'അടുത്തകാലത്ത് എനിക്ക് ഇത്ര ചീത്തപ്പേരുണ്ടാക്കിയ ഒരു സിനിമയില്ല, ഇത്ര ക്രൂരമാകുമെന്ന് കരുതിയില്ല'; സിദ്ധിഖ്
കൊച്ചി: ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ 'നേര്' തീയറ്ററിൽ വൻ വിജയമായി മാറിയിക്കുകയാണ്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം വൻ തിരിച്ചുവരവാണ് ചിത്രത്തിലൂടെ മോഹൻലാൽ നടത്തിയതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. മാത്രമല്ല മോഹൻലാലിനോടൊപ്പം തന്നെ ചർച്ചയാവുകയാണ് സിനിമയിലെ മുതിർന്ന നടൻ സിദ്ധിഖിന്റെ പ്രകടനവും. പതിവ് പോലെ തന്നെ സിദ്ധിഖ് എന്ന താരം ഞെട്ടിച്ചുവെന്നായിരുന്നു ആരാധകരുടെ വാക്കുകൾ.
എന്തായാലും ഇപ്പോഴിതാ സിനിമയുടെ വിജയത്തിൽ പ്രതികരിക്കുകയാണ് സിദ്ധിഖ്. തന്നെ സംബന്ധിച്ച് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ ഒരു സിനിമ ഉണ്ടായിട്ടില്ലെന്നാണ് സിനിമയുടെ വിജയത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ ചിരിച്ചുകൊണ്ട് സിദ്ധിഖ് പ്രതികരിച്ചത്. നടന്റെ വാക്കുകളിലേക്ക്

'ഈ അടുത്തകാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ ഒരു സിനിമയില്ല, പക്ഷെ ആ ചീത്തപ്പേരാണ് ഞാൻ ആസ്വദിക്കുന്നത്. എല്ലാവരും എന്നോട് പറഞ്ഞത് തീയറ്ററില്‍ വന്നാല്‍ ആളുകള്‍ രണ്ടെണ്ണം പൊട്ടിക്കും എന്നാണ്. നിങ്ങള്‍ പറയുന്ന പ്രത്യേക സീന്‍ അനശ്വരയുടെ കൂടെ ചെയ്യുമ്പോള്‍ ഇത്രയും ക്രൂരമാകും എന്ന് ഞാന്‍ കരുതിയില്ല. പക്ഷേ തീയറ്റരില്‍ അതുണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്.
പിന്നെ ഒരു സമാധാനമുള്ളത് ഇതില്‍ എന്നെയങ്ങനെ ചീത്തപറയാനും ഇടിക്കാനും മോഹന്‍ലാലിന് വിട്ടുകൊടുത്തിട്ടില്ല. സാധാരണ എനിക്ക് ഡയലോഗ് ഒന്നും പറയാന്‍ പറ്റാറില്ല. ആളുകൾ എന്നോട് ചോദിക്കും ഏതെങ്കിലും സിനിമയിൽ പറയുന്ന ഡയലോഗ് പറയാമോ എന്ന്. എവിടെ ഡയലോഗ് പറയാന്‍ പറ്റണ്ടെ അപ്പോഴത്തേക്കും ഇടി തുടങ്ങും.
ഇതില്‍ ഇത്രയൊക്കെ ക്രൂരത ചെയ്തിട്ടും മോഹന്‍ലാല്‍ എന്നെ ഒന്നും ചെയ്തിട്ടില്ല. പ്രത്യേകതയുള്ള സിനിമയാണ്. വളരെ വ്യത്യസ്തമായ രീതിയിൽ ജിത്തുവും ശാന്തിയും ചേർന്ന് തയ്യാറാക്കിയൊരു സിനിമയാണ്. ആ സിനിമയുടെ ഭാഗമാകാൻ എനിക്ക് സാധിച്ചു. ഇത്രയും നല്ല പേരുണ്ടാകും, ഇത്രയും വിജയമാകും എന്നൊന്നും നമ്മൾ പ്രതീക്ഷിക്കാതിരുന്നത് പേടി കൊണ്ടാണ്. കാരണം അങ്ങനെ പ്രതീക്ഷിച്ചിട്ട് കിട്ടാതെ പോയാലോ, നന്നായി വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു.
കോർട്ട് റൂം രംഗം ചിത്രീകരിക്കുമ്പോൾ മോഹൻലാൽ എന്നോട് പറഞ്ഞു, വളരെ മനോഹരമായൊരു സിനിമയായിരിക്കും ഇതെന്ന്. അത് ആ തിരക്കഥ അത്രയും ആഴത്തിൽ മോഹൻലാലിന് മനസിലാക്കാൻ സാധിച്ചത് കൊണ്ടാണ്. ഇന്റൻസീവായ രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ അതിന്റെ അർത്ഥത്തിൽ പ്രേക്ഷകർ എടുത്തെങ്കിൽ സിനിമ വർക്കാവുമെന്ന് തോന്നും. എന്നാൽ ഞങ്ങൾ ആഗ്രഹിച്ചതിനെക്കാൾ, പ്രതീക്ഷിച്ചതിനെക്കാൾ പ്രേക്ഷകർ വലിയ വിജയമാക്കി.












Click it and Unblock the Notifications