കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിത്താറില്‍ പാടിയ വിലായത്ത് ഖാന്‍

  • By Staff
Google Oneindia Malayalam News

ക്ലാസിക്കല്‍ സംഗീതത്തോട് താല്പര്യം തോന്നിയ നാളുകളില്‍ എങ്ങിനെയോ കയ്യില്‍വന്നുപെട്ടതാണ് ആ കസെറ്റ്. ഗള്‍ഫില്‍ നിന്നും സഹോദരന്‍ കൊടുത്തയച്ചതാണെന്നാണ് ഓര്‍മ്മ.

അന്ന് ആ പേരിന് വലിയ പ്രത്യേകത തോന്നിയില്ല. പണ്ഡിറ്റ് വിലായത്ത്ഖാന്‍- സിത്താര്‍ എന്ന് മാത്രം കസെറ്റിന്റെ കവറിന് മുകളില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. അന്ന് എല്ലാവര്‍ക്കും സിത്താറില്‍ അറിയുന്നത് ഒരേയൊരു പേരാണ് - പണ്ഡിറ്റ് രവിശങ്കര്‍. സംഗീതത്തെക്കുറിച്ച് അധികം അറിയാത്തവരുടെ ഇടയില്‍ അന്ന് സിത്താറിന്റെ പര്യായപദമായി അറിയപ്പെട്ടിരുന്നത് പണ്ഡിറ്റ് രവിശങ്കറാണ്. (ബീറ്റില്‍സ്, യെഹൂദി മെനുവിന്‍ എന്നിവരുമായുള്ള ബന്ധവും സത്യജിത് റായിയുടെ പാഥേര്‍ പാഞ്ചാലിയില്‍ സംഗീതസംവിധാനം നിര്‍വഹിച്ചതും രവിശങ്കറിനെ ഏറെ പ്രശസ്തനാക്കി.)

സംഗീതത്തെകുറിച്ചുള്ള അറിവിന്റെ, അനുഭവത്തിന്റെ അതിര്‍വരമ്പുകള്‍ മാറ്റിവരയ്ക്കുന്നതായിരുന്നു വിലായത്ത് ഖാന്റെ ആ കസെറ്റ്. പണ്ഡിറ്റ് രവിശങ്കറിനപ്പുറവും സിത്താറിന് സഞ്ചരിയ്ക്കാനാവുമെന്ന് അന്ന് മനസ്സിലായി. വിളംബിത കാലത്തിലും ദ്രുതകാലത്തിലും അനായാസം സഞ്ചരിയ്ക്കുന്ന വിരലുകള്‍. രാഗത്തിന്റെ മേല്‍ അനായാസമായ കയ്യടക്കം. എല്ലാറ്റിനും മീതെ തീവ്രവികാരങ്ങളുടെ വേലിയേറ്റം സൃഷ്ടിയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. (വികാരത്തിന്റെ ആഴം അനുഭവിപ്പിയ്ക്കുന്ന കാര്യത്തില്‍ വിലായത്ത് ഖാന്റെ സിത്താര്‍ ഏറെ പേരുകേട്ടതാണ്.) ഹിന്ദുസ്ഥാനി സംഗീതത്തിന്റെ നിയമങ്ങള്‍ അനുസരിയ്ക്കുക എന്നതിനേക്കാളും സ്വന്തം ഹൃദയത്തിന്റെ ആവേശത്തിനൊത്താണ് അദ്ദേഹത്തിന്റെ വിരലുകള്‍ സഞ്ചരിയ്ക്കുന്നതെന്ന് തോന്നി.

