'കെ. കെ. രമയുടേത് തെരഞ്ഞെടുപ്പ് നാടകം'; വീഡിയോ പുറത്ത്
കോഴിക്കോട്: വടകര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആര്‍എംപി സ്ഥാനാര്‍ഥി കെ കെ രമയെ കൈയ്യേറ്റം ചെയ്‌തെന്ന ആരോപണം മുന്‍കൂട്ടി നിശ്ചയിച്ച നാടകമാണെന്ന് സിപിഎം. ഒരു വീട്ടില്‍ വോട്ടു ചോദിച്ച തന്നെ സിപിഎം പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് രമ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നയുടനെയായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. വടകര പ്രദേശത്തുനിന്ന് വലിയതോതില്‍ വോട്ട് സമാഹരിക്കാമെന്നുള്ള സ്ഥാനാര്‍ത്ഥിയുടെ വ്യാമോഹം പൂര്‍ണമായും തകര്‍ന്ന ഘട്ടത്തിലാണ് ആസൂത്രിതമായ ഈ നാടകം അരങ്ങേറിയതെന്ന് സിപിഎം പറയുന്നു.

തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കുന്ന ഘട്ടത്തില്‍ ആര്‍എംപി ഒരുക്കിയ നാടകത്തിന്റെ ഭാഗമാണ് സ്ഥാനാര്‍ഥി ആശുപത്രിയില്‍ കിടന്നതെന്ന് എല്‍ഡിഎഫ് വടകര മണ്ഡലം തെരഞ്ഞെടുപ്പു കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. കുറേ ദിവസങ്ങളായി സ്വതന്ത്രസ്ഥാനാര്‍ഥിയായ രമയും പലഭാഗത്തുനിന്നും വന്നെത്തുന്ന സഹപ്രവര്‍ത്തകരും വടകരയുള്ള വീടുകളെല്ലാം തുടര്‍ച്ചയായി കയറിക്കൊണ്ടിരിക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് വടകര നാരായണനഗരത്തിനടുത്തുള്ള മാണിക്കോത്ത് മീത്തല്‍ രാജന്റെ വീട്ടിലെത്തിയ സ്ഥാനാര്‍ത്ഥി കുടിക്കാന്‍ വെള്ളമാവശ്യപ്പെട്ടപ്പോള്‍ അത് കൊടുത്തു. ഈ ദൃശ്യം മാതൃഭൂമി ന്യൂസ് ചാനല്‍ വീഡിയോ എടുക്കുന്നതില്‍ വീട്ടുകാര്‍ അതൃപ്തി പ്രകടിപ്പിച്ചു. രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് ഇതെന്ന് മനസ്സിലായതുകൊണ്ടാണ് വീട്ടുകാര്‍ എതിര്‍ത്തത്. ഇത് സ്ഥാനാര്‍ത്ഥിയോടൊപ്പം വന്ന രാജന്റെ സഹോദരീപുത്രന്‍ ആര്‍എംപി പ്രവര്‍ത്തകനായ മനോജിനോട് ശ്രദ്ധയില്‍ പെടുത്തിയപ്പോഴുണ്ടായ വാക്കുതര്‍ക്കം മാത്രമാണ് അവിടെ നടന്നത്. യാതൊരു വിധ കയ്യേറ്റവും നടന്നിട്ടില്ല. എല്ലാവരും സമാധാനപരമായി പിരിഞ്ഞുപോയി ഏറെ സമയത്തിനുശേഷമാണ് യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് സ്ഥാനാര്‍ഥി ആശുപത്രിയില്‍ കിടന്നത്. അതിന്റെ ഭാഗമായാണ് ഉമ്മന്‍ചാണ്ടിയുടെ തത്സമയ വാര്‍ത്താ സമ്മേളനം. ഈ നുണക്കഥകള്‍ ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ലെന്നും എല്‍ഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചു.












Click it and Unblock the Notifications