നടനും മിമിക്രി താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു
കോട്ടയം: നടനും മിമിക്രി താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസായിരുന്നു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പുതുപ്പള്ളിയില്‍ വീട്ടില്‍ വെച്ച് ഇന്ന് വൈകീട്ടോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം നാളെ കഞ്ഞികുഴിയിലെ ശ്മശാനത്തില്‍ നടക്കും
ടെലിവിഷന്‍, സ്റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തായി ദീര്‍ഘകാലങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ള സോമരാജ് നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് സോമരാജായിരുന്നു. അഞ്ചര കല്യാണം, കണ്ണകി, ഫാന്റം, ബാംബൂ ബോയ്സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദ ഭൈരവി, അണ്ണന്‍ തമ്പി, കിംഗ് ലയര്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തു.

സ്റ്റേജ് പ്രോഗ്രാമുകളിലൂടെയാണ് കലാരംഗത്തേക്കുള്ള വരവ്. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കലാകാരനാണ് കോട്ടയം സോമരാജ്. അല്‍പനാളുകള്‍ക്ക് മുന്‍പ് വരെ മിനി സ്‌ക്രീനിലും സജീവമായിരുന്നു. പ്രമുഖരായ പല താരങ്ങള്‍ക്കൊപ്പവും വിവിധയിടങ്ങളില്‍ സ്റ്റേജ് പങ്കിട്ടിട്ടുണ്ട്.
അതേസമയം കോട്ടയം സോമരാജിന്റെ വിയോഗത്തില്‍ നിരവധി സഹപ്രവര്‍ത്തകര്‍ അനുശോചനം അറിയിച്ചു. കൈരളി ടിവിയില്‍ കരിയര്‍ തുടങ്ങിയ കാലത്ത് തിരക്കഥാ രചനയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ച് തന്ന ഗുരുനാഥനെയാണ് നഷ്ടമായത് എന്ന് തിരക്കഥാകൃത്ത് ഗഫൂര്‍ വൈ ഇല്യാസ് പറഞ്ഞു.












Click it and Unblock the Notifications