ഒഴിവ് കിട്ടിയാല്‍ ഫഹദിനേയും ദുല്‍ഖറിനേയും പോയി കാണും, ഞങ്ങള്‍ക്കിടയില്‍ ഈഗോയില്ല: പൃഥ്വിരാജ്
മലയാളത്തിലെ സിനിമാ താരങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള അടുപ്പമുണ്ട് എന്ന് പൃഥ്വിരാജ് സുകുമാരന്‍. എമ്പുരാന്‍ റിലീസിനോട് അനുബന്ധിച്ച് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. താരങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ കൊണ്ട് തന്നെയാണ് മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ സംഭവിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അത്തരം സിനിമകള്‍ എപ്പോഴും സംഭവിക്കണമെന്നില്ല എന്നും പൃഥ്വി പറഞ്ഞു.
ബാംഗ്ലൂര്‍ ഡെയ്‌സ്, അമര്‍ അക്ബര്‍ ആന്റണി പോലുള്ള സിനിമകള്‍ താരമൂല്യമുളള ഒട്ടനവധി താരങ്ങള്‍ ഒന്നിച്ച് സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യുന്ന തരത്തിലുള്ളവയായിരുന്നു. അവയെല്ലാം ബോക്‌സോഫീസില്‍ വലിയ വിജയവുമായിരുന്നു. ഇപ്പോള്‍ മഹേഷ് നാരായണന്‍ ചെയ്യുന്ന പുതിയ പടം അത്തരത്തിലുളള ഒന്നാണ് എന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിങ്ങനെ ഒറ്റയ്ക്ക് ഒരു പടം വിജയിപ്പിക്കാന്‍ കഴിവുളള താരങ്ങള്‍ ഈക്വല്‍ സ്‌പേസ് ഷെയര്‍ ചെയ്യുകയാണ് ആ സിനിമയില്‍ എന്ന് പൃഥ്വി പറഞ്ഞു. മലയാളത്തിലെ താരങ്ങളില്‍ പലരും താമസിക്കുന്നത് കൊച്ചിയിലാണ് എന്നതിനാല്‍ തന്നെ ഒഴിവുസമയങ്ങളില്‍ ഒന്നിച്ച് കൂടാറുണ്ട് എന്നും പൃഥ്വി പറഞ്ഞു.
കുടുംബമായി തന്നെ പരസ്പരം വീടുകളില്‍ പോകാറുണ്ട്. രണ്ടാഴ്ച ഒഴിവ് കിട്ടിയാല്‍ താന്‍ ഉറപ്പായും ദുല്‍ഖറിനെയും ഫഹദിനെയും വിളിച്ച് എവിടെയാണെന്ന് അന്വേഷിക്കാറുണ്ട് എന്നും അടുത്തിടെ താന്‍ ഫഹദിനെയും നസ്രിയയെയും കണ്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ താന്‍ ആരുമായും മത്സരിക്കാറില്ല എന്നും താന്‍ തന്നോട് തന്നെയാണ് മത്സരിക്കുന്നത് എന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. തനിക്ക് വീഴ്ച സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും തന്റേതാണ് എന്നും താരം വ്യക്തമാക്കി.
ഒരു നായക നടന് ഒരു വര്‍ഷം പരമാവധി അഞ്ച് സിനിമകളില്‍ ആണ് അഭിനയിക്കാന്‍ സാധിക്കുക. ഓരോ വര്‍ഷവും 100 സ്‌ക്രിപ്റ്റുകള്‍ കേട്ടാണ് ഈ അഞ്ച് പടങ്ങള്‍ താന്‍ കമ്മിറ്റ് ചെയ്യുന്നത് എന്നും പല സ്‌ക്രിപ്റ്റുകളും ഇഷ്ടപ്പെട്ടിട്ടും മറ്റ് പടങ്ങള്‍ ഏറ്റതുകൊണ്ട് ചെയ്യാന്‍ സാധിക്കാതെ വരാറുണ്ട് എന്നും പൃഥ്വി പറഞ്ഞു. ആ സന്ദര്‍ഭങ്ങളില്‍ മറ്റ് താരങ്ങളെ ഫോണില്‍ വിളിച്ച് ഒരു ഗംഭീര സ്‌ക്രിപ്റ്റ് കേട്ടു, ബ്ലോക്ക്ബസ്റ്ററായിരിക്കുമെന്ന് പറഞ്ഞ് അവിടേക്ക് അയക്കുാറുണ്ട് എന്നും പൃഥ്വി പറഞ്ഞു.
' ഞാന്‍ മത്സരത്തെക്കുറിച്ച് ചിന്തിക്കാറേയില്ല. 200 ല്‍ അധികം പടങ്ങള്‍ ഇറങ്ങുന്ന മലയാളത്തില്‍ എല്ലാ പടത്തിലും എനിക്ക് അഭിനയിക്കാന്‍ പറ്റുമോ? അഞ്ചെണ്ണം പോലും സാധിക്കാറില്ല. അപ്പോള്‍ പിന്നെ മറ്റുളളവരുടെ കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നതില്‍ എന്താണ് അര്‍ത്ഥം? ഞാന്‍ എന്റെ സിനിമകളും കുടുംബവും സുഹൃത്തുക്കളുമായി വളരെ ഹാപ്പിയായി ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത്,' പൃഥ്വിരാജ് പറഞ്ഞു.












Click it and Unblock the Notifications