ക്ലിൻ കാര കൊനിഡേല, രാംചരണിന്റെ മകളുടെ പേര് പങ്കുവെച്ച് ചിരഞ്ജീവി..പേരിന്റെ അർത്ഥം ഇതാ
ഹൈദരാബാദ്: ജൂൺ 20 നായിരുന്നു തെലുങ്ക് സൂപ്പർതാരം രാംചരൺ തേജയ്ക്കും ഭാര്യ ഉപാസന കാമിനേനിയ്ക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്. വിവാഹം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷമാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. അതുകൊണ്ട് തന്നെ മകളുടെ ജനനം ആഘോഷമാക്കുകയാണ് താരകുടുംബം. ഇപ്പോഴിതാ തങ്ങളുടെ കുഞ്ഞ് രാജകുമാരിയുടെ പേര് പങ്കുവെച്ചെത്തിയിരിക്കുകയാണ് മുത്തച്ഛനും തെലുങ്ക് മെഗാസ്റ്റാറുമായ ചിരഞ്ജിവി. പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
'കുഞ്ഞിന്റെ പേര് ക്ലിൻ കാര കൊനിഡേല!, ലളിത സഹസ്ര നാമത്തിൽ നിന്നുമാണ് പേര് കണ്ടെത്തിയത്.ആത്മീയമായ ഉണര്‍വ്വ് സൃഷ്ടിക്കുന്ന, പരിവര്‍ത്തനത്തിനും ശുദ്ധീകരണത്തിനും വഴിതെളിക്കുന്ന ഊര്‍ജ്ജമാണ് ക്ലിന്‍ കാര എന്ന നാമത്തിലൂടെ അര്‍ഥമാക്കുന്നത്. ഞങ്ങളുടെ കൊച്ചു രാജകുമാരി വളരുമ്പോൾ ഈ ഗുണങ്ങളെല്ലാം അവളുടെ വ്യക്തിത്വത്തിൽ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്', ചിരഞ്ജീവി ട്വീറ്റ് ചെയ്തു.

മകളുടെ പേരിനെ കുറിച്ച് ഉപാസനയും ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ മനസുള്ളവൾ എന്നാണ് ക്ലിൻ എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്നും സ്നേഹമുള്ള, സ്വതന്ത്രമായ, ശുദ്ധമായ എന്നിങ്ങനെയാണ് കാര എന്ന വാക്കിനർത്ഥമെന്നും ഉപാസന വ്യക്തമാക്കി.
ഉപാസനയുടെ അമ്മ വീട്ടിൽ വെച്ചായിരുന്നു കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടന്നത്. സിനിമാ മേഖലയിൽ നിന്ന് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. അതിനിടെ ക്ലിൻകാരയ്ക്കായി പല വിലകൂടിയ സമ്മാനങ്ങളും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവർ നൽകിയതായാണ് ബോളിവുഡ് മാധ്യമ റിപ്പോർട്ടുകൾ. ചിരഞ്ജീവിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന മുകേഷ് അംബാനി കുടുംബം കുഞ്ഞിന് സ്വർണത്തൊട്ടിൽ സമ്മാനിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. ഒരു കോടിക്കു മുകളിലാണ് ഇതിന്റെ വിലയെന്നാണ് വിവരം.
2012 ജൂൺ 14 നായിരുന്നു രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം.സംരംഭകയും അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് ഉപാസന. അപ്പോളോ ലൈഫ് വൈസ് പ്രസിഡന്റ് കൂടിയാണ് അവർ.












Click it and Unblock the Notifications