സ്ത്രീകള്‍ കാല്‍ അകത്തി വെക്കണമെന്നാണ് അവന്‍ വന്ന് പറഞ്ഞത്: അശ്ലീല കമന്റിട്ടവനെ തുറന്നുകാട്ടി അഭയ ഹിരണ്മയി
സോഷ്യല്‍ മീഡിയ രംഗത്ത് സെലിബ്രിറ്റികള്‍ക്കെതിരായ അധിക്ഷേപം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. പ്രത്യേകിച്ച് നടിമാർക്കെതിരെയാകുമ്പോള്‍ അത് അങ്ങേയറ്റം മോശമായ ഭാഷയിലേക്ക് വരെ പോകുന്നു. ചിലരെ സംബന്ധിച്ച് ഇത് വലിയ രീതിയിലുള്ള മാനസിക സംഘർഷങ്ങളിലേക്ക് നയിക്കുന്നു. എന്നാല്‍ മറ്റ് ചിലരാകട്ടെ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് രംഗത്ത് വരാറുണ്ട്. അത്തരത്തിലൊരാളാണ് അഭയ ഹിരണ്മയി.
ഇത് ആദ്യമായല്ല അഭയ ഹിരണ്മയിക്കെതിരെ അധിക്ഷേപമുണ്ടാകുന്നത്. വ്യക്തിബന്ധങ്ങളുടെ പേരില്‍ അടക്കം വലിയ അധിക്ഷേപങ്ങള്‍ക്ക് വിധേയമായ താരമാണ് അഭയ ഹിരണ്മയി. എന്നാല്‍ ഇത്തരം അധിക്ഷേപങ്ങള്‍കേട്ട് വെറുതെ ഇരിക്കാന്‍ അഭയ തയ്യാറുമല്ല. പലപ്പോഴും ഇത്തരക്കാരെ പൊതുസമൂഹത്തിന് മുന്നില്‍ അഭയ തുറന്ന് കാട്ടാറുമുണ്ട്. അത്തരത്തിലുള്ള ഒരു തുറന്നുകാട്ടലാണ് ഇപ്പോള്‍ വീണ്ടും ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം അഭയ പുതിയ ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് അധിക്ഷേപ കമന്റുമായി ഒരാള്‍ എത്തിയത്. ഈ കമന്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് അഭയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്.
'കമന്റ് ഇടാന്‍ ആശയ ദാരിദ്ര്യം ആണെന്ന് പറഞ്ഞാല്‍ മനസിലാക്കാം. പക്ഷെ ലൈംഗിക ദാരിദ്ര്യം കാരണം ബാക്കിയുള്ളവരുടെ കമന്റ് ബോക്‌സില്‍ വന്ന് ഇങ്ങനെ ഛര്‍ദ്ദിക്കുന്ന എല്ലാ നല്ലവരായ നാട്ടുകാരോടും പുച്ഛം മാത്രം. നിങ്ങള്‍ ഛര്‍ദ്ദിച്ചോ, ചര്‍ദ്ദിച്ചു ഛര്‍ദ്ദിച്ചു പോയി ചത്തോ. അതാണ് നിന്റെയൊക്കെ അമ്മയ്ക്കും പെങ്ങള്‍ക്കും നല്ലത്.' എന്നാണ് മോശം കമന്റുകളുടെ സ്ക്രീന്‍ഷോട്ട് സഹിതമുള്ളു അഭയയുടെ സ്റ്റോറി.
മോശം കമന്റിട്ട വ്യക്തിയുടെ പ്രൊഫൈലിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് മറ്റൊരു സ്റ്റോറിയും അഭയ ഇട്ടിട്ടുണ്ട്. 'നാട്ടില്‍ ഉള്ള സ്ത്രീകള്‍ കാല്‍ അകത്തി വെക്കണം എന്നാണ് അദ്ദേഹം എന്റെ കമന്റ് ബോക്‌സില്‍ വന്നു പറഞ്ഞത്. ആരെങ്കിലും ഇദ്ദേഹത്തിന്റെ അമ്മയോടോ പെങ്ങളോടോ ഒന്ന് പറയുമോ മകന്റെ ആ മാനസിക അവസ്ഥ' എന്നായിരുന്നു ഈ സ്റ്റോറിയില്‍ അഭയയുടെ പ്രതികരണം.
താരത്തിന്റെ ഇത്തരത്തിലുള്ള പ്രതികരണത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട്. ഇവരൊയക്കെ ഇതേ രീതിയലാണ് നേരിടേണ്ടതെന്നാണ് ചിലർ പറയുന്നത്. അതോടൊപ്പം തന്നെ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരില്‍ ചിലർ താരത്തെ ഇപ്പോഴും അധിക്ഷേപിക്കുന്നതായും കമന്റ് ബോക്സുകളില്‍ കാണാന്‍ സാധിക്കുന്നു.
അതേസമയം, സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലം പറഞ്ഞ ഒരു വ്യക്തിക്കെതിരെ ബിഗ് ബോസ് മലയാളം സീസണ്‍ 5 താരമായ നാദിറ മെഹ്റിനും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വൃത്തികെട്ട മെസേജ് അയച്ചുവെന്ന് പറയപ്പെടുന്ന വ്യക്തിയുടെ ഫോട്ടോ അടക്കം പങ്കുവെച്ചുകൊണ്ടാണ് നാദിറയുടെ പ്രതികരണം.
'സ്ത്രീകളുടെ അക്കൗണ്ടില്‍ വന്നു മോശമായി ചാറ്റ് ചെയ്യുന്ന ഈ വൃത്തികെട്ടവനെ അറിയുന്നവര്‍ ഒന്ന് പറയണേ. ഇവന്റെ വീട്ടുകാരെ അറിയിക്കാനാ. ഉനൈസ് എന്നാണ് പേര്. ഇവന്റെയൊക്കെ കുടുംബത്തിലുള്ളവര്‍ സേഫ് ആണോ എന്നു പോലും സംശയം ഉണ്ട്' നാദിറ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. നാദിറയുടെ സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചാവിഷയമായി മാറുകയും ചെയ്തു.












Click it and Unblock the Notifications