58 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് കൊടുത്ത് ഷാഹിദ് കപൂര്‍; വാടക തുക കേട്ടാല്‍ ഞെട്ടും..!
ആഡംബര വീടുകള്‍ സ്വന്തമാക്കുന്നതും അവയില്‍ താമസിക്കുന്നതും ബോളിവുഡില്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ തങ്ങളുടെ ആഡംബര ഭവനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നത് വളരെ അപൂര്‍വം താരങ്ങളാണ്. ഇപ്പോഴിതാ ആ പട്ടികയിലേക്ക് ഏറ്റവും ഒടുവിലായി ഇടം പിടിച്ചിരിക്കുകയാണ് നടന്‍ ഷാഹിദ് കപൂര്‍. ഷാഹിദ് കപൂര്‍ അടുത്തിടെ മുംബൈയിലെ ത്രീ സിക്സ്റ്റി വെസ്റ്റ് വാര്‍ളിയിലെ തന്റെ ആഡംബര അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്.
പ്രതിമാസം 20.5 ലക്ഷം രൂപ എന്ന വാടക നിരക്കിലാണ് താരം അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് നല്‍കിയിരിക്കുന്നത് എന്നാണ് സൂം റിപ്പോര്‍ട്ട് ചെയ്യുന്നത്. 60 മാസത്തേക്കാണ് കരാര്‍ കാലാവധി. അഞ്ച് വര്‍ഷത്തെ കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ 23.98 ലക്ഷം രൂപയായിരിക്കും വാടക. ആദ്യ 10 മാസത്തേക്ക് വാടക രഹിത കാലയളവും കരാറില്‍ ഉള്‍പ്പെടുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.

5,395 ചതുരശ്ര അടി കാര്‍പെറ്റ് ഏരിയയും 573.78 ചതുരശ്ര മീറ്റര്‍ ബില്‍റ്റ്-അപ്പ് ഏരിയയും മൂന്ന് പ്രത്യേക കാര്‍ പാര്‍ക്കിംഗ് സ്ഥലങ്ങളും ഉള്ള അപ്പാര്‍ട്ട്‌മെന്റാണ് ഇത്. 2024 മെയ് മാസത്തിലാണ് ഈ അപ്പാര്‍ട്ട്‌മെന്റ് ഷാഹിദും മീരാ കപൂറും സ്വന്തമാക്കുന്നത്. 58.6 കോടി രൂപയായിരുന്നു വില. ഈ ആഡംബര അപ്പാര്‍ട്ട്‌മെന്റാണ് ഷാഹിദ് കപൂര്‍ വാടകയ്ക്ക് കൊടുത്തിരിക്കുന്നത്. 1.23 കോടി രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്.
ഇതോടെ മുംബൈയിലെ ആഡംബര സ്വത്തുക്കള്‍ വാടകയ്‌ക്കോ പണയത്തിനോ നല്‍കിയ കാര്‍ത്തിക് ആര്യന്‍, രണ്‍വീര്‍ സിംഗ്, നിര്‍മ്മാതാവ് സാജിദ് നദിയാദ്വാല എന്നിവരുള്‍പ്പെടുന്ന പട്ടികയിലാണ് ഷാഹിദ് കപൂര്‍ ഇടം നേടിയിരിക്കുന്നത്. ഏകദേശം 300 കോടി രൂപ ആസ്തിയുള്ള ഷാഹിദ് കപൂര്‍ സിനിമ, ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകള്‍, വിവിധ ബിസിനസ്സ് സംരംഭങ്ങള്‍ എന്നിവയില്‍ നിന്ന് പ്രതിമാസം 3 കോടി മുതല്‍ അഞ്ച് കോടി രൂപ വരെ സമ്പാദിക്കുന്നുണ്ട്.
ഇന്‍സ്റ്റാഗ്രാമില്‍ 45 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഷാഹിദ് കപൂര്‍ സ്പോണ്‍സര്‍ ചെയ്ത പോസ്റ്റുകള്‍ക്കായി 20 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ ഈടാക്കുന്നുണ്ട്. മുംബൈയിലെ ജുഹുവിലെ കടലിനഭിമുഖമായ അപ്പാര്‍ട്ട്‌മെന്റ് പോലെയുള്ള സ്വത്തുക്കള്‍ താരത്തിന്റെ പേരിലുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ നിര്‍മ്മിച്ച ആക്ഷന്‍ ഡ്രാമയിലാണ് ഷാഹിദ് കപൂര്‍ അടുത്തതായി അഭിനയിക്കുന്നത്. വിഷാല്‍ ഭരദ്വാജിന്റെ അടുത്ത ചിത്രത്തിലും ഷാഹിദ് കേന്ദ്രകഥാപാത്രമാണ്.












Click it and Unblock the Notifications