കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയപാലപ്പണിയ്ക്കര്‍: ചിത്രകലയുടെ പൂര്‍ണ്ണത

  • By Staff
Google Oneindia Malayalam News

ചിത്രകലയുടെ ശുദ്ധതയ്ക്കും പൂര്‍ണ്ണതയ്ക്കും വേണ്ടി ജയപാലപ്പണിയ്ക്കരെ പോലെ പാടുപെട്ട കലാകാരന്‍മാര്‍ ചുരുങ്ങും. ഇന്ത്യന്‍ ചിത്രകലയുടെ പൂര്‍ണ്ണതയെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചതാണ് ജയപാലപ്പണിയ്ക്കരുടെ സവിശേഷത. ലോകം അതിനെ സ്വീകരിച്ചപ്പോള്‍ എണ്ണപ്പെടുന്ന ഒരു കലാകാരനായി ജയപാലപ്പണിയ്ക്കര്‍ മാറുകയായിരുന്നു.

അവസാന നാളുകള്‍ വരെ ചിത്രകലയ്ക്കായി, ശില്പകലയ്ക്കായി, അതിന്റെ പൂര്‍ണ്ണതയ്ക്കായി പ്രവര്‍ത്തിയ്ക്കാന്‍ കഴിഞ്ഞതാണ് ജയപാലപ്പണിയ്ക്കരുടെ ജീവിതത്തിന്റെ മഹത്വം. തിരുവാണ്‍മയൂരില്‍ നിന്ന് ഏഴുകിലോമീറ്റര്‍ തെക്ക് മാറി ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തെ മീഞ്ചമ്പാക്കം എന്ന ഗ്രാമത്തില്‍ കലാകാരന്മാര്‍ക്ക് വേണ്ടി ഒരു ഗ്രാമം. അതാണ് ചോഴമണ്ഡലം. ഈ ഗ്രാമം ഉയര്‍ത്തുന്നതിന് ആദ്യന്തം വിയര്‍പ്പൊഴുക്കിയ ചിത്രകാരനാണ് ജയപാലപ്പണിയ്ക്കര്‍ . രാപ്പകലില്ലാതെ ബാത്തിക് ചിത്രങ്ങള്‍ തയ്യാറാക്കി വിറ്റ പണം ജയപാലപ്പണിയ്ക്കര്‍ നിര്‍ലോഭം ചോഴമണ്ഡലം പടുത്തുയര്‍ത്താന്‍ സംഭാവന ചെയ്തു. ആര്‍ടിസ്റ് ഹാന്‍ഡിക്രാഫ്റ്റ്സ് അസോസിയേഷന്‍ എന്ന സംഘടന കെ.സി.എസ്. പണിയ്ക്കരുടെ നേതൃത്വത്തില്‍ രൂപം കൊണ്ടപ്പോള്‍ അതിന്റെ സജീവപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ജയപാലപ്പണിയ്ക്കര്‍.

ഇന്ത്യന്‍ ചിത്രകലയെ രാജാരവിവര്‍മ്മയുടെ യുഗത്തില്‍ നിന്ന് ധീരമായി മുന്നോട്ട് നയിച്ച കെ.സി.എസ്. പണിയ്ക്കരുടെ കണ്ണിലുണ്ണിയായിരുന്നു ജയപാലപ്പണിയ്ക്കര്‍. കലാകാരന്മാര്‍ക്കുള്ള ഗ്രാമം എന്ന ആശയം കെസിഎസ് പണിയ്ക്കര്‍ മുന്നോട്ട്വച്ചപ്പോള്‍ ഗുരുവിന്റെ ആ സ്വപ്നം സാക്ഷാല്‍ക്കരിക്കുകയായിരുന്നു ജയപാലപ്പണിയ്ക്കര്‍. ചോഴമണ്ഡലത്തിലെ ജയപാലപ്പണിയ്ക്കരുടെ വീട് എല്ലാ കലാകാരന്മാരുടെയും അഭയകേന്ദ്രമായിരുന്നു. കലയുടെ എല്ലാമേഖലകളിലും നിന്നുള്ളവര്‍ അവിടെ ഒത്തുചേര്‍ന്നു. അവരുടെ മോഹങ്ങളും സ്വപ്നങ്ങളും പങ്കുവച്ചു.

ഇന്ത്യയ്ക്ക് പുറത്ത് വളര്‍ന്നപ്പോഴും അത്തരം അഹന്തകളൊന്നും ജയപാലപ്പണിയ്ക്കരെ കളങ്കപ്പെടുത്തിയില്ല. വിദേശത്ത് തങ്ങാനും അദ്ദേഹം മിനക്കെട്ടില്ല. പകരം ഇന്ത്യയുടെ വൈവിധ്യങ്ങളില്‍ നിന്ന് പുതിയ സൃഷ്ടികള്‍ കണ്ടെത്താന്‍ അദ്ദേഹം ശ്രമിച്ചു.

1974ല്‍ പരിണാമം എന്ന ചിത്രപരമ്പരയ്ക്ക് കേരള ലളിതകലാഅക്കാദമി അവാര്‍ഡ് ലഭിച്ചപ്പോള്‍ ഒരു പുതിയ കലാകാരന്റെ വരവാണ് കണ്ടത്. ആദ്യ അവാര്‍ഡില്‍ നിന്ന് അദ്ദേഹം പിന്നീട് പാരീസിലേക്കും ന്യൂയോര്‍ക്കിലേക്കും ഒക്കെ വളര്‍ന്നു. പക്ഷെ വര്‍ഷങ്ങള്‍ ഓരോന്നു പിന്നിടുമ്പോഴും ജയപാലപ്പണിയ്ക്കര്‍ വളരുകയായിരുന്നു. ഒരു ആള്‍റൗണ്ടര്‍ ആയാണ് ജയപാലപ്പണിയ്ക്കര്‍ അറിയപ്പെടുന്നത്. വാട്ടര്‍ കളര്‍, മ്യൂറല്‍, ബാത്തിക് പെയിന്റിംഗ്സ്, അക്രിലിക്, കാന്‍വാസ്, ശില്പകല തുടങ്ങി അദ്ദേഹം കൈവെക്കാത്ത മാധ്യമങ്ങള്‍ കുറവായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X