ഒരു സിനിമ കാണാൻ 69 രൂപ, കേരളത്തിൽ സീസണൽ ടിക്കറ്റ് സമ്പ്രദായം വരുമോ?
ഒരു സിനിമ കാണാൻ കേരളത്തിലെ തിയേറ്ററുകളിൽ 110 രൂപ മുതൽ അങ്ങോട്ട് ചാർജുകളുണ്ട്. എന്നാൽ നല്ല തീയേറ്റർ അനുഭവം ലഭിക്കണമെന്ന താൽപര്യമുള്ളതു കൊണ്ട് തന്നെ പലരും പി വി ആറിനെയോ, ഐനോക്സ് തീയേറ്ററുകളെയോ ആശ്രയിക്കും. അടുത്തിടെ ജി എസ് ടിയും മറ്റും ചേർത്ത് ഇങ്ങനെ ടിക്കറ്റെടുത്താൽ തന്നെ ശരാശരിക്കണക്കിൽ ഒരു 200 രൂപയെങ്കിലും ഒരാൾക്ക് ചെലവ് വരും. എന്നാൽ വെറും 70 രൂപയ്ക്ക് ഒരു സിനിമ കാണാൻ പറ്റിയാലോ ? അതും പി വി ആറിലോ, ഐനോക്സിലോ ഒക്കെയായാലോ ?
ഇത്തരത്തിൽ ഒരു പുതിയ പദ്ധതിയാണ് ഇനി കേരളത്തിലേക്ക് വരാനിരിക്കുന്നത്. സിനിമ കാണാൻ പ്രതിമാസ ടിക്കറ്റ് എടുത്താല് പിന്നീട് കാലാവധി തീരുന്നതു വരെ പണം കൊടുക്കേണ്ടി വരില്ല. നിലവിൽ ഉത്തരേന്ത്യയിൽ ഇത്തരത്തിലുള്ള ടിക്കറ്റ് നിലവിലുണ്ട്. ഉത്തരേന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ട് വന്ന പ്രതിമാസ ടിക്കറ്റ് സമ്പ്രദായം അവിടത്തെ വിജയത്തിനു ശേഷം ഇങ്ങോട്ടേക്കും കൊണ്ടു വരാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്.

ഉത്തരേന്ത്യയിലെ പാസ്പോർട്ട് ടിക്കറ്റിന്റെ വിജയം അടുത്ത മാസം പകുതിയോടെ കേരളത്തിലേക്കും കൊണ്ടു വന്നേക്കും. പി വി ആർ, ഐനോക്സ് തീയേറ്റർ ഗ്രൂപ്പുകളാണ് പ്രതിമാസ ടിക്കറ്റ് സമ്പ്രദായം കേരളത്തിൽ പരീക്ഷിക്കാനൊരുങ്ങുന്നത്. 699 രൂപ പ്രതിമാസം അടച്ചാൽ 10 സിനിമകൾ കാണാനാകും. അതായത് 69 രൂപയ്ക്ക് ഒരു സിനിമ കാണാം. 10 സിനിമയ്ക്ക് 180 രൂപ നിരക്കിൽ 1800 രൂപ വരെ ചിലവാകും എന്നോർമ വേണം. ഇത്തരത്തിൽ ആക്സസ് ലഭിക്കുന്നതോടെ പോപ്കോൺ അടക്കമുള്ളവയ്ക്കും അധിക ആനുകൂല്യങ്ങൾ ലഭ്യമാകും.
പാസ്പോർട്ട് ടിക്കറ്റ് എന്നാകും ഈ ടിക്കറ്റ് അറിയപ്പെടുക. ഇത് എടുത്ത ആൾക്കല്ലാതെ കൈമാറാനാകില്ല. ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്യുമ്പോൾ നിരക്കിളവ് ലഭിക്കും. ചുരുങ്ങിയത് 3 മാസത്തേക്ക് ഉപയോ ഗിക്കാനുള്ള ടിക്കറ്റുകൾ ഒരുമിച്ചാവും എടുക്കാനാകുക. അതേ സമയം കേരളത്തിൽ പി വി ആർ, ഐനോക്സ് തീയേറ്ററിലും തിങ്കൾ മുതൽ വ്യാഴം വരെ ടിക്കറ്റ് ഉപയോ ഗിക്കാനാകും. അതേ സമയം വെള്ളി മുതൽ ഞായർ വരെയുള്ള സിനിമകൾ കാണാൻ വേറെ പണം കൊടുത്ത് ടിക്കറ്റ് എടുക്കേണ്ടി വരും. വെറും 69 രൂപയ്ക്ക് ഒരു സിനിമ വച്ച് കാണാമെന്നുള്ളത് യുവാക്കളെയും വിദ്യാർത്ഥികളെയും ആകും കൂടുതൽ ആകർഷിക്കുക.












Click it and Unblock the Notifications