വൈദികനെ മദ്യപര്‍ ആക്രമിച്ചു, ചങ്ങനാശ്ശേരിയില്‍ 17ന് ഹര്‍ത്താല്‍
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ വൈദികനെ മദ്യപര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 17 ന് ഹര്‍ത്താലിന് ആഹ്വാനം. ചങ്ങനാശ്ശേരി താലൂക്കിലാണ് പൗരാവലി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞ ദിവസം രാത്രിയാണ് വൈദികനുനേരെ ആക്രമണമുണ്ടായത്.
വെരൂര്‍ പള്ളിയിലെ ഫാദര്‍ ടോം കൊറ്റത്തിലിനെയാണ് ആക്രമിച്ചത്. ഇടവക ഡയറക്ടറി തയ്യാറാക്കിയതിന് ശേഷം സഹപ്രവര്‍ത്തകനെ വീട്ടില്‍ എത്തിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം. വഴിയില്‍ ഇരിയ്ക്കുകയായിരുന്ന ഒരു സംഘത്തെ കണ്ട് വണ്ടി നിര്‍ത്തി എന്താണ് കാര്യമെന്ന് വൈദികന്‍ തിരക്കി. ഇതില്‍ പ്രകോപിതരായ സംഘം വൈദികനെ പിന്തുടര്‍ന്ന് ആക്രമിയ്ക്കുകയായിരുന്നു.

പരിക്കേറ്റ വൈദികനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദികന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറയിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. എത്ര പേര്‍ സംഘത്തിലുണ്ടായിരുന്നു എന്നതിനെപ്പറ്റി വിവരങ്ങള്‍ ലഭ്യമല്ല.












Click it and Unblock the Notifications