സുരേഷ് ഗോപിയുടെ രാഷ്ട്രീയം; മനസ് തുറന്ന് ജയറാം, 'ദൈവം അത് സാധിച്ചുകൊടുക്കും'
സിനിമാ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ നിരവധി താരങ്ങളെ കാണാം. തമിഴ്‌നാട്ടിലാണ് കൂടുതല്‍ എങ്കിലും മലയാളത്തിലും രാഷ്ട്രീയത്തില്‍ സജീവമായ സിനിമാക്കാരുണ്ട്. ഗണേഷ് കുമാര്‍, മുകേഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരെല്ലാം ഇതില്‍ പ്രമുഖരാണ്. ജഗദീഷ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു എങ്കിലും ഇപ്പോള്‍ വിട്ടുനില്‍ക്കുകയാണ്.
സുരേഷ് ഗോപിയാണ് ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട മലയാളി സിനിമാ താരം. ബിജെപിയുടെ കേരളത്തിലെ മുഖമായി അദ്ദേഹം മാറിയിരിക്കുന്നു. ഒരുവേള ബിജെപി സംസ്ഥാന അധ്യക്ഷനായി സുരേഷ് ഗോപി എത്തുമെന്ന് വരെ കേട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ കൂടുതല്‍ ചര്‍ച്ചയാകുന്ന താരം കൂടിയാണ് സുരേഷ് ഗോപി.

തൃശൂര്‍ ലോക്‌സഭാ സീറ്റിലാണ് സുരേഷ് ഗോപി ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങുക. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സുരേഷ് ഗോപിക്ക് വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ശക്തമായ സാന്നിധ്യം അറിയിച്ചു. തൊട്ടുപിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ സുരേഷ് ഗോപി ബിജെപിക്ക് വേണ്ടി മല്‍സരിച്ചു.
ഇനി മൂന്നാം തവണയാണ് സുരേഷ് ഗോപി തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ഇത്തവണ അദ്ദേഹം വിജയിക്കുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. കോണ്‍ഗ്രസിന് വേണ്ടി ടിഎന്‍ പ്രതാപന്‍, സിപിഐക്ക് വേണ്ടി വിഎസ് സുനില്‍കുമാര്‍ എന്നിവരുടെ പേരും ചര്‍ച്ചയിലുണ്ട്. മൂന്ന് സ്ഥാനാര്‍ഥികളും ശക്തരാകുമ്പോള്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ താര മണ്ഡലം തൃശൂര്‍ തന്നെയാകുമെന്ന് ഉറപ്പാണ്.
സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ പലരും വിമര്‍ശിക്കാറുണ്ട്. ബിജെപിയില്‍ അദ്ദേഹം എങ്ങനെ എത്തിപ്പെട്ടുവെന്ന് ആശ്ചര്യം പ്രകടിപ്പിക്കുന്നവരും നിരവധിയാണ്. അതേസമയം, തന്നെ സുരേഷ് ഗോപി എന്ന വ്യക്തി ശുദ്ധനാണ് എന്ന അഭിപ്രായം പങ്കുവയ്ക്കുന്ന നിരവധി സഹതാരങ്ങളുണ്ട്. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് നടന്‍ ജയറാം.
സുരേഷ് ഗോപി വളരെ ഡെഡിക്കേറ്റഡ് ആണ് എന്ന് ജയറാം പറയുന്നു. സുഹൃത്ത് ആയതുകൊണ്ട് പറയുകയല്ല. ഇതില്‍ ഒരു ശതമാനം പോലും രാഷ്ട്രീയവുമില്ല. 100 ശതമാനം സത്യസന്ധമായി കാര്യങ്ങളുമായി മുന്നോട്ട് പോകുന്ന വ്യക്തിയാണ് സുരേഷ് ഗോപി. സുരേഷ് ചെയ്യുന്ന കാര്യങ്ങളില്‍ കള്ളത്തരങ്ങളൊന്നുമില്ല. അദ്ദേഹം എന്താണോ ആഗ്രഹിക്കുന്നത് അത് ദൈവം സാധിച്ചുകൊടുക്കുമെന്നാണ് വിശ്വാസമെന്നും ജയറാം മനോരമ ന്യൂസിലെ നേരെ ചൊവ്വേ പരിപാടിയില്‍ പറഞ്ഞു.
കഴിഞ്ഞ 36 വര്‍ഷത്തിലധികമായി താന്‍ സിനിമാ രംഗത്തുണ്ട്. ഇക്കാലയളവില്‍ കേരളത്തിലെ ഏത് പാര്‍ട്ടിയായാലും നേതാക്കളായാലും മന്ത്രിമാരായാലും, അവരുമായെല്ലാം നല്ല ബന്ധമാണ് തനിക്ക്. എല്ലാവരും എന്നെ ചടങ്ങുകള്‍ക്ക് വിളിക്കാറുണ്ട്. ഞാന്‍ പോകാറുമുണ്ട്. എല്ലാവരുമായും സൗഹൃദം നിലനിര്‍ത്താറുണ്ടെന്നും ജയറാം പ്രതികരിച്ചു.












Click it and Unblock the Notifications