'കേക്കില്ലെങ്കിലെന്താ; പഴംപൊരി ബെസ്റ്റല്ലേ'; ലാലേട്ടനൊപ്പം അമല്‍ ഡേവിസിന്റെ ജന്മദിനാഘോഷം
പുതു തലമുറ അഭിനേതാക്കളില്‍ ഏറ്റവും ശ്രദ്ധേയനാണ് സംഗീത് പ്രതാപ്. പ്രേമലു എന്ന ചിത്രത്തിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രമാണ് സംഗീതിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്. അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള സംഗീതിന് നിരവധി കഥാപാത്രങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വം എന്ന ചിത്രത്തിലാണ് സംഗീത് പ്രതാപ് അഭിനയിക്കുന്നത്. ഇവിടെ വച്ച് താരത്തിന് ലഭിച്ച അസുലഭ അവസരമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
മോഹന്‍ലാലിനും സത്യന്‍ അന്തിക്കാടിനും ഒപ്പം ജന്മദിനം ആഘോഷിക്കാനുള്ള അവസരമാണ് സംഗീത് പ്രതാപിന് ലഭിച്ചത്. ഹൃദയപൂര്‍വം സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ആഘോഷം. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണിത്. അതിനാല്‍ വൈകാരികമായി ഏറെ അടുപ്പമുള്ളവരുടെ കൂടിച്ചേരല്‍ കൂടിയായിരുന്നു ഈ ആഘോഷം. സംഗീതിന്റെ ഭാര്യയും ജന്മദിനാഘോഷത്തില്‍ പങ്കുചേരാന്‍ സെറ്റിലെത്തിയിരുന്നു.

കേക്ക് ഓര്‍ഡര്‍ ചെയ്തിരുന്നെങ്കിലും സമയത്ത് എത്തിയില്ല. അപ്പോഴാണ് പഴംപൊരി എത്തിയത്. കേക്കിനേക്കാള്‍ നല്ലത് പഴംപൊരിയല്ലേ എന്ന് സത്യന്‍ അന്തിക്കാട് ചോദിച്ചതിനു പിന്നാലെ മോഹന്‍ലാല്‍ പഴംപൊരി മുറിച്ച് സംഗീതിന്റെ വായില്‍ വച്ചുകൊടുക്കുകയായിരുന്നു. അങ്ങനെ കേക്കിനു പകരം പഴംപൊരി മുറിച്ച് സംഗീതിന്റെ പിറന്നാളാഘോഷം കളറാക്കി. പഴംപൊരി മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന സംഗീതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്. മോഹന്‍ലാലിനും സത്യന്‍ അന്തിക്കാടിനും ഒപ്പും ജന്മദിനം ആഘോഷിച്ച ഭാഗ്യവാന്‍ എന്ന് പലരും കമന്റായി കുറിച്ചിട്ടുണ്ട്.
വേറെ ആരുടെയെങ്കിലും ബര്‍ത്ത്‌ഡേ ഉണ്ടോ എന്ന് മോഹന്‍ലാല്‍ ചോദിക്കുകയും ചെയ്തു. വൈകിയെത്തിയ ജന്മദിന കേക്കും സെറ്റില്‍ വച്ചുതന്നെ മുറിച്ചു. ഹൃദയപൂര്‍വം എന്ന് കേക്കിലും എഴുതിയിരുന്നു.
സംഗീത് മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച 'ബ്രോമാന്‍സ്' വാലന്‍ന്റൈന്‍സ് ദിനത്തില്‍ റിലീസ് ചെയ്തിരുന്നു. അതേസമയം, ഈ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ താരത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴുത്തിന് പരിക്കേറ്റ സംഗീത് ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് ഷൂട്ടിങ് സെറ്റുകളിലേക്കു തിരിച്ചെത്തിയത്. സത്യന്‍ അന്തിക്കാട് ചിത്രത്തിലും മികച്ച വേഷമാണ് സംഗീതിന് ലഭിച്ചത്. സിനിമയുടെ കഥ എഴുതിയിരിക്കുന്നത് സത്യന്‍ അന്തിക്കാടിന്റെ മകനാണ്. മറ്റൊരു മകന്‍ അനൂപ് സത്യന്‍ അസോഷ്യേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. നവാഗതനായ ടി പി സോനുവാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും.












Click it and Unblock the Notifications