പിന്നീട് വിലായത്ത് ഖാന്റെ ജീവിതരേഖ വായിച്ചപ്പോഴാണ് ആ സംഗീതജ്ഞന്റെ ഉള്ളില്‍ ഒരു നിയമത്തിനും വഴങ്ങാത്ത കലാപകാരി ഉറങ്ങിക്കിടക്കുന്നതായി അറിയുന്നത്. 1964ല്‍ ലഭിച്ച പത്മശ്രീ ബഹുമതിയും 1968ല്‍ ലഭിച്ച പത്മവിഭൂഷണ്‍ ബഹുമതിയും അദ്ദേഹം നിരസിച്ചു. ഈ അവാര്‍ഡുകള്‍ തനിയ്ക്ക് നല്കിയ സമിതിയിലുള്ളവര്‍ തന്റെ സംഗീതം വിലയിരുത്താന്‍ പോന്നവരല്ലെന്ന് വിമര്‍ശിച്ചുകൊണ്ടാണ് രണ്ടു തവണയും വിലായത്ത് ഖാന്‍ അവാര്‍ഡുകള്‍ നിരസിച്ചത്. സംഗീതത്തിന്റെ സംസ്കാരം തൊട്ടുതീണ്ടാത്ത രാഷ്ട്രീയക്കാരില്‍ നിന്നും വിലായത്ത് ഖാന്‍ എന്നും അകലം പാലിച്ചു. സംഗീതത്തിന്റെ പൂര്‍ണ്ണതയില്‍ വിശ്വസിച്ചിരുന്ന അദ്ദേഹം, സംഗീതരംഗത്ത് പൊതുവെ റിബല്‍ ആയി അറിയപ്പെടുന്ന കലാകാരനായിരുന്നു.

സിത്താര്‍ വാദനത്തില്‍ സ്വന്തമായ ശൈലി കൊണ്ടുവന്നയാളായി വിലായത്ത് ഖാന്‍ അറിയപ്പെടുന്നു. ഹിന്ദുസ്ഥാനി സംഗീതം ഗായകന്‍ ആലപിയ്ക്കുന്നതുപോലുള്ള (ഗായകി ശൈലി)ശൈലിയില്‍ സിത്താര്‍ വായിച്ചുവെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. അതെ, അദ്ദേഹം സിത്താര്‍ വായിക്കുകയായിരുന്നില്ല, സിത്താറില്‍ പാടുകയായിരുന്നു. ആലാപനത്തില്‍ മാത്രം സാധ്യമാകുന്ന സൂക്ഷ്മമായ പ്രയോഗശൈലികള്‍ അദ്ദേഹം അനായാസം സിത്താറില്‍ സൃഷ്ടിച്ചിരുന്നു.

തബലയുടെ അകമ്പടിയില്ലാതെ അദ്ദേഹം വായിച്ച അനേകം രാഗങ്ങളുടെ കസെറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. താളത്തിന്റെ ഇടപെടല്‍പോലുമില്ലാതെ, സിത്താറിലൂടെ രാഗങ്ങളുടെ പരിശുദ്ധി പ്രേക്ഷകനെ അനുഭവിപ്പിയ്ക്കുകയായിരുന്നു വിലായത്ത് ഖാന്റെ ലക്ഷ്യം. അത്രമേല്‍ അദ്ദേഹം സംഗീതത്തിന്റെ പരിശുദ്ധിയെ വിശ്വസിച്ചു. ഹിന്ദുസ്ഥാനി-പാശ്ചാത്യസംഗീതങ്ങളുടെ ഫ്യൂഷനിലൂടെയാണ് പണ്ഡിറ്റ് രവിശങ്കര്‍ ലോകശ്രദ്ധ നേടിയതെങ്കില്‍, ഫ്യൂഷന്‍ സംഗീതത്തിന് അങ്ങേയറ്റം എതിരായിരുന്നു വിലായത്ത് ഖാന്‍. ശബ്ദത്തെ, സ്വരത്തെ രണ്ട് രീതിയില്‍ സമീപിയ്ക്കുന്ന ഭാരതീയ-പാശ്ചാത്യ സംഗീതശൈലികള്‍ സമന്വയിപ്പിയ്ക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന അഭിപ്രായക്കാരനായിരുന്നു വിലായത്ത് ഖാന്‍. അതേ സമയം ഹിന്ദുസ്ഥാനി സംഗീതവും കര്‍ണ്ണാടകസംഗീതവും കൂടുതല്‍ അടുക്കണമെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.

മാത്രമല്ല, ഓരോ രാഗത്തിന്റെയും വ്യത്യസ്തഭാവങ്ങള്‍ തേടി ഇത്രയധികം സഞ്ചരിച്ച സംഗീതജ്ഞരും കുറവായിരിക്കും.

