'അങ്ങനെ ഒന്നും ആവശ്യപ്പെടുന്ന ആളല്ല നജീബ്, പക്ഷേ കഴിഞ്ഞദിവസം ഒരു ആഗ്രഹം പറഞ്ഞു'; ബെന്യാമിൻ
എത്രയോ വർഷങ്ങൾ നീണ്ട കാത്തിരപ്പിന് അവസാനം സംവിധായകൻ ബ്ലെസി ഒരുക്കിയ ആടുജീവിതം ഇന്ന് തീയറ്ററുകളിലേക്ക് എത്തുകയാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ ആണ് ബ്ലെസി സിനിമയാക്കിയത്. ആറാട്ടുപുഴയിലെ നജീബിന്റെ യഥാർത്ഥ ജീവിതമാണ് ബെന്യാമിന്റെ നോവിലിലൂടെ നമ്മൾ വായിച്ചറിഞ്ഞത്. ആ ജീവിതം തന്നെയാണ് പൃഥ്വിരാജിലൂടെ കാണാൻ പോകുന്നതും. ചിത്രത്തിന്റെ റിലീസ് ദിവസം ബെന്യാമിൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
അങ്ങനെ ഒന്നും ആവശ്യപ്പെടുന്ന ആളല്ല നജീബ് എന്നും പക്ഷേ കഴിഞ്ഞ ദിവസം ഒരു ആഗ്രഹം നജീബ് പറഞ്ഞുവെന്നും ബെന്യാമിൻ സോഷ്യൽ മീഡിയിയൽ കുറിച്ചു. പടത്തിന്റെ റിലീസ് ദിവസം ധരിക്കാൻ ഒരു സെറ്റ് ടീ ഷർട്ട് വേണമെന്നായിരുന്നു നജീബ് ആവശ്യപ്പെട്ടതെന്നും ഇന്ന അത് എത്തിച്ചുവെന്നും ബെന്യാമിൻ പറഞ്ഞു. രാത്രി തന്നെ ഫോട്ടോ എടുത്ത് അയക്കുകയും ചെയ്തുവെന്നും ആ പുഞ്ചിരിക്കുന്ന മുഖം തന്നെയാണ് ഈ ദിവസത്തിന്റെ പ്രത്യേകത എന്നും ബെന്യാമിൻ കുറിച്ചു. ഇന്ന് ഞങ്ങൾ ഒന്നിച്ച് സിനിമ കാണുമെന്നും അദ്ദേഹം പറഞ്ഞു.

ബെന്യാമിൻ പങ്കുവെച്ച കുറിപ്പ്:
അങ്ങനെ ഒന്നും ആവശ്യപ്പെടുന്ന ആളല്ല നജീബ്. പക്ഷേ കഴിഞ്ഞ ദിവസം ഒരു ആഗ്രഹം പറഞ്ഞു. പടത്തിന്റെ റിലീസ് ദിവസം ഇടാൻ ഞങ്ങൾക്ക് ഒരു സെറ്റ് ടി-ഷേർട്ട് വേണം. ഇന്നലെ അതെത്തിച്ചു. രാത്രി തന്നെ ഫോട്ടോ എടുത്ത് അയക്കുകയും ചെയ്തു. ആ പുഞ്ചിരിക്കുന്ന മുഖം തന്നെയാണ് ഈ ദിവസത്തിന്റെ പ്രത്യേകത. ഇന്ന് ഞങ്ങൾ ഒന്നിച്ച് സിനിമ കാണും. ലോകമെമ്പാടും ഏതാണ്ട് രണ്ടായിരത്തോളം സ്ക്രീനുകളിൽ സിനിമ എത്തുകയാണ്. നിങ്ങളുടെ കാഴ്ചയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
അതേ സമയം മരുഭൂമിയിൽ താൻ ജീവിച്ച ജീവിതം തീയറ്ററിലേക്ക് എത്തുമ്പോൾ നജീബിന്റെ ഉള്ളിൽ ഒരു നോവ് കൂടിയുണ്ട്. നജീബിന്റെ മകൻ സഫീറിന്റെ ഒന്നര വയസ്സുകാരിയായ മകൾ സഫാമറിയത്തിന്റെ വേർപാട്. കൊച്ചുമകളുടെ വേർപാട് നജീബിനെയും കുടുംബത്തേയും തകർത്തുകളഞ്ഞു.
എന്നാൽ സിനിമ കാണാൻ വരണമെന്ന സംവിധായകൻ ബ്ലെസിയുടെ സ്നേഹപൂർണമായ ആവശ്യത്തിന് വഴങ്ങി എറണാകുളത്തെ തിയറ്ററിൽ ആടുജീവിതം കാണാൻ എത്താമെന്ന് നജീബ് സമ്മതിക്കുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം എത്തുമ്പോൾ ധരിക്കാനാണ് ആടുജീവിതം എന്ന് എഴുതിയ ടി ഷർട്ട് നജീബ് ചോദിച്ചത്.












Click it and Unblock the Notifications