'സത്യം പറഞ്ഞാൽ എമ്പുരാനിൽ വില്ലൻ ആരാണെന്ന് എനിക്ക് അറിയില്ല, കഥ അറിയാവുന്നത് 4 പേർക്ക്'; നന്ദു
മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വിവരം പൃഥ്വിരാജ് തന്നെ അറിയിച്ചിരുന്നു. 117 ദിവസങ്ങൾക്കുള്ളിൽ തിയറ്ററുകളിൽ കാണാം എന്നാണ് ഷൂട്ടിംഗ് പൂർത്തിയായ വിവരം പങ്കുവെച്ച് താരം പറഞ്ഞത്. ഒന്നാം ഭാഗമായ ലൂസിഫർ വൻഹിറ്റടിച്ചിരുന്നു. എമ്പുരാൻ ലൂസിഫറിനെക്കാൾ മികച്ചതായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇപ്പോൾ എമ്പുരാനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ നന്ദു. എമ്പുരാൻ സിനിമയുടെ കഥ പൂർണമായി അറിയാവുന്നത് 4 പേർക്ക് മാത്രമാണെന്നാണ് നന്ദു പറയുന്നത്. മോഹൻലാൽ, പൃഥ്വിരാജ്. മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നീ നാല് പേർക്കാണ് എമ്പുരാന്റെ കഥ അറിയാവുന്നത് എന്നാണ് നന്ദു പറഞ്ഞത്. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നന്ദു മനസ്സുതുറന്നത്.

'' സത്യം പറഞ്ഞാൽ എമ്പുരാനിൽ വില്ലൻ ആരാണെന്ന് എനിക്ക് അറിയില്ല. ഇത് എഴുതിയ മുരളി ഗോപി സംവിധായകൻ പൃഥ്വിരാജ്. നിർമിക്കുന്ന ആന്റണി പെരുമ്പാവൂർ, ഇതിലെ നായകൻ മോഹൻലാൽ ഇവർ നാല് പേർക്കേ ഇതിന്റെ കഥ എന്തെന്ന് അറിയികയുള്ളൂ '' നന്ദു പറഞ്ഞു.
മോഹൻലാലിന്റെ കഥാപാത്രത്തിന് വേറൊരു മുഖം കൂടെ ഉണ്ടല്ലോ. ഇതിലും രണ്ട് കഥാപാത്രങ്ങൾ ഉണ്ട്. അത് കൊണ്ട് തന്നെ രണ്ട് ട്രാക്കുകളുമുണ്ട്. ഇതിൽ ഏത് ട്രാക്കാ, എങ്ങനെയാ പോകുന്നത് എന്ന് കാടുകയറി ചിന്തിക്കേണ്ട കാര്യം ഇല്ല.
നമുക്ക് തന്നത് അഭിനയിച്ച് പോകുക എന്നതേയുള്ളൂ. ഇനി അഥവാ സിനിമയുടെ കഥ പറയാം എന്ന് രാജു പറഞ്ഞാലും എനിക്ക് അറിയേണ്ട എന്നേ ഞാൻ പറയൂ, നന്ദു പറഞ്ഞു. ഇത് തിയറ്ററിൽ കാണുമ്പോൾ ഉള്ള ഒരു സുഖം ഇല്ലേ അത് ഫീൽ ചെയ്താൽ മതി. കഥ അറിഞ്ഞാൽ ആ ഫീൽ പോയില്ലേ? ഈ സിനിമയെ സംബന്ധിച്ചിടത്തോളം തിയറ്ററിൽ കാണുമ്പോൾ ഉള്ള എക്സ്പീരിയൻസ് ആണ് കാത്തിരിക്കുന്നത്, നന്ദു പറഞ്ഞു..
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജുവാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത്ത്, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുിദ്ദീൻ, അർജുൻ ദാസ് എന്നീ താരങ്ങളും ഉണ്ട്. 2019 മാർച്ച് 28 ന് ആയിരുന്നു എമ്പുരാന്റെ ഒന്നാം ഭാഗമായ ലൂസിഫർ റിലീസ് ചെയ്തത്.












Click it and Unblock the Notifications