പശ്ചിമബംഗാള്‍ അവസാനഘട്ട തിരഞ്ഞെടുപ്പ്;മൂന്ന് മണിവരെ 74.15 ശതമാനം പോളിംഗ്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് തുടക്കമായി. വൈകിട്ട് മൂന്ന് മണിവരെ 74.15 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. 25 നിയമസഭാ മണ്ഡലങ്ങളിലേക്കായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ 58 ലക്ഷം വോട്ടര്‍മാരാണ് 170 സ്ഥാനാര്‍ത്ഥികളുടെ വിധിയെഴുതുന്നത്. ഇവരില്‍ 18 പേര്‍ വനിതകളാണ്. 6,774 പോളിംഗ് ബൂത്തുകളിലായി 58 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുത്ത് നടത്തുന്നത്. വോട്ടര്‍മാരില്‍ 27.8 ലക്ഷം പേര്‍ സ്ത്രീകളാണ്.
നാലാംഘട്ട തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കുച്ച് ബെഹാറില്‍ 361 കമ്പനി കേന്ദ്ര സേനയെയും സംസ്ഥാന പൊലീസിലെ 12,000 സേനാംഗങ്ങളെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിച്ചിട്ടുണ്ട്. രണ്ട് ജില്ലകളെ പ്രശ്‌നബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. മിഡ്‌നാപ്പൂരില്‍ 124 കമ്പനി കേന്ദ്രസേനയെയും കമ്മീഷന്‍ വിന്യസിച്ചിട്ടുണ്ട്. പോളിംഗ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പുറമേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാവിലെ 8.30 വരെ 250 പരാതികളാണ് കമ്മീഷന് ലഭിച്ചിട്ടുള്ളത്.

തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി സംസ്ഥാന പരിസ്ഥിതി മന്ത്രി സുദര്‍ശന്‍ ഘോഷ്, ലോക്‌സഭാംഗമായ സുവേന്ദു അധികാരിയും എല്‍ഡിഎഫിന് വേണ്ടി സിപിഎം നേതാവും ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന തപാസ് സിന്‍ഹ, സിപിഐ നേതാവ് അബ്ദുള്‍ കബീര്‍ ഷേയ്ക്ക് എന്നിവരാണ് അവസാനഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ഇതോടെ അവസാനിക്കുന്ന ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഈ മാസം 16ന് ആരംഭിക്കും.
സ്വാതന്ത്ര്യാനന്തരം കുച്ച്‌ബെഹാറിലെ 51 എന്‍ക്ലേവുകളില്‍ നിന്നായി 9,776 വോട്ടര്‍മാരാണുള്ളത്. കഴിഞ്ഞ ഓഗസ്തില്‍ ഇന്ത്യയും ബംഗ്ലാദേശും ചേര്‍ന്ന് അതിര്‍ത്തി പുനഃര്‍നിര്‍ണ്ണയിച്ചതോടെയാണ് ഈ 51 എന്‍ക്ലേവുകള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലായത്.
കൃത്യമായി ഇന്ത്യയുടേയോ ബംഗ്ലേദേശിലെയോ ഭാഗമല്ലാതിരുന്നതിനാല്‍ സ്വാതന്ത്ര്യാനന്തരം ഈ കോണ്‍ക്ലേവുകളിലെ ജനങ്ങള്‍ക്ക് സമ്മതിദായക അവകാശം ഉപയോഗപ്പെടുത്താനുള്ള അവസരം ലഭിച്ചിരുന്നില്ല.












Click it and Unblock the Notifications