വയനാട്ടിൽ രക്ഷപ്പെടുമോ? കൈ നോക്കിച്ച് സുരേന്ദ്രൻ..90 വയസുവരെ ആയുസുണ്ടെന്ന്
വയനാട്; ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ചിരിക്കുകയാണ്. വയനാട്ടിൽ വൈകിയാണ് എത്തിയതെങ്കിലും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വോട്ട് തേടിയുള്ള ഓട്ടത്തിലാണ്. പ്രചരണത്തിനിടയിൽ സുരേന്ദ്രൻ തന്റെ കൈ നോക്കിച്ച വീഡിയോ ആണ് വൈറലാകുന്നത്. എന്താണ് അവസ്ഥയെന്ന് അറിയാം എന്ന് പറഞ്ഞ് കൊണ്ടാണ് സുരേന്ദ്രൻ കൈ നോക്കിക്കുന്നത്.
കൈ നോക്കുന്നവർ പറഞ്ഞ മറുപടി ഇങ്ങനെ-'നിങ്ങള് ജയിക്കാൻ പോകുകയാണ്. നല്ലൊരു മനസിന്റെ മനസിന്റെ ഉടമാണ്. ധാനവും ധർമ്മവും ചെയ്യുന്നയളാണ്. കേമൻമാരെ കാണുന്നത് താത്പര്യമില്ല. പാവങ്ങളെ കാണുന്നതാണ് ഇഷ്ടം. അവർക്ക് ധാരാളം സഹായം ചെയ്ത് കൊടുത്തിട്ടുമുണ്ട്. ഐശ്വര്യമുള്ള മനുഷ്യനാണ്. 90 വയസുവരെ ആയുസുണ്ട്. അതിനിടയിൽ വെടിവെച്ചാലും കൊള്ളൂല്ല. വെടിവെക്കാൻ നോക്കിയിട്ടുണ്ട്. പക്ഷേ കൊണ്ടിട്ടില്ല. പരുക്കൻ മുണ്ടുടുത്ത് പോയാലും നിങ്ങൾക്ക് സീറ്റുണ്ട്. എടുക്കുന്ന ജോലിയിൽ ശത്രുക്കൾ ഉണ്ട്. പുതിയ മാറ്റം ഇനിയും വരും. വാഹനങ്ങൾ എടുക്കും, വസ്തു എടുക്കും. അപായത്തിൽപ്പെട്ടാലും കൂട്ടുകാര് നിങ്ങളെ രക്ഷപ്പെടുത്തും. എവിടെ പോയാലും സഹായം കിട്ടും. ജനപിന്തുണ ഉണ്ട്.

പണം ഉണ്ടെങ്കിൽ നിങ്ങൾ ധാരാളിയാണ്. പണമില്ലെങ്കിൽ സാധുവിനെ പോലെ ഇരിക്കുകയും ചെയ്യും. കൊടുത്തതൊന്നും ഇതുവരെ കിട്ടിയില്ല. ദേവിയുടെ സഹായം ഉണ്ട്. മുത്തപ്പനേയും ഗുരുവായൂരപ്പനേയും കാണണം. ആയുസും ആരോഗ്യവും ഉണ്ടാകും. ഇപ്പോൾ ഇറങ്ങിയ പോരാട്ടത്തിൽ വിജയിച്ച് വരും', അവർ പറഞ്ഞു. കൈകൂപ്പി അവർക്ക് പൈസയും നൽകിയാണ് സുരേന്ദ്രൻ പോയത്.
ബി ജെ പിയുടെ അഞ്ചാമത്തെ പട്ടികയിലായിരുന്നു കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത്. തുടക്കത്തിൽ സുരേന്ദ്രൻ മത്സരിക്കേണ്ടതില്ലെന്ന നിലയ്ക്കായിരുന്നു പാർട്ടി നിലപാട്. താൻ മത്സരിക്കാനില്ലെന്ന് സുരേന്ദ്രനും നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര നിർദ്ദേശപ്രകാരമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നായിരുന്നു പ്രഖ്യാപനത്തിന് പിന്നാലെ കെ സുരേന്ദ്രൻ വ്യക്തമാക്കിയത്. എം പി എന്ന നിലയിൽ രാഹുൽ ഗാന്ധി വയനാട്ടുകാർക്ക് ഒട്ടും സ്വീകാര്യനല്ലെന്നും അദ്ദേഹം എന്ത് ചെയ്തില്ല എന്നത് വോട്ട് ആകുമെന്നും സുരേന്ദ്രൻ പറഞ്ഞു. രാഹുൽ ഗാന്ധിയും ആനിരാജയും ടൂറിസ്റ്റ് വിസയിലാണ് വയനാട്ടിൽ വന്നത്. പക്ഷെ താൻ പെർമനന്റ് വിസയുള്ള ആളാണെന്നും സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications