'സ്വര്‍ണം തരാം, സ്വത്ത് തരാം, പക്ഷേ ഇത് ഞാന്‍ തരില്ല' : അഭയ ഹിരണ്‍മയിക്ക് ഏറെ പ്രിയപ്പെട്ടത്
പുതുവർഷത്തില്‍ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ മലൈകോട്ടെ വാലിബന്‍. ചിത്രത്തിന്റെ ടീസറിനും പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണം തന്നെ പ്രേക്ഷകരില്‍ നിന്ന് ലഭിക്കുകയും ചെയ്തു. ചിത്രത്തില്‍ അഭയ ഹിരണ്‍മയി പാടിയ 'പുന്നാരക്കാട്ടിലെ'എന്ന ഗാനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
വളരെ അപ്രതീക്ഷിതമായി എന്നെ തേടിയെത്തിയ പാട്ടാണ് മലൈക്കോട്ടൈ വാലിബനിലെ ''പുന്നാരക്കാട്ടിലെ'' എന്നതെന്നാണ് മനോരമ ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അഭയ ഹിരണ്‍മയി വ്യക്തമാക്കുന്നത്. ആ ഗാനം മലൈക്കോട്ടെ വാലിബനിലേതാണെന്ന് പോലും വളരെ വൈകിയാണ് അറിഞ്ഞതെന്നും അഭയ ഹിരണ്‍മയി പറയുന്നു.

ചിത്രത്തിലെ ഗാനം സംഗീതാസ്വാദകർ സ്വീകരിച്ചു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. പാട്ടിനെക്കുറിച്ച് മാത്രമല്ല, തന്റെ ശബ്ദത്തെക്കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് ഇതുവരെ ലഭിച്ചത്. ആദ്യകാലത്ത് ശബ്ദം റജിസ്റ്റര്‍ ആവാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. വളരെ വ്യത്യസ്തമായ ശബ്ദമാണ് എന്റേത്. അതുകൊണ്ട് തന്നെ ഒരുപാട് വിമർശനങ്ങളും എനിക്ക് നേരിടേണ്ടി വന്നിരുന്നുവെന്നും അഭിമുഖത്തില്‍ അഭയ പറയുന്നു.
എന്റെ ശബ്ദം പൂച്ച കരയുന്നത് പോലെയാണെന്ന് അഭിപ്രായമുള്ളവരുമുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് മാറി നിങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ എന്ത് രസമാണ് എന്ന് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമുണ്ട്.വ്യത്യസ്തമായ ശബ്ദമുളള ഒട്ടേറെ ഗായകര്‍ ഇപ്പോള്‍ നമുക്ക് ചുറ്റുമുണ്ട്. അതൊക്കെ കേട്ട് മലയാളികള്‍ക്ക് ഒരു ശീലമുണ്ടായി. അതുകൊണ്ട് കൂടിയായിരിക്കണം എന്നേയും എന്റെ പാട്ടിനേയും അവർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്.
സംഗീതരംഗം മാത്രമല്ല, പാചകം ചെയ്യാനും ഒരുപാട് ഇഷ്ടമുള്ള വ്യക്തിയാണ് താനെന്നും അഭയ പറയുന്നു. സംഗീതത്തിനുവേണ്ടി ഒരുപാട് യാത്രകള്‍ ചെയ്യാറുണ്ട്. ആ യാത്രകളെ കൂടുതല്‍ സന്തോഷകരവും സമ്പന്നവുമാക്കുന്നത് യാത്രക്കിടയില്‍ തേടിയെത്തുന്ന രുചികള്‍കൂടിയാണ്. യാത്രകളില്‍ ഭക്ഷണത്തിന് വലിയ പ്രാധാന്യം കൊടുക്കാറുണ്ട്. ഒരോ യാത്രകള്‍ക്ക് മുമ്പ് തന്നെ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് കൃത്യമായ പ്ലാന്‍ ഉണ്ടാക്കാറുണ്ടെന്നും താരം പറയുന്നു.
നോണ്‍ വെജ് ഭക്ഷണങ്ങളാണ് കൂടുതല്‍ ഇഷ്ടം. തായ് രുചികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കാറുള്ളത്. ഭക്ഷണം കഴിക്കാനായി മാത്രം പലതവണ തായ്ലാന്‍ഡില്‍ പോയിട്ടുണ്ട്. കേരളത്തിലെ ഇഷ്ട ഫുഡ് സ്‌പോട് കോഴിക്കോട് ആണ്. മംഗളൂരുവിലെ ഭക്ഷണങ്ങളും ഏറെ ആസ്വദിച്ച് കഴിക്കും.
അമ്മ ഉണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് കപ്പയും കാന്താരി ചമ്മന്തിയുമാണ്. വീട്ടില്‍ അതുണ്ടാക്കിയാല്‍ ഞാന്‍ തന്നെയാണ് അത് മുഴുവന്‍ തീർക്കുക. അനിയത്തി ചോദിച്ചാല്‍ പോലും കൊടുക്കില്ല. നിനക്ക് വേണേല്‍ സ്വര്‍ണം തരാം, സ്വത്ത് തരാം, പക്ഷേ ഇത് തരില്ലെന്ന് ഞാന്‍ പറയും. അമ്മ ഉണ്ടാക്കുന്ന ട്രിവാന്‍ഡ്രം സ്‌റ്റൈല്‍ ചിക്കന്‍ ഫ്രൈയും ഉളളിത്തീയലും തക്കാളിത്തീയലുമെല്ലാം വളരെ ടേസ്റ്റിയാണെന്നും അഭയ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications