പുറത്താക്കുമെന്ന് ഗവര്‍ണര്‍ വെറുതെ പറഞ്ഞതല്ല.. കണ്ണിലുടക്കിയോ ആ പോയന്റ്? പക്ഷെ ഫലം..?
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന രീതിയില്‍ സംസാരിച്ചാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടി സ്വീകരിക്കും എന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റ് ആണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
ഇതിനെതിരെ സി പി ഐ എം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. മന്ത്രിസ്ഥാനം റദ്ദാക്കുക എന്നത് ഗവര്‍ണര്‍ക്ക് സാധിക്കുന്ന കാര്യമാണോ എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഗവര്‍ണറുടെ വാദത്തിന് ഭരണഘടനാപരമായ എന്തെങ്കിലും സാധുത ഉണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.

ഭരണകൂടത്തിന്റെ തലവന്‍ എന്ന നിലയില്‍ അതത് സംസ്ഥാനങ്ങളിലെ ഗവര്‍ണറുടെ അനുമതിയോടെ ആണ് മന്ത്രിമാരെ നിയമിക്കുന്നത് എന്നത് വസ്തുതയാണ്. എന്നാല്‍ ഇത് സാങ്കേതികമായ ഒരു നടപടി ക്രമം മാത്രമാണ് എന്നാണ് ഭരണഘടനാ വിദഗ്ധര്‍ പറയുന്നത്. സംസ്ഥാന മന്ത്രിസഭയുടെ നാഥന്‍ മുഖ്യമന്ത്രിയാണ്.

ഗവര്‍ണര്‍ക്ക് കേന്ദ്രത്തില്‍ രാഷ്ട്രപതിക്ക് ഉള്ളതിന് സമാനമായ അധികാരങ്ങളാണ് ഉള്ളത്. ഉയര്‍ന്ന ഭരണഘടനാ പദവി ആണെങ്കിലും ഭരണനിര്‍വഹണത്തില്‍ ഗവര്‍ണര്‍ക്ക് പരിമിതികളുണ്ട്. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല എന്ന് തന്നെയാണ് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരിയും പറയുന്നത്.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രിയെ നിയമിക്കുന്നത്. സമാനമായി മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രമെ മന്ത്രിമാരെ നീക്കാനും ഗവര്‍ണര്‍ക്കും അധികാരമുള്ളൂ. ഇക്കാര്യത്തില്‍ സ്വന്തമായി തീരുമാനം എടുക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. അതായത് മന്ത്രിയെ നിയമിക്കാനും പുറത്താക്കാനും ഗവര്‍ണര്‍ക്ക് ഒറ്റക്ക് സാധിക്കില്ല എന്ന് സാരം.

ഏതൊരു സംസ്ഥാനത്തും അതത് മന്ത്രിസഭയുടെ നിര്‍ദേശം അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഭരണഘടനയിലെ 164-ാം അനുച്ഛേദത്തില്‍ പറയുന്നത് ഗവര്‍ണര്‍ക്ക് ഇഷ്ടമുള്ളിടത്തോളം കാലം മന്ത്രിമാര്‍ക്ക് ഉദ്യോഗം വഹിക്കാം എന്നാണ്. ഒരുപക്ഷെ ഈ ഒരു പോയിന്റിലായിരിക്കാം ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റും വന്നത്.

എന്നാല്‍ പോലും ഗവര്‍ണര്‍ക്ക് ഒറ്റക്ക് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ല എന്നത് വ്യക്തമാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ഇത്തരത്തില്‍ പുറത്താക്കുന്നത് ജനാധിപത്യപരമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഗവര്‍ണറുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് അദ്ദേഹത്തെ സഹായിക്കാനും ഉപദേശിക്കാനും മുഖ്യമന്ത്രി തലവനായുള്ള ഒരു മന്ത്രിസഭ ഉണ്ടാകണം എന്നാണ് ഭരണഘടന പറയുന്നത്.

എങ്കിലും മന്ത്രിസഭയുടെ നാഥന്‍ മുഖ്യമന്ത്രിയായതിനാല്‍ ഇത്തരം വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിധേയപ്പെടേണ്ടി വരും. അഥവാ ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് മന്ത്രിയെ മാറ്റിയാല്‍ പോലും സംസ്ഥാന സര്‍ക്കാരിന് കോടതിയില്‍ ഇത് ചോദ്യം ചെയ്യാനാകും. അതേസമയം ഒരു സംസ്ഥാനത്തെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട് നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.

ചുരുക്കി പറഞ്ഞാല്‍ ഗവര്‍ണര്‍ക്ക് എല്ലാ അധികാരങ്ങളുമുണ്ടെങ്കിലും അതില്‍ ചില പരിമിതികളും നിയന്ത്രണങ്ങളും ഉണ്ട്. ഗവര്‍ണര്‍ മന്ത്രിമാരെ നീക്കുന്നത് സമാന്തര ഭരണത്തിലേക്ക് നയിക്കും. ഭരണനിര്‍വഹണത്തില്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലാത്തതിനാല്‍ അത് ഭരണഘടനാ വിരുദ്ധവുമാകും. അതേസമയം കേരളത്തിലെ ആദ്യ സര്‍ക്കാരിനെ പിരിച്ചുവിട്ടത് ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്നത് ഇതിനോട് ചേര്‍ത്ത് വെക്കണം.












Click it and Unblock the Notifications