'മീശ പിരിച്ച് എനിക്ക് വേണ്ടി ഒരു കഥ എഴുതുമ്പോഴാണ് കുഴപ്പമാകുന്നത്'; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍
മീശ പിരിച്ചും മുണ്ട് മടക്കി കുത്തിയും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് മോഹന്‍ലാല്‍. അവയില്‍ പലതും സൂപ്പര്‍ഹിറ്റുകളും ആയിരുന്നു. എന്നാല്‍ ഒടിയന് ശേഷം പുറത്തിറങ്ങിയ എല്ലാ സിനിമകളിലും താടി വെച്ച് കൊണ്ടാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ഒടിയന് വേണ്ടി നടത്തിയ സര്‍ജറിയുടെ ഭാഗമായാണ് ഇത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് പ്രചരിക്കുന്നത്.
സമീപകാലത്ത് മോഹന്‍ലാലിന്റെ സിനിമകള്‍ ബോക്‌സോഫീസില്‍ അത്ര മികച്ച പ്രകടനം നടത്താറില്ല. ഈ സാഹചര്യത്തില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ നേര്. ചിത്രം ഡിസംബര്‍ 21 നാണ് റിലീസ് ചെയ്യാനിരിക്കുന്നത്. ഇതില്‍ അഭിഭാഷകന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഇതിലും താടി വെച്ചുള്ള കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.

നേരിന്റെ പ്രൊമോഷനിടെ തന്റെ മീശ പിരിച്ചുള്ള സിനിമകളെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മൂവി മാന്‍ ബ്രോഡ്കാസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മീശ പിരിച്ച് മോഹന്‍ലാലിന് വേണ്ടി ഒരു കഥ എഴുതുമ്പോള്‍ കുഴപ്പമാകും എന്ന് അദ്ദേഹം പറയുന്നു. മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്...
'മീശ പിരിച്ചും മുണ്ടുടുത്തുമുള്ള എന്റെ ചിത്രം വരണമെങ്കില്‍ അതിന്റേതായിട്ടുള്ള കഥ വരണം. ഈ സിനിമയില്‍ മീശ പിരിച്ച് വന്നാല്‍ ഒരിക്കലും ശരിയാകില്ലല്ലോ. അത്തരത്തിലൊരു സിനിമ വരട്ടെ. അത്യാവശ്യം ഒരു കുറച്ച് പിരിച്ചിട്ടൊരു സിനിമ വരുന്നുണ്ട്. മലൈയ്ക്കോട്ടെ വാലിബന്‍. അതില്‍ മുണ്ട് ഇല്ല. മീശ പിരിച്ചിട്ടൊരു സിനിമ എന്ന് പറഞ്ഞിട്ടൊരു സിനിമ ഉണ്ടാകാറില്ല.
ആ സിനിമയിലേക്ക് പിന്നെ ഞാന്‍ മീശ പിരിച്ച് അഭിനയിക്കുകയാണ്. അങ്ങനെ മീശ പിരിച്ച് മോഹന്‍ലാലിന് വേണ്ടി ഒരു കഥ എഴുതുമ്പോഴാണ് കുഴപ്പമാകുന്നത്. ഈ സിനിമ എഴുതുമ്പോഴൊന്നും എന്നെ ഉദ്ദേശിച്ചിട്ടേ അല്ല അവര്‍ കഥ എഴുതുന്നത്. കഥയെഴുതി കഴിഞ്ഞ് ആര് അഭിനയിക്കണം എന്ന് ചിന്തിക്കുമ്പോഴാണ് നമ്മള്‍ മനസില്‍ വരുന്നത്. ശരിക്ക് അങ്ങനെയാണ് വേണ്ടത്.
ഇവിടെ പക്ഷെ നേരെ തിരിഞ്ഞിട്ട് ഒരുപാട് സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ പലതും വിജയിച്ചിട്ടുണ്ട്, ചിലത് ആ കാരണം കൊണ്ട് മോശമായിട്ടുമുണ്ട്. എപ്പോഴും കഥാപാത്രത്തിന് അനുയോജ്യമായ ആളെ കണ്ടെത്തുക എന്നതാണ് കറക്ട്. കേരളത്തില്‍ അതിന്റേതായ പരിമിതികള്‍ ഉണ്ട്. എല്ലാ കഥാപാത്രങ്ങളും എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റില്ല. ആ സിനിമയിലേക്ക് ആ ഡയറക്ടറിന് തോന്നുന്ന ആളെ കാസ്റ്റ് ചെയ്യുക എന്ന് പറയുന്നതാണ് ഏറ്റവും നല്ലത്.
അടുത്ത് തന്നെ മീശ പിരിച്ച് സിനിമ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. താടി വളര്‍ത്തിയിരിക്കുന്നത് കൊണ്ട് ഇപ്പോള്‍ മീശ പിരിക്കുന്നില്ല.'












Click it and Unblock the Notifications