അദ്ദേഹത്തിന്റെ ജനനവര്‍ഷം സംബന്ധിച്ച് തര്‍ക്കം നിലനില്ക്കുന്നുണ്ട്. എന്തായാലും വിലായത്ത് ഖാന്റെ സമ്മതപ്രകാരം ഒടുവില്‍ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ളത് അദ്ദേഹം 1922 ആഗസ്തില്‍ കിഴക്കന്‍ ബംഗാളിലെ(ഇപ്പോള്‍ ബംഗ്ലാദേശ്) ഗോരിപൂരില്‍ ജനിച്ചുവെന്നതാണ്.

അദ്ദേഹത്തിന്റെ അച്ഛന്‍ ഇനായത്ത് ഖാനും അപ്പൂപ്പന്‍ ഇംദാദ് ഖാനും പേരുകേട്ട സംഗീതജ്ഞരായിരുന്നു. അതുകൊണ്ട് വിലായത്ത് ഖാന്റെ രക്തത്തില്‍ സംഗീതം അലിഞ്ഞുചേര്‍ന്നിരുന്നു. കുടുംബപാരമ്പര്യമനുസരിച്ച് ചെറുപ്പത്തിലേ സിത്താറില്‍ പരിശീലനം തുടങ്ങി.

അപ്പൂപ്പന്റെ പേരില്‍ അറിയപ്പെടുന്നതായിരുന്നു വിലായത്ത് ഖാന്റെ ഖരാന. പേര് ഇംദദ്ഖാനി ഖരാന. മുഗള്‍ സാമ്രാജ്യത്തോളം പഴക്കമുള്ളതാണ് ഈ ഖരാന. ഈ ഖരാനയിലെ സംഗീതജ്ഞരുടെ ആറാം തലമുറയില്‍പ്പെട്ടയാളാണ് വിലായത്ത് ഖാന്‍. തുടക്കത്തില്‍ അച്ഛന്റെ അടുത്താണ് പഠിച്ചതെങ്കിലും അച്ഛന്‍ 1938ല്‍ മരിച്ചതോടെ, അമ്മാവന്‍ വഹിദ് ഖാന്റെ കീഴിലായി പഠനം. വിലായത്ത് ഖാനിലെ സംഗീതജ്ഞനെ രൂപപ്പെടുത്തുന്നതില്‍ അമ്മ ബഷീറന്‍ ബീഗവും വലിയ പങ്ക് വഹിച്ചു. പലപ്പോഴും സിത്താര്‍ വായിക്കുന്നതിലെ താളപ്പിഴകള്‍ അമ്മ തിരുത്തിതരുമായിരുന്നുവെന്ന് പിന്നീട് വിലായത്ത് ഖാന്‍ തന്നെ പല തവണ സ്മരിച്ചിട്ടുണ്ട്. സിത്താറില്‍ മണിക്കൂറുകളോളം പരിശീലനം നടത്തിയിരുന്ന വിലായത്ത് ഖാന്‍ പലപ്പോഴും വിരല്‍ മുറിഞ്ഞ് ചോരവരുവോളം വായിക്കാറുണ്ടായിരുന്നു.

അച്ഛന്റെ ശൈലിയിലായിരുന്നു ആദ്യം വായിച്ചിരുന്നതെങ്കിലും അധികം വൈകാതെ വിലായത്ത് ഖാന്‍ സ്വന്തം ശൈലി സൃഷ്ടിച്ചു. ഈ ശൈലിയെ വിലായത്ത്ഖാന്‍ ശൈലി എന്ന് വിളിയ്ക്കാനാണ് ഇന്നുള്ളവര്‍ ഇഷ്ടപ്പെടുന്നത്.(അങ്ങിനെ ഒരു ഖരാന ഇല്ലെങ്കിലും). എന്തായാലും ഇംദദ്ഖാനി ഖരാന വിലായത്ത് ഖാന്റെ കൈകളിലൂടെ ഏറെ വളര്‍ന്നു; പന്തലിച്ചു. ശുദ്ധസംഗീതത്തെ സ്നേഹിയ്ക്കുന്നവര്‍ക്ക് എന്നും വിലായത്ത്ഖാന്റെ കച്ചേരി വലിയ വിരുന്നായിരുന്നു. അദ്ദേഹം പാരമ്പര്യശൈലിയില്‍ ജനപ്രീതിയ്ക്ക് വേണ്ടി വെള്ളം ചേര്‍ത്തില്ല. (അങ്ങിനെ ഒരു ആരോപണമാണ് പണ്ഡിറ്റ് രവിശങ്കറിനെതിരെ ശുദ്ധസംഗീതവാദികള്‍ ഉയര്‍ത്തുന്നത്).

