കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗശാന്തിയ്ക്കായി രാഗസാന്ത്വനം

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: രോഗങ്ങളുടെ പിടിയിലമര്‍ന്ന് വേദനിയ്ക്കുന്ന മനസ്സുകളിലേക്ക് ഇളംകാറ്റായി രാഗങ്ങള്‍ ഒന്നൊന്നായി കടന്നുവന്നു. മുറിവുകളെ തൂവല്‍സ്പര്‍ശമായി രാഗങ്ങള്‍ തലോടി.

കൈതപ്രം ദാമോദരന്‍നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ രോഗങ്ങള്‍ക്ക് സംഗീതം കൊണ്ട് ചികിത്സ നല്കുന്നതിന്റെ ഭാഗമായി സംഗീതക്കച്ചേരി അരങ്ങേറിയത്. ഒന്നിനു പിറകെ ഒന്നൊന്നായി എത്തിയ രാഗഭാവങ്ങളില്‍ മുഴുകി രോഗികള്‍ കണ്ണടച്ചിരുന്നു. പലര്‍ക്കും മനസ്സിന്റെ ഭാരങ്ങള്‍ ഒഴിഞ്ഞുപോയി.

സംഗീതം കേള്‍ക്കേണ്ടവരില്‍ അറുപത് ശതമാനം പേരും ആശുപത്രികളിലാണെന്ന് പറഞ്ഞുകൊണ്ടാണ് കൈതപ്രം തന്റെ സംഗീതപരിപാടി തുടങ്ങിയത്. രോഗികള്‍ക്ക് സംഗീതത്തിലൂടെ ആശ്വാസം നല്കുകയാണ് ലക്ഷ്യമെന്നും കൈതപ്രം പറഞ്ഞു.

ഇത്തരത്തില്‍ നേരത്തെ തൃശൂരിലും കാസര്‍കോട്ടും നടത്തിയ പരിപാടികള്‍ രോഗികളില്‍ ഉണ്ടാക്കിയ പ്രതികരണം ആശാവഹമാണ്. മരുന്ന് പരാജയപ്പെട്ടിടത്ത് സംഗീതം വിജയിക്കുകയാണ്. സ്നേഹത്തിന്റെ ചിഹ്നങ്ങള്‍, ആത്മീയതയുടെ ഭാവങ്ങള്‍- സംഗീതം നല്കുന്നത് അത് മാത്രമാണ്.- കൈതപ്രം ചൂണ്ടിക്കാട്ടി.

നാട്ടരാഗത്തില്‍ ലംബോധര എന്ന ശ്ലോകത്തോടെയാണ് സംഗീതപരിപാടി തുടങ്ങിയത്. പിന്നെ നാരായണീയത്തിലെ ശ്ലോകം ആലപിച്ചു. എന്തരോ മഹാനുഭാവുലു എന്ന ത്യാഗരാജകീര്‍ത്തനവും പാടി. ബിലഹരി രാഗത്തില്‍ സാമവേണുഗോപാല...നന്ദഗോപാലാ...ഇന്ദുഗോപാല എന്ന ശ്ലോകമായിരുന്നു പിന്നീട്. ഇതിനിടെ നല്ലായി വിശ്വനാഥന്‍ വയലിനില്‍ മലയമാരുതരാഗം വായിച്ചു.

കളിവീടുറങ്ങിയല്ലോ, കളിവാക്കുറങ്ങിയല്ലോ... , ആലായാല്‍ തറവേണം, അടുത്തൊരമ്പലം വേണം... എന്നീ ഗാനങ്ങളും ആലപിച്ചു. നല്ലായി വിശ്വനാഥന്‍(വയലിന്‍), വൈക്കം പ്രസാദ്(മൃദംഗം), ഹരിപ്പാട് ശേഖരന്‍(ഘടം), പയ്യന്നൂര്‍ ഗോവിന്ദരാജ്(മുഖര്‍ശംഖ്) എന്നിവര്‍ പക്കമേളം വായിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X