കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുവിന്റെ കാര്‍ട്ടൂണുകള്‍

  • By Staff
Google Oneindia Malayalam News

അബു എബ്രഹാം എന്ന കാര്‍ട്ടൂണിസ്റ് അന്തരിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 140 അപൂര്‍വ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ഒരുങ്ങുന്നു.

തിരുവല്ലയില്‍ ജനിച്ച അബ്രഹാം തോമസ് എന്ന ചെറുപ്പക്കാരന്‍ ലണ്ടനിലെ രാഷ്ട്രീയ വൃത്തങ്ങളെ വരെ പിടിച്ചുകുലുക്കിയ കാര്‍ട്ടൂണിസ്റായി വളര്‍ന്നത് അവിശ്വസനീയ വേഗത്തിലായിരുന്നു.

1924ല്‍ തിരുവല്ലയില്‍ ജനിച്ച അബു എബ്രഹാം മൂന്നു വര്‍ഷം ബോംബെ ക്രോണിക്കിളിലും പിന്നീട് ശങ്കേഴ്സ് വീക്ക്ലിയിലും പ്രവര്‍ത്തിച്ചു. അക്കാലത്ത് തുടക്കക്കാരായ കാര്‍ട്ടൂണിസ്റുകള്‍ക്ക് അഭയവും വളരാനുള്ള ചവിട്ടുപടിയും ആയിരുന്നു ശങ്കേഴ്സ് വീക്ക്ലി.

തന്റെ 32ാം വയസ്സില്‍ അബു എബ്രഹാം ലണ്ടനിലേക്ക് കുടിയേറി. അവിടെ ദ ട്രിബ്യൂണ്‍, ദ ഒബ്സര്‍വര്‍, ദ ഗാര്‍ഡിയന്‍ എന്നീ പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണിസ്റായി പ്രവര്‍ത്തിച്ചു. 1966 മുതല്‍ 1969 വരെ മൂന്ന് വര്‍ഷക്കാലം മാത്രമാണ് അബു എബ്രഹാം ലണ്ടനില്‍ ചെലവിട്ടത്. പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിവന്ന് ഇന്ത്യന്‍ എക്സ്പ്രസില്‍ ചേര്‍ന്നു. അവിടെ 1981വരെ പ്രവര്‍ത്തിച്ചു. 1972ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരു ദിവസം ഇന്ദിരാഗാന്ധിയുടെ ദൂതനാണ് അബുവിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്ന കാര്യം അറിയിച്ചത്.

രാജ്യസഭാ അംഗമായിരുന്നപ്പോഴും ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെ രൂക്ഷമായി കാര്‍ട്ടൂണുകള്‍ കൊണ്ട് പരിഹസിച്ചയാളാണ് അബു. അന്ന് വിദേശത്തും ഇന്ത്യയിലും ഉള്ള അദ്ദേഹത്തിന്റെ പ്രശസ്തികൊണ്ട് ഇന്ദിരാഗാന്ധി അബുവിനെ വെറുതെവിട്ടു. മറ്റുള്ളവര്‍ അടിയന്തരാവസ്ഥയില്‍ മുട്ടിലിഴഞ്ഞപ്പോള്‍, ശിരസ്സുയര്‍ത്തിപ്പിടിച്ച് നടന്നയാളാണ് അബു. അക്കാലത്തെ അബുവിന്റെ കാര്‍ട്ടൂണുകള്‍ ഒറ്റവരിയിലുള്ള എഡിറ്റോറിയലുകള്‍ എന്നാണ് വിശേഷിപ്പിയ്ക്കപ്പെട്ടിരുന്നത്. അന്ന് രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലി ബാത്ത് ടബില്‍ കിടന്ന് വരെ ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്ന അബുവിന്റെ ചിത്രം ഏറെ പ്രശസ്തമായിരുന്നു.