പലപ്പോഴും സിത്താറിലെ രണ്ട് ബിംബങ്ങളായ പണ്ഡിറ്റ് രവിശങ്കറിനെയും വിലായത്ത് ഖാനെയും പലരും താരതമ്യം ചെയ്യാറുണ്ട്. പക്ഷെ ഇങ്ങിനെ ഒരു താരതമ്യത്തിനര്‍ത്ഥമില്ല. രവിശങ്കര്‍ ജനപ്രിയസംഗീതത്തിന്റെ വഴി തേടിപ്പോയപ്പോള്‍, വിലായത്ത് ഖാന്‍ ശുദ്ധപാരമ്പര്യത്തില്‍ ഉറച്ചുനിന്നു. രണ്ടും ഒരുപോലെ മധുരമാണ്. അതെ, ഇക്കാര്യത്തില്‍ ബാംസുരി വിദഗ്ധന്‍ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരാസ്യ പറഞ്ഞതാണ് കൂടുതല്‍ ശരി: രവിശങ്കറും വിലായത്ത്ഖാനും സംഗീതത്തിലെ സൂര്യനും ചന്ദ്രനുമാണ്. ഇരുവരും വെളിച്ചം ചൊരിയുന്നു.

സത്യജിത് റായിയുടെ ജല്‍സാഗര്‍ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത് വിലായത്ത്ഖാനാണ്. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പരിശുദ്ധിയും നഷ്ടപ്പെടുന്നതെങ്ങിനെയെന്നും സമൂഹത്തിന് സംഗീതത്തോടുള്ള സമീപനം മാറുന്നതെങ്ങിനെയെന്നും ഹൃദയസ്പൃക്കായി വിവരിയ്ക്കുന്ന ചിത്രമാണ് ജല്‍സാഗര്‍(1958). ഇസ്മയില്‍ മര്‍ച്ചന്റിന്റെ ദി ഗുരു (1969) എന്ന ചിത്രത്തിനും സംഗീതം പകര്‍ന്നിട്ടുണ്ട്. ചിത്രത്തിന്റെ വികാരവിക്ഷോഭങ്ങള്‍ക്കിണങ്ങും മട്ടില്‍ വിലായത്ത്ഖാന്‍ നല്കിയ സംഗീതം വ്യത്യസ്താനുഭവമായിരുന്നു.

സ്വാതന്ത്യ്രത്തിന് ശേഷം ഇന്ത്യയ്ക്ക് പുറത്ത് സംഗീതപരിപാടിയ്ക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരിലൊരാളാണ് വിലായത്ത് ഖാന്‍. 1951ല്‍ അദ്ദേഹം ഇംഗ്ലണ്ടില്‍ സംഗീതപരിപാടി നടത്തി. മരിയ്ക്കുന്നതിന് തൊട്ടുമുമ്പ് വരെ അദ്ദേഹം വിദേശങ്ങളിലെ സംഗീതപരിപാടികളിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.

രണ്ട് വിവാഹങ്ങളിലായി അദ്ദേഹത്തിന് നാല് മക്കളുണ്ട്. ഷുജാത് ഹുസൈന്‍ ഖാന്‍, ഹിദായത്ത് ഖാന്‍, യമന്‍ ഖാന്‍, സിലാ ഖാന്‍ എന്നിവരാണ് മക്കള്‍. ഇതില്‍ ഷുജാത് ഹുസൈന്‍ഖാനും ഹിദായത്ത് ഖാനും ഇപ്പോള്‍ വിഖ്യാതരായ സിത്താര്‍ വാദകരാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X