ദിലീപിന് ഈ വിധി താല്‍ക്കാലിക ആശ്വാസം മാത്രം; പഴയ പ്രതാപത്തിലേക്കു തിരിച്ചുവരാന്‍ കഴിയില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിന്ന് ദിലീപിനെ കുറ്റവിമുക്തനാക്കിയെങ്കിലും കേസില്‍ നിന്ന് നൂറു ശതമാനം മോചനം ലഭിച്ചെന്ന് പറയാന്‍ കഴിയില്ലെന്ന് റിട്ട. എസ്പി ജോര്‍ജ് ജോസഫ്. പ്രോസിക്യൂഷന്‍ ഇനി ഹൈക്കോടതിയില്‍ പോകുമെന്നും ദിലീപിന് നഷ്ടപ്പെട്ട പ്രതാപം ഇനി ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയില്ലെന്നും റിട്ട. എസ്പി കൂട്ടിച്ചേര്‍ത്തു. വണ്‍ഇന്ത്യ മലയാളത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പള്‍സര്‍ സുനി എന്തിനാണ് ഈ കുറ്റകൃത്യം ചെയ്തതെന്ന് കോടതിക്ക് പറയാന്‍ പറ്റുന്നില്ല. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് ഗൂഢാലോചന പൂര്‍ണമായും തെളിയിച്ചിട്ടുണ്ട് എന്നാണു ഞാന്‍ കരുതുന്നത്. പക്ഷേ, കോടതി അത് അംഗീകരിച്ചിട്ടില്ല. പള്‍സര്‍ സുനിയുടെ മോട്ടീവ് എന്താണെന്ന് കോടതിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അതു കൊണ്ടാണ് ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികളെ മാത്രം കുറ്റക്കാരാക്കിയത്. ദിലീപ് ഉള്‍പ്പെടെയുള്ളവരെ വെറുതേവിട്ടു. താല്‍ക്കാലികമായ ആശ്വാസം ദിലീപിന് ലഭിച്ചു. ഇനി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പോകും. ഹൈക്കോടതി അത് ഒന്നു രണ്ട് വര്‍ഷം കൊണ്ട് കേള്‍ക്കും. അതു വരെ ദിലീപിന് ഷൂട്ടിങ്ങുമായി പോകാം. എങ്കിലും അദ്ദേഹത്തിന് നഷ്ടപ്പെട്ട പ്രതാപം ഇനി വീണ്ടെടുക്കാന്‍ കഴിയില്ല.

അതിജീവിതയ്ക്ക് ഇനി സുപ്രീം കോടതി വരെ പോകാന്‍ കഴിയും. നീതി കിട്ടും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇന്ത്യയിലെ ഒരു കേസിലും ഗൂഢാലോചന 100 ശതമാനം തെളിയിക്കാന്‍ പറ്റില്ല. എന്നാല്‍ ദിലീപിന് എതിരെ ഗൂഢാലോചനക്കുള്ള തെളിവുകള്‍ സ്‌ട്രോങ് ആണ്. ഇതില്‍ കൂടുതല്‍ ഒന്നും പ്രോസിക്യൂഷന് കണ്ടെത്താന്‍ കഴിയില്ലെന്നും ജോര്‍ജ് ജോസഫ് കൂട്ടിച്ചേര്‍ത്തു.
ഗൂഢാലോചന ഉണ്ടെന്ന് ദീലിപിന്റെ മുന്‍ ഭാര്യ തന്നെയാണ് പറഞ്ഞിട്ടുള്ളത്. അതനുസരിച്ചുള്ള മൊഴിയും അവര്‍ നല്‍കിയിട്ടുള്ളത്. ദിലീപിനെതിരേയുള്ള തെളിവുകള്‍ സ്‌ട്രോങ് ആണ്. പരമാവധി കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ അന്വേഷിച്ചിട്ടുണ്ട്. അത് പക്ഷേ കോടതി അംഗീകരിച്ചിട്ടില്ല. ദിലീപിന് നൂറു ശതമാനം മോചനം അല്ലിത്. ഹൈക്കോടതിയും സുപ്രീം കോടതിയും കടന്നു വന്നെങ്കില്‍ മാത്രമേ ദിലീപിന് കേസില്‍ നിന്ന്് മോചനം ഉണ്ടായി എന്നു പറയാന്‍ കഴിയൂ.
മേല്‍ക്കോടതിയില്‍ പോയാല്‍ മറ്റൊരു വിധി ഉണ്ടായേക്കാം. കൂട്ട ബലാല്‍സംഗം കീഴ്‌ക്കോടതിയില്‍ തെളിഞ്ഞുകഴിഞ്ഞു. ഗൂഢാലോചന എന്ന ഭാഗത്തിനാണ് തര്‍ക്കമുള്ളത്. രണ്ടു പേര് രഹസ്യമായി പറയുന്നത് ഒരു രാജ്യത്തും തെളിയിക്കാന്‍ പറ്റില്ല. പ്രോസിക്യൂഷന്‍ നന്നായി തെളിയിച്ചിട്ടുണ്ട്. ഈ വിധി ഒരു മോശം സന്ദേശമാണ് നല്‍കുന്നത്. അപ്പീല്‍ പോയിക്കഴിഞ്ഞാല്‍ ഹൈക്കോടതി ചിലപ്പോള്‍ ഈ തെളിവുകള്‍ സ്വീകരിച്ചേക്കാം. അതുകൊണ്ട് ദിലീപിന് 100 ശതമാനം മോചനം എന്നു പറയാന്‍ കഴിയില്ലെന്നും ജോര്‍ജ് ജോസഫ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications