'അങ്ങനെ അത് ഔദ്യോഗികമായി'; നടൻ രാജേഷ് മാധവന് പ്രണയ സാഫല്യം, ആശംസ അറിയിച്ച് സുമലത ടീച്ചറും
കൊച്ചി: നടനും കാസ്റ്റിങ് ഡയറക്ടറും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹം. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ അസോസ്യേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ദീപ്തി.
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ രാജേഷ് മാധവന്റെ ജോഡിയായ സുമലത ടീച്ചറെ അവതരിപ്പിച്ച നടി ചിത്ര നായർ ഇരുവർക്കും ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അങ്ങനെ അത് ഔദ്യോഗികമായി എന്നാണ് ചിത്ര കുറിച്ചത്.

കാസർഗോഡ് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. അമൃത ടിവിയിൽ അസിസ്റ്റന്റ് പ്രൊഡ്യൂസറായും ഏഷ്യാനെറ്റ് ന്യൂസിൽ പ്രോഗ്രാം പ്രൊഡ്യൂസറായും ജോലി ചെയ്തിട്ടുണ്ട്. അതിനിടയിൽ അപ്രതീക്ഷിതമായിട്ടായിരുന്നു രാജേഷിന്റെ സിനിമ അരങ്ങേറ്റം. സനൽ അമന്റെ അസ്തമയം വരെ എന്ന ചിത്രത്തിൽ പ്രൊഡക്‌ഷൻ കൺട്രോറായിട്ടായിരുന്നു തുടക്കം.
മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. ചിത്രത്തിൽ വളരെ ചെറിയൊരു വേഷമാണ് രാജേഷ് അവതരിപ്പിച്ചത്. എന്നാൽ ഇത് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ദിലീഷിന്റെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു.
കാസ്റ്റിങ് ഡയറക്ടറായി മലയാളത്തിൽ ഞെട്ടിക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്തിയ വ്യക്തികൂടിയാണ് രാജേഷ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം മികച്ച ചിത്രമായ 'തിങ്കളാഴ്‌ച നിശ്ചയ'മെന്ന സിനിമയുടെ കാസ്റ്റിങ് നിർവഹിച്ചത് രാജേഷ് മാധവനും വിനീത് വാസുദേവനും ചേർന്നാണ്. സിനിമയിലെ താരങ്ങളുടെ തിരഞ്ഞെടുപ്പിന് വലിയ കൈയ്യടി ലഭിച്ചിരുന്നു. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടറും രാജേഷ് ആയിരുന്നു. ചിത്രത്തിൽ അണി നിരന്ന താരങ്ങളെല്ലാം തന്നെ അസാധ്യ പ്രകടനമായിരുന്നു കാഴ്ച വെച്ചത്. സിനിമയിൽ സുരേശൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും രാജേഷ് കൈയ്യടി നേടി.
കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം മിന്നൽമുരളി തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷമാണ് സുരേഷ് കൈകാര്യം ചെയ്തത്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിൽ രാജേഷ് മാധവനും ചിത്രയും അവതരിപ്പിച്ച സുരേഷ്, സുമലത എന്നീ കഥാപാത്രങ്ങളെ നായകനും നായികയുമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.












Click it and Unblock the Notifications