'ഇച്ചാക്ക തുടങ്ങിയ പ്രസ്ഥാനം, ഒരൊറ്റ നിബന്ധന'; ഫാന്‍സ് അസോസിയേഷന്റെ 25 വാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാല്‍
കൊച്ചി: മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തില്‍ ആരാധകര്‍ക്ക് ആവേശമായി മോഹന്‍ലാല്‍. നെടുമ്പാശേരി സിയാല്‍ കണ്‍വെഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ആഘോഷം മോഹന്‍ലാല്‍ തന്നെയായിരുന്നു ഉദ്ഘാടനം ചെയ്തത്. നിറഞ്ഞ് കവിഞ്ഞ സദസിനെ സാക്ഷിയാക്കിയായിരുന്നു ആഘോഷം. 25 വര്‍ഷം മുന്‍പ് ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ച സാഹചര്യം പറഞ്ഞ് കൊണ്ടായിരുന്നു മോഹന്‍ലാലിന്റെ പ്രസംഗം.
ഫാന്‍സ് ക്ലബ്ബിന്റെ ആദ്യ ഉദ്ഘാടനം നടത്തിയത് മമ്മൂട്ടിയായിരുന്നു എന്നും മമ്മൂട്ടിയുമായുള്ള ആത്മബന്ധം വര്‍ഷങ്ങളായി തുടരുന്നതാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു. ''25 വര്‍ഷം മുമ്പ് മമ്മൂട്ടിക്കയാണ് എന്റെ ഫാന്‍സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തത്. വര്‍ഷങ്ങളായി തുടരുന്ന ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. എന്റെ സിനിമായാത്രയില്‍ എപ്പോഴും കൂടെ അദ്ദേഹമുണ്ട്,' മോഹന്‍ലാല്‍ പറഞ്ഞു.

ഇച്ചാക്ക തുടങ്ങിവെച്ച പ്രസ്ഥാനം 25 വര്‍ഷങ്ങള്‍ക്ക് ശേഷവും നന്നായി തന്നെ മുന്നോട്ടു പോകുന്നത് അദ്ദേഹത്തിന്റെ ഗുരുത്വമായി താന്‍ കാണുന്നു എന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരുമിച്ച് നില്‍ക്കുമ്പോഴാണ് വളരാനാകുക എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. മമ്മൂട്ടിയെ അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ വിളിക്കുന്നത് പോലെ ഇച്ചാക്ക എന്നാണ് മോഹന്‍ലാല്‍ വിളിക്കുന്നത്.
ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കുമ്പോള്‍ താന്‍ വെച്ച ഏക നിബന്ധന മത്സരം പാടില്ല എന്നത് ആയിരുന്നു എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാന്‍ തന്റെ മനസില്‍ ചില സിനിമയിലെ തിരക്കഥയിലെ പോലെ എനിക്കെന്റെ പിള്ളേര്‍ ഉണ്ടെടാ എന്ന് പറയാന്‍ കഴിയും എന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ കൈയടിയും ആരവവും ഉയര്‍ന്നു.
അതേസമയം മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ നേര് ഡിസംബര്‍ 21 ന് റിലീസ് ചെയ്യും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഇമോഷണല്‍ കോര്‍ട്ട്‌റൂം ഡ്രാമ എന്ന വിശേഷണത്തോടെയാണ് എത്തുന്നത്. വക്കീല്‍ വേഷത്തിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ വലിയ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. തുടര്‍പരാജയങ്ങളില്‍ നിന്ന് മോഹന്‍ലാലിനെ കരകയറ്റുന്നതാകും ചിത്രം എന്നാണ് വിലയിരുത്തല്‍.
പ്രിയാമണി, സിദ്ദീഖ്, അനശ്വര രാജന്‍, ജഗദീഷ് ശാന്തി മായാദേവി എന്നിവരാണ് ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിഭാഷക കൂടിയായ ശാന്തി മായാദേവിയാണ് ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത്. ഛായാഗ്രാഹണം സതീഷ് കുറുപ്പ്. ജനുവരി 25 ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങുന്ന മലൈക്കോട്ടെ വാലിബന്‍ റിലീസ് ചെയ്യും.












Click it and Unblock the Notifications