ലളിതമായ വരകള്‍, കാപട്യമില്ലാത്ത വിമര്‍ശനം, വരയ്ക്കൊപ്പം തൊലിയുരിയ്ക്കുന്ന ക്യാപ്ഷന്‍- ഇതാണ് അബുവിന്റെ കാര്‍ട്ടൂണുകളെ വ്യത്യസ്തമാക്കിയത്. ഒരിയ്ക്കല്‍ അഭിമുഖത്തില്‍ അബു പറഞ്ഞു: ഒരു കുട്ടിയെപ്പോലെ വരയ്ക്കാന്‍ കഴിഞ്ഞാലെന്ന് ഞാന്‍ മോഹിയ്ക്കുന്നു. രാഷ്ട്രീയകാര്‍ട്ടൂണുകള്‍ വരയ്ക്കുമ്പോള്‍ കുട്ടിയുടെ ശൈലി പിന്തുടരാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു നേട്ടമായിരിക്കും. പക്ഷെ അത് പലപ്പോഴും എളുപ്പമല്ലെന്നും അബു സമ്മതിയ്ക്കുന്നു.

അവസാനനാളുകള്‍ ചെലവഴിയ്ക്കാന്‍ അദ്ദേഹം ദില്ലിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തി. കേരളത്തിലെ അമ്പലമണികളുടെ മുഴക്കവും ഉത്സവങ്ങളും മുല്ലയുടെ സുഗന്ധവും ഒഴിവാക്കാനാവില്ലെന്നാണ് ഇതിന് അബു എബ്രഹാം പറഞ്ഞ ന്യായം. തിരുവനന്തപുരത്ത് ലാറി ബേക്കര്‍ പണിത ശരണം എന്ന വീട്ടിലായിരുന്നു ഭാര്യയോടും മക്കളോടും ഒപ്പം അബു കഴിഞ്ഞിരുന്നത്. കുടല്‍സംബന്ധമായ അസുഖത്തിനിടയില്‍ ഒരു ശസ്ത്രക്രിയയെ തുടര്‍ന്നായിരുന്നു അബു എബ്രഹാമിന്റെ അന്ത്യം.

അദ്ദേഹത്തിന്റേതായി മൂന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അബു ഓണ്‍ ബംഗ്ലാദേശ്(1972), ദ ഗെയിംസ് ഓഫ് എമര്‍ജന്‍സി(1977), അറൈവല്‍സ് ആന്റ് ഡിപ്പാര്‍ച്ചേഴ്സ്(1983).

ഇപ്പോള്‍ അബു മരിച്ചിട്ട് ഒരു വര്‍ഷമായി. 2002 ഡിസംബര്‍ ഒന്നിന് 78ാം വയസ്സിലാണ് അബു അന്തരിച്ചത്. ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അബുവിന്റെ ചിത്രങ്ങളുടെയും കാര്‍ട്ടൂണുകളുടെയും പ്രദര്‍ശനം തിരുവനന്തപുരത്ത് നവമ്പര്‍ 28 മുതല്‍ നടക്കും. വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടക്കുന്ന പ്രദര്‍ശനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും കാര്‍ട്ടൂണിസ്റ് യേശുദാസനും ഉദ്ഘാടനം ചെയ്യും.

ഡിസംബര്‍ ഒന്നിന് വൈകുന്നേരം 6.30ന് അബു നിര്‍മ്മിച്ച നോ ആര്‍ക്സ് എന്ന അനിമേഷന്‍ ചിത്രം പ്രദര്‍ശിപ്പിയ്ക്കും. അബുവും ഗിരീഷ് കര്‍ണാടും നടത്തിയ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വിത്തൗട്ട് മാലിസ് എന്ന ചിത്രവും പ്രദര്‍ശിപ്പിയ്ക്കും.

അബുവിന്റെ ഓര്‍മ്മയ്ക്കായി ഭാര്യ സൈക്കിയയും മക്കളായ ആയിഷ, ജാനകി എന്നിവര്‍ ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കുന്നത്. പ്രദര്‍ശനം ഡിസംബര്‍ മൂന്നിന് സമാപിയ്ക്കും.

1970കളിലും അബു അവസാനകാലത്ത് കേരളത്തിലുണ്ടായിരുന്നപ്പോഴും വരച്ച 140 പ്രധാന കാര്‍ട്ടൂണുകള്‍ പ്രദര്‍ശനത്തിലുണ്ടാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X