'മാസ്‌കിട്ട് പോയാലും ഹേയ് ജയറാം എന്ന് പറഞ്ഞ് ആളുകള്‍ ചാടിവീഴും... എല്ലാം പിആര്‍ വര്‍ക്ക്': ജയറാം പറയുന്നു
ജയറാം ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ഓസ്ലര്‍. അബ്രഹാം ഓസ്ലര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി ജയറാം എത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. സിനിമയുടെ ട്രൈലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ക്രൈം മെഡിക്കല്‍ ത്രില്ലര്‍ ഴോണറില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തുടര്‍ പരാജയങ്ങളില്‍ നിന്ന് ജയറാമിന്റെ തിരിച്ചുവരവായിരിക്കും ചിത്രം എന്നാണ് എല്ലാവരുടേയും പ്രതീക്ഷ.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും മലയാളത്തിലെ തന്റെ ഇടവേളയൈ കുറിച്ചും മനസ് തുറക്കുകയാണ് ജയറാം. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാ തീരുമാനങ്ങളും കുടുംബത്തോട് ആലോചിച്ചാണ് എടുക്കാറുള്ളത് എന്ന് ജയറാം പറയുന്നുയ സിനിമയുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ മകന്‍ കാളിദാസിന്റെ നിര്‍ദേശപ്രകാരമാണ് മലയാളത്തില്‍ ബ്രേക്ക് എടുത്തത് എന്നും ജയറാം വ്യക്തമാക്കി.

'തെലുങ്കില്‍ നിന്നൊക്കെ വരുന്ന പടങ്ങള്‍ ചെയ്യാം. അവിടെ നായകനല്ല എന്നല്ലേയുള്ളൂ. എങ്കിലും മറ്റ് വേഷങ്ങള്‍ ചെയ്യാനും കൂടുതല്‍ ഭാഷകളിലേക്ക് പോകാനും പറ്റും. മലയാളത്തില്‍ നല്ല സിനിമ വരുമ്പോള്‍ ചെയ്യാം'' ഇതായിരുന്നു മകന്‍ പറഞ്ഞത് എന്ന് ജയറാം പറയുന്നു. ഓസ്ലറിന്റെ കഥ കേട്ടപ്പോള്‍ മിഥുനിനോട് ഇത് തനിക്ക് ചേരുന്ന ക്യാരക്ടറാണോ എന്ന് ചോദിച്ചിരുന്നതായും ജയറാം പറഞ്ഞു.
താന്‍ ചെയ്യുന്നില്ലെങ്കില്‍ അവര്‍ ഈ പടം തന്നെ വേണ്ടെന്നു വെക്കും എന്നു കേട്ടപ്പോള്‍ സന്തോഷം തോന്നി എന്നും ജയറാം പറഞ്ഞു. അതേസമയം പണ്ടത്തെ പോലെ അല്ല സിനിമ എന്നും പി ആര്‍ വര്‍ക്കൊക്കെ വേണ്ട കാലമാണ് ഇത് എന്നും ജയറാം പറഞ്ഞു. നമ്മള്‍ നമ്മളെ തന്നെ ബിസിനസ് ചെയ്യണം എന്നും എന്നാല്‍ താനതില്‍ നൂറ് ശതമാനം തോറ്റ ആളായിട്ടാണ് തോന്നുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദില്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ അവിടെ എയര്‍പോര്‍ട്ട് ഫോട്ടോഗ്രാഫി എന്നൊരു സംവിധാനം ഉണ്ട്. ഫാന്‍സ് ഉള്‍പ്പടെ എല്ലാം അവര്‍ തന്നെ കൊണ്ടുവരും. പത്ത് പേരുമായി നടന്ന് വരുന്ന തരത്തിലായിരിക്കും ഒന്ന്. മറ്റൊന്ന് മാസ്‌കും ഹൂഡിയുമൊക്കെയിട്ട് ഒളിച്ചു പോകുമ്പോള്‍ പുറകില്‍ കൂടി വന്ന് കണ്ടു പിടിച്ച് ''ഹോയ് ജയറാം'' എന്നൊക്കെ വിളിച്ച് ബഹളം വെക്കുന്നതാണ്. അതൊക്കെ അവര്‍ വീഡിയോ എടുത്തു തരും. അതിന് ഏജന്‍സി വരെ ഉണ്ട്.
എന്നാല്‍ അതിനൊന്നും നിന്ന് കൊടുക്കാന്‍ തോന്നിയിട്ടില്ല എന്ന് ജയറാം പറഞ്ഞു. ചുറ്റിലും ബൗണ്‍സേഴ്സും പരിവാരങ്ങളുമായി നടക്കാന്‍ തനിക്കു ചമ്മലാണ് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications