ജീവിതത്തിൽ എന്താ നടക്കാത്തത്; ഫാൻസ് മീറ്റിൽ വീൽചെയറിലെത്തിയ ആരാധകന് തണലായി ജയറാം, കയ്യടി
മലയാളികൾക്ക് ജയറാമിനോട് പ്രത്യേക സ്നേഹമാണ്. ഒരു കാലത്ത് മലയാളികളെ കുടുകുടെ ചിരിപ്പിച്ച നടൻ. ജയറാം സിനിമകൾക്ക് കുടുംബ പ്രേക്ഷകർ കാത്തിരിക്കുന്ന സമയം ഉണ്ടായിരുന്നു. ഇടയ്ക്ക് ആ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായെങ്കിലും ഇപ്പോൾ വീണ്ടും ജയറാം ചിത്രത്തിന്റെ റിലീസിന് ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന അവസ്ഥ വന്നെത്തിയിരിക്കുകയാണ്.
ഇന്നാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലർ എന്ന സിനിമ പ്രദർശനത്തിന് എത്തുന്നത്. സിമിയുടെ പ്രൊമോഷന്റെ ഭാഗമായി പല ഇന്റർവ്യൂകളും ജയറാം നൽകിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ഫാൻസ് മീറ്റിൽ വെച്ച് തന്റെ ഒരു ആരാധകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം നൽകാൻ ജയറാം തയ്യാറായിരിക്കുകയാണ്.

ബിഹൈൻ്ഡ് വുഡ്സിന്റെ ജയറാം ഫാൻസ് മീറ്റിൽ വെച്ചായിരുന്നു പ്രഖ്യാപനം. പാലക്കാട് സ്വദേശിയായ ഗീതാ കൃഷ്ണൻ എന്ന ആരാധകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണമാണ് ജയറാം നൽകുന്നത്. പനയിൽ നിന്ന് വീണ ഗീതാ കൃഷ്ണൻ 23 വർഷമായി വീൽ ചെയറിലാണ് കഴിയുന്നത്. " ഏട്ടന്റെ രണ്ട് മക്കൾ ആണ് നോക്കുന്നത്. പാലക്കാട് കൃഷ്ണ പ്രസാദ് ഏട്ടൻ ( ജയറാമിന്റെ ഫാൻസ് ക്ലബ് ) ചികിത്സയ്ക്കും അല്ലാതെയും ഒരരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. ഇനി ഒരു സർജറി കൂടി വേണം. എപ്പോൾ വേണമെങ്കിലും ചെയ്യാം. സാമ്പത്തികം ഇല്ലാത്തത് കാെണ്ട് ഇങ്ങനെ പോവുകയാണ് ", എന്നാണ് ഗീത കൃഷ്ണൻ പറയുന്നത്.
ഈ വർഷം പകുതിക്കുള്ളിൽ സർജറി ചെയ്യാമെന്ന് പരിപാടിക്കിടെ ജയറാം പറയുകയും ചെയ്യുന്നുണ്ട്. 2025 ൽ നടന്ന് വന്ന് ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കട്ടെ എന്നും ജയറാം പറയുന്നു. ജീവിതത്തിൽ എന്താ നടക്കാത്തതെന്നും ജയറാം പറഞ്ഞു.
നേരത്തെ, 13 പശുക്കൾ ചത്ത് ജീവിതം പ്രതിസന്ധയിലായ രണ്ട് കുട്ടിക്കർഷകർക്കും അദ്ദേഹം തണലായിരുന്നു. അബ്രഹാം ഓസ്ലറിന്റെ ട്രെയ്ലർ ലോഞ്ച് പരിപാടി വേണ്ടെന്ന് വെച്ച് അതിനായി മാറ്റി വെച്ച അഞ്ച് ലക്ഷം രൂപ കുട്ടികൾക്ക് കൈമാറുകയായിരുന്നു.
ജയറാം നേരിട്ട് എത്തിയാണ് പണം നൽകിയത്. എല്ലാം ശരിയാകുമെന്നും ഇവിടെ തന്നെ ഒരു നൂറ് പശുക്കളെ വളർത്താനുള്ള തൊഴുത്ത് ദൈവം ഉണ്ടാക്കിത്തരുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ജയറാമിന്റെയും അണിയറപ്രവർത്തകരുടേയും ഈ പ്രവൃത്തിക്ക് അഭിനന്ദനം ലഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നിരവധി പേരാണ് കുട്ടികൾക്ക് സഹായവുമായി എത്തിയത്.












Click it and Unblock the Notifications