മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടികള്‍ക്ക് ചുംബന ഇമോജികള്‍ അയച്ചോ? മൗനം വെടിഞ്ഞ് താരം
തെന്നിന്ത്യയിലെ റൊമാന്റിക് താരമാണ് മാധവന്‍. 2000 ത്തില്‍ മണിരത്‌നം സംവിധാനം ചെയ്ത അലൈ പായുതേ എന്ന ചിത്രത്തിലൂടെയാണ് ആര്‍. മാധവന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഈ സിനിമയിലൂടെ നിരവധി ആരാധികമാരെ സ്വന്തമാക്കാനും താരത്തിനു കഴിഞ്ഞു. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമടക്കം നിരവധി ഹിറ്റ് സിനിമകളില്‍ നായകനായതോടെ മാധവന് ചോക്ലേറ്റ് ഹീറോ എന്ന പരിവേഷവും ലഭിച്ചു. എന്നാല്‍ പൊതുവേ ഗോസിപ്പുകളില്‍ തലവച്ചു കൊടുക്കാത്ത പ്രകൃതമാണ് മാധവന്റേത്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ചില വെളിപ്പെടുത്തലുളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യുന്നുണ്ടെന്ന അഭ്യൂഹങ്ങളിലാണ് മാധവന്‍ മൗനം വെടിഞ്ഞത്. സമൂഹ മാധ്യമങ്ങള്‍ തനിക്കുണ്ടാക്കിയ ബുദ്ധിമുട്ടുകളെക്കുറിച്ചും താരം പറഞ്ഞു. ചെന്നൈയില്‍ നടന്ന പാരന്റ് ഗീനി ഇന്‍കോര്‍പ്പറേറ്റഡ് എന്ന ആപ്പിന്റെ ലോഞ്ചിനിടെയായിരുന്നു മാധവന്റെ വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയയില്‍ താന്‍ നേരിടുന്ന അനാവശ്യമായ വിമര്‍ശനത്തെക്കുറിച്ചുള്ള ആശങ്കയും നടന്‍ പങ്കുവെച്ചു.

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തന്നെക്കുറിച്ച് ചില തെറ്റിദ്ധാരണകളുണ്ടായതായി അദ്ദേഹം പറഞ്ഞു. കൊച്ചുപെണ്‍കുട്ടികളുമായി പ്രണയ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ചുംബന ഇമോജികള്‍ക്ക് മറുപടി അയയ്ക്കുന്നുവെന്നുമായിരുന്നു ആരോപണം.
മാധവന്റെ വാക്കുകള്‍ - 'ഞാന്‍ ഒരു നടനാണ്. ഇന്‍സ്റ്റഗ്രാമിലും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും നിരവധി ആളുകള്‍ സന്ദേശങ്ങള്‍ അയയ്ക്കാറുണ്ട്. ഒരു പെണ്‍കുട്ടി എനിക്ക് സന്ദേശം അയയ്ക്കുന്നു, ഞാന്‍ താങ്കളുടെ സിനിമ കണ്ടു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നിങ്ങള്‍ അതിശയിപ്പിക്കുന്ന നടനാണ്. അതിന്റെ അവസാനം പെണ്‍കുട്ടി കുറേ പ്രണയ ചിഹ്നങ്ങളും ഹൃദയത്തിന്റെയും ചുംബനത്തിന്റെയും ഇമോജികളും അയച്ചു
ഇത്രയും അവര്‍ സംസാരിക്കുമ്പോള്‍ ഞാന്‍ ഉത്തരം നല്‍കാന്‍ നിര്‍ബന്ധിതനാകുന്നു. മറുപടിയായി ഞാന്‍ ആ പെണ്‍കുട്ടിക്ക് നന്ദി പറയും. 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' - ഇതാണ് അവള്‍ക്കുള്ള എന്റെ മറുപടി.
ഞാന്‍ നല്‍കിയ മറുപടിയുടെ സ്‌ക്രീന്‍ഷോട്ട് ആ പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റായി ഇടുന്നു. ആളുകള്‍ എന്താണ് കാണുന്നത്? ഹൃദയത്തിന്റെയും ചുംബനത്തിന്റെയും ഇമോജികള്‍ മാത്രം. മാധവന്‍ അതിനു മറുപടി നല്‍കിയിരിക്കുന്നു. എന്നാല്‍ ഞാന്‍ അവളുടെ സന്ദേശത്തിനാണ് മറുപടി നല്‍കിയത്. പക്ഷേ ആളുകള്‍ ഈ ചിഹ്നം മാത്രം കാണുന്നു. 'ഓ മാധവന്‍ കൊച്ചുപെമ്പിള്ളാരോട് സംസാരിക്കുന്നു എന്നാണ് പ്രചരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഒരു സന്ദേശം ഇടുമ്പോഴെല്ലാം എനിക്കുള്ള ഭയം ഇതാണ്. എന്റെ പോലും അനുഭവ പരിചയമില്ലാത്ത ഒരാള്‍ എത്രമാത്രം കുഴപ്പത്തില്‍ അകപ്പെടുമെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? എന്നും നടന്‍ ചോദിച്ചു.












Click it and Unblock the Notifications