‍മുഖപ്രിയരാഗത്തില്‍ മറിവേറാദിക്കു ആരഭിയില്‍ ചാലകല്‍പടാലു, ശ്രീരഞ്ജിനിയില്‍ മാരുബല്‍ക്ക തുടങ്ങിയ കൃതികള്‍ അദ്ദേഹം അസാധ്യമായി പാടുമായിരുന്നു.

ശെമ്മാങ്കുടിയുടെ ജീവിതം

1908 ല്‍ കര്‍ണാടക സംഗീതത്തിന്റെ ഈറ്റില്ലമായ തഞ്ചാവൂര്‍ ജില്ലയിലെ ശെമ്മാങ്കുടിയില്‍ രാധാകൃഷ്ണ അയ്യരുടെയും ധര്‍മ്മസംവര്‍ദ്ധിനി അമ്മാളുടെയും മകനായി ശ്രീനിവാസയ്യര്‍ ജനിച്ചു. അഞ്ചാം വയസ്സില്‍ തന്നെ സംഗീതത്തോട് അടക്കാനാവാത്ത താല്‍പര്യം ശ്രീനിവാസന് ഉണ്ടായിരുന്നു. ഈ താല്‍പര്യം കണ്ടറിഞ്ഞ് കുടുംബം തന്നെയാണ് അദ്ദേഹത്തെ സംഗീതവഴിയിലേക്ക് നയിച്ചത്.

1917 ല്‍ ശെമ്മാങ്കുടി നാരായണസ്വാമി അയ്യരില്‍ നിന്ന് സംഗീതം അഭ്യസിച്ചു തുടങ്ങിയ ശ്രീനിവാസയ്യര്‍ സംഗീതകലാനിധി ശ്രീ മഹാരാജപുരം വിശ്വനാഥ അയ്യര്‍ ഉള്‍പ്പെടെ അക്കാലത്ത് പല പ്രഗത്ഭ സംഗീതജ്ഞരില്‍ നിന്നും സംഗീതപാഠങ്ങള്‍ അഭ്യസിച്ചു.

1930 കളില്‍ തന്നെ മികച്ച സംഗീതജ്ഞന്‍ എന്ന് പേരെടുക്കാന്‍ ശ്രീനിവാസയ്യര്‍ക്ക് സാധിച്ചു. മുപ്പത്തൊമ്പതാമത്തെ വയസ്സില്‍ സംഗീത കലാനിധി പുരസ്കാരം ശ്രീനിവാസയ്യരെ തേടിയെത്തി. 1939 ല്‍ തിരുവിതാംകൂര്‍ കൊട്ടരത്തിലെ ആസ്ഥാനഗായകനായി.

1941 ല്‍ സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് അക്കാദമിയുടെ പ്രിന്‍സിപ്പിലായി. 1963 വരെ ആ പദവിയില്‍ തുടര്‍ന്നു. ഇതിനിടെ 1957 മുതല്‍ 1960 വരെ അദ്ദേഹം ആകാശവാണിയുടെ കര്‍ണ്ണാടകസംഗീതവിഭാഗം ചീഫ് പ്രൊഡ്യൂസറായും ജോലി ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X