ആടുജീവിതവും 50 കോടി ക്ലബില്‍, പൃഥ്വി മമ്മൂട്ടിക്കൊപ്പം; മോഹന്‍ലാല്‍ ബഹുദൂരം മുന്നില്‍
2024 മലയാള സിനിമയെ സംബന്ധിച്ച് അടുത്തകാലത്തൊന്നും നല്‍കിയിട്ടില്ലാത്ത മികച്ച പുതുവര്‍ഷ സമ്മാനമാണ് നല്‍കുന്നത്. ദേശങ്ങളും ഭാഷയും കടന്ന് മലയാള സിനിമ ആഘോഷിക്കപ്പെടുകയാണ്. വെറും മൂന്ന് മാസത്തിനുള്ളില്‍ നാല് സിനിമകളാണ് 50 കോടി ക്ലബില്‍ ഇടം നേടിയിരിക്കുന്നത്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകള്‍ കൈയിലേന്തിയ ബാറ്റണ്‍ ഏറ്റവും ഒടുവില്‍ ആടുജീവിതത്തില്‍ ആണ് എത്തിയിരിക്കുന്നത്.
ആദ്യ ദിനം തന്നെ 16 കോടിയിലേറെ കളക്ട് ചെയ്ത ആടുജീവിതം അതിവേഗം 50 കോടി ക്ലബില്‍ എത്തിയ ചിത്രം എന്ന റെക്കോഡും സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ഇന്നലെ വരെ 46 കോടിയോളം കളക്ട് ചെയ്ത ചിത്രം ഇന്നത്തെ അഡ്വാന്‍സ് ബുക്കിംഗ് കൂടി കൂട്ടുമ്പോള്‍ 50 കോടിയും കടന്നുവെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അതിവേഗം 50 കോടിയില്‍ എത്തിയവരില്‍ രണ്ടാം സ്ഥാനത്ത് ലൂസിഫറാണ്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണിത്. ഈ ചിത്രവും നാല് ദിവസം കൊണ്ടാണ് 50 കോടി ക്ലബ്ബില്‍ ഇടം നേടിയത്. അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബിലെത്തിയ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, ആറ് ദിവസം കൊണ്ട് ഈ നേട്ടം സ്വന്തമാക്കിയ അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ച ഭീഷ്മപര്‍വ്വം, ഏഴ് ദിവസം കൊണ്ട് 50 കോടി നേടിയ 2018 എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.
മഞ്ഞുമ്മല്‍ ബോയ്‌സും ഏഴ് ദിവസത്തിലാണ് 50 കോടിയിലെത്തിയത്. നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിലിറങ്ങിയ കായംകുളം കൊച്ചുണ്ണി 11 ദിവസത്തില്‍ ആയിരുന്നു ചിത്രം 50 കോടി ക്ലബ്ബില്‍ കയറിയത്. അതേസമയം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ 50 കോടി ക്ലബ് ഉള്ളത് മോഹന്‍ലാലിന്റെ പേരിലാണ്. മോഹന്‍ലാല്‍ നായകനായ ദൃശ്യമാണ് ആദ്യമായി മലയാളത്തില്‍ 50 കോടിയില്‍ എത്തിയത്.
ഇതിന് പിന്നാലെ ഒപ്പം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഒടിയന്‍, പുലിമുരുകന്‍, ലൂസിഫര്‍, നേര് എന്നീ ചിത്രങ്ങളും 50 കോടി ക്ലബില്‍ തൊട്ടു. 50 കോടി ക്ലബ് എന്ന പോലെ മലയാളത്തിലെ ആദ്യ 100, 150 കോടി ക്ലബ് ചിത്രങ്ങളും മോഹന്‍ലാലിന്റെ പേരിലാണ്. മമ്മൂട്ടിക്ക് കണ്ണൂര്‍ സ്‌ക്വാഡ്, ഭീഷ്മപര്‍വ്വം, ഭ്രമയുഗം എന്നീ ചിത്രങ്ങളാണ് 50 കോടി ക്ലബില്‍ ഉള്ളത്. പൃഥ്വിരാജിന് എന്ന് നിന്റെ മൊയ്തീന്‍, ജനഗണമന, ആടുജീവിതം എന്നിവയാണ് ഉള്ളത്.
ദിലീപിന്റെ ടു കണ്‍ട്രീസ്, രാമലീല എന്നീ ചിത്രങ്ങളും 50 കോടി പിന്നിട്ടിട്ടുണ്ട്. സൗബിന് മഞ്ഞുമ്മല്‍ ബോയ്‌സ്, രോമാഞ്ചം എന്നീ സിനിമകളുണ്ട്. മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളായ 2018, ബാംഗ്ലൂര്‍ ഡേയ്‌സ്, വൈറസ് എന്നിവയും 50 കോടി ക്ലബ് എന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 200 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ.












Click it and Unblock the Notifications