'ദൈവത്തേക്കാള്‍ കൂടുതല്‍ വിശ്വാസം മനുഷ്യരെ.. ഐഡിയോളജിയും മനുഷ്യപക്ഷം'; തുറന്ന് പറഞ്ഞ് ടൊവിനോ
സിനിമകള്‍ക്ക് അപ്പുറത്ത് തന്റേതായ അഭിപ്രായം പറയാന്‍ മടിയുള്ളവരാണ് ഭൂരിഭാഗം നടീനടന്‍മാരും. എന്നാല്‍ ടൊവിനോ തോമസ് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. പൊതുവിഷയങ്ങളില്‍ ഇടപെടാനും പ്രതികരിക്കാനും മടി കാണിക്കാത്ത താരമാണ് ടൊവിനോ തോമസ്. പ്രളയകാലത്തും മറ്റും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ ടൊവിനോയുടെ നടപടി ഏറെ കൈയടി നേടിയിരുന്നു.
ഇപ്പോഴിതാ പൊതുവിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടിനെ കുറിച്ചും അത് തുറന്ന് പറയുന്നതിനെ കുറിച്ചുമുള്ള തന്റെ നയം വ്യക്തമാക്കിയിരിക്കുകയാണ് ടൊവിനോ തോമസ്. അറിയുന്ന കാര്യങ്ങളെ കുറിച്ചും വൈകാരികമായി ബാധിക്കുന്ന വിഷയങ്ങളിലും പ്രതികരിക്കാന്‍ പേടിയില്ല എന്ന് പറയുകയാണ് ടൊവിനോ തോമസ്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ടൊവിനോയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'പ്രതികരിക്കാന്‍ പേടിയില്ല. നമ്മള്‍ വിശ്വസിക്കുന്ന ഒരു കാര്യം പറയാന്‍ എന്തിനാണ് പേടിക്കുന്നത്. പക്ഷെ അതൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തി വായിക്കാതിരുന്നാല്‍ സന്തോഷം. പറയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പറയാതേയും ഇരിക്കാം. പറഞ്ഞിട്ട് കാര്യമില്ലാത്ത കാര്യങ്ങള്‍ പറയേണ്ട കാര്യമില്ല. ചില കാര്യങ്ങള്‍ നമുക്ക് തോന്നും പറഞ്ഞിട്ട് കാര്യമുണ്ട് എന്ന്. പറയണം കുറച്ചാളുകള്‍ അറിയണം എന്ന് തോന്നുന്ന കാര്യങ്ങള്‍ പറയണം.
അത് കരുതി പ്രതികരണ തൊഴിലാളി ആകാന്‍ പറ്റില്ല. ഒരു തവണ പറഞ്ഞാല്‍ അടുത്ത തവണ എന്താണ് പ്രതികരിക്കുന്നില്ലേ അങ്ങനെ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റിരുന്ന് ഇന്ന് പ്രതികരിക്കാന്‍ ഒന്നും കിട്ടിയില്ലല്ലോ എന്ന് പറ്റില്ല. അത്രയും നമ്മളെ ഇമോഷണലി ടച്ച് ചെയ്യുമ്പോല്‍ അല്ലേ പ്രതികരിക്കേണ്ട കാര്യമുള്ളൂ. ചില കാര്യങ്ങളില്‍ ആള്‍ക്കാര്‍ ചോദിക്കും എന്താണ് അഭിപ്രായമൊന്നും പറയുന്നില്ലേ എന്ന്.
എനിക്ക് ആ വിഷയത്തെ കുറിച്ച് ഒന്നും അറിയില്ല. പിന്നെ എങ്ങനെയാണ് അഭിപ്രായം പറയുക. വിഷയവും സാഹചര്യവും ഒക്കെ അറിഞ്ഞിട്ട് വേണമല്ലോ പ്രതികരിക്കാന്‍. കൂടുതല്‍ ആളുകള്‍ നമ്മളെ കാണുകയും കേള്‍ക്കുകയും ഒക്കെ ചെയ്യുന്നുണ്ട് എന്നുള്ളത് കൊണ്ട് കൂടുതല്‍ ഉത്തരവാദിത്തത്തോടെ വേണം കാര്യങ്ങള്‍ പറയാന്‍. ഞാന്‍ അങ്ങനെ ഒരു പാര്‍ട്ടിയുമായിട്ടോ മതവുമായിട്ടോ പ്രത്യേകിച്ച് ഇഷ്ടവും വിരോധവും ഇല്ലാത്ത ആളാണ്.
കുറച്ച് കൂടി മനുഷ്യന്റെ പക്ഷത്ത് നില്‍ക്കുന്ന പരിപാടിയാണ് എന്റെ ഒരു ഐഡിയോളജി എന്ന് പറയുന്നത്. അത് പ്രാക്ടിക്കലായിട്ടുള്ള ഐഡിയോളജി കൂടിയാണ്. പേപ്പറില്‍ മാത്രമുണ്ടായിട്ട് കാര്യമില്ല. മനുഷ്യരെയാണ് ദൈവത്തേക്കാള്‍ കൂടുതല്‍ ഞാന്‍ വിശ്വസിക്കുന്നത്. പറയുന്നത് ചിലപ്പോള്‍ എല്ലാവര്‍ക്കും വര്‍ക്കായി എന്ന് വരില്ല,'












Click it and Unblock the Notifications