'ഇതുകൊണ്ടൊന്നും പരാജയപ്പെടില്ല, എന്നെ അറിയുന്നവർ വിവേകത്തോടെ പെരുമാറും'; ഉണ്ണി മുകുന്ദൻ
കൊച്ചി: പുതിയ ചിത്രമായ 'ജയ് ഗണേഷ്'നെതിരെ സംഘടിതമായ ആക്രമണം നടക്കുന്നുണ്ടെന്ന ആരോപണവുമായി നടൻ ഉണ്ണി മുകുന്ദന്‍. തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ടാണ് ഉണ്ണിയുടെ പ്രതികരണം. അയോധ്യ രാമപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്റേതെന്ന രീതിയിൽ വ്യാജ പ്രസ്താവന സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ
'റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാൻ നിങ്ങൾക്ക് എത്രനാൾ കഴിയും? ഒരു സിനിമയെ കൊല്ലാൻ നിങ്ങൾ ജനുവരി 1 മുതൽ ആരംഭിച്ച പരിശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഞാൻ ഒരിക്കലും പറയാത്ത വാക്കുകളും, ഒരിക്കലും പറയാത്ത സ്റ്റേറ്റ്മെന്റുകളുമാണ് ഒരു സിനിമയെ തകർക്കാൻ വേണ്ടി നിങ്ങൾ എന്റെ പേരിൽ പ്രചരിക്കുന്നത്. ഇതൊക്കെ ആരു ചെയ്താലും നിങ്ങൾ ഉറപ്പിച്ചോളൂ ഇതുകൊണ്ടൊന്നും ഞാനും എൻ്റെ സിനിമയും പരാജയപ്പെടുമെന്നത് നിങ്ങൾ സ്വപ്നം കാണുക പോലും വേണ്ട.
എനിക്ക് മെസ്സേജ് അയച്ചയാളോട് ഞാൻ പറഞ്ഞത് പോലെ തന്നെ ഇവിടെയും പറയുന്നു, എന്നെ ശരിക്കും അറിയുന്നവർ വിവേകത്തോടെ പെരുമാറും. നിങ്ങളെയെല്ലാവരെയും തീയറ്ററിൽ വച്ച് കാണാം. ജയ് ഗണേഷ് ഏപ്രിൽ 11 നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. UMF ആദ്യമായി തിയേറ്റർ വിതരണത്തിനെത്തിക്കുന്ന ചിത്രമായിരിക്കും ജയ് ഗണേഷ്', പോസ്റ്റിൽ ഉണ്ണി പറഞ്ഞു.

'ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും, ഉച്ചത്തിൽ ജയ് ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണണ്ട'' എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞെന്ന തരത്തിലായിരുന്നു വ്യാജ പ്രചരണങ്ങൾ ഉയർന്നത്. അതേസമയം ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണി മുകുന്ദൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
തന്റെ കരിയറിലെ വ്യത്യസ്തമായ വേഷമായിരിക്കും ജയ് ഗണേഷിലേത് എന്നാണ് ഉണ്ണി മുകുന്ദൻ നേരത്തേ പറഞ്ഞത്. മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളയ്ക്കു ശേഷം അഭിനയിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും അഭിനയിക്കുന്നു.












Click it and Unblock the Notifications