അമ്മയില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്ന് സിദ്ദീഖ്; സംഘടന വിട്ടവരെ കുറിച്ച് പറയാനുള്ളത്..
കൊച്ചി: താരസംഘടനയായ അമ്മയില്‍ രാഷ്ട്രീയം കലര്‍ത്തില്ല എന്ന് നടന്‍ സിദ്ദീഖ്. തന്റെ യു ഡി എഫ് ചായ്‌വ് അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവര്‍ അമ്മയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയില്‍ പ്രശ്‌നം വരുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടാണ് എന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.
'ഒരിക്കലും ഇന്നസെന്റ് ചേട്ടനെ പറ്റി അങ്ങനെ ഒരു ആക്ഷേപം പറഞ്ഞിട്ടില്ല. മുകേഷ്, ഗണേഷന്‍, ജഗദീഷ് എല്ലാവരും നമ്മുടെ സംഘടനയില്‍ ഉള്ളവരാണ്. അവര്‍ക്കെല്ലാം വ്യത്യസ്തമായ രാഷ്ട്രീയമുള്ളവരാണ്. അമ്മയില്‍ ഒരു പ്രശ്‌നം വരുമ്പോള്‍ എല്ലാവരും അമ്മയുടെ പ്രശ്‌നമായിട്ട് കാണുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആള്‍ക്കാരാണ്. അമ്മയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഒരാളും ശ്രമിച്ചതായിട്ട് എനിക്ക് അറിയില്ല,' സിദ്ദീഖ് പറഞ്ഞു.

അമ്മയുടെ ജനറല്‍ സെക്രട്ടറിയായി വരുമ്പോള്‍ താനെന്തിനാണ് തന്റെ യു ഡി എഫ് മുഖം ഉപയോഗപ്പെടുത്തേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. സ്വന്തം രാഷ്ട്രീയം ഒളിച്ച് കടത്തുന്നവരല്ല സംഘടനയിലുള്ളതെന്ന് സിദ്ദിഖ് വ്യക്തമാക്കി. അതേസമയം അമ്മയി്ല്‍ നിന്ന് ചില അംഗങ്ങള്‍ പുറത്ത് പോയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. 'അമ്മയില്‍ നിന്ന് പുറത്ത് പോയ അംഗങ്ങള്‍ പുറത്ത് തന്നെയാണ്.
അവരെ തിരിച്ച് സംഘടനയിലേക്ക് കൊണ്ടുവരിക എന്നത് സംഘടനയുടെ ബാധ്യതയല്ല. അവര്‍ക്ക് തിരികെ സംഘടനയിലേക്ക് വരണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ സംഘടന തീര്‍ച്ചയായിട്ടും തുറന്ന മനസോടെ സ്വീകരിക്കും,' സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു. വ്യക്തികളെക്കാള്‍ വലുതാണ് സംഘടനയെന്നും സിദ്ദിഖ് പറഞ്ഞു. എന്നാല്‍ സംഘടനയില്‍ നിന്നും പുറത്തുപോയവര്‍ ശത്രുക്കള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കിയ സിനിമ നിര്‍മ്മാതാക്കളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നു എന്നും സിദ്ദീഖ് വ്യക്തമാക്കി. സഹപ്രവര്‍ത്തകയായ നടിക്ക് അഭിമുഖത്തിനിടെ അപമാനകരമായ ചോദ്യം നേരിടേണ്ടി വന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ താന്‍ തന്നെ ബന്ധപ്പെട്ട ചാനലിനെ നേരില്‍ വിളിച്ച് ബന്ധപ്പെട്ടിരുന്നു എന്നും സിദ്ദീഖ് പറഞ്ഞു.
സ്ത്രീ സംവരണം ഏര്‍പ്പെടുത്തി അമ്മയുടെ ബൈലോ ഉടന്‍ ഭേദഗതി ചെയ്യും. തലമുറ മാറ്റം അനിവാര്യമാണെന്നും ചെറുപ്പക്കാരായവര്‍ ഭരണസമിതിയില്‍ വരണമെന്നാണ് നിലപാടെന്നും സിദ്ദിഖ് പറഞ്ഞു. രമേഷ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു എന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗമായി നടി ജോമോളെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. ഐകകണ്‌ഠ്യേനയാണ് ജോമോളെ തിരഞ്ഞെടുത്തത്.
ജൂണ്‍ 30 നാണ് അമ്മയില്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നത്. മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റായപ്പോള്‍ ജനറല്‍ സെക്രട്ടറിയായി സിദ്ദീഖും ജഗദീഷ്, ജയന്‍ ചേര്‍ത്തല (വൈസ് പ്രസിഡന്റ്) ബാബു രാജ് (ജോ. സെക്രട്ടറി) എന്നിവരാണ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്. ഉണ്ണി മുകുന്ദന്‍ ട്രഷററായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.












Click it and Unblock the Notifications