'മേപ്പടിയാന് വേണ്ടി പണയം വെച്ചത് 56 സെന്റ് സ്ഥലും വീടും, ഒരിക്കലും എളുപ്പമായിരുന്നില്ല'; ഉണ്ണി മുകുന്ദൻ
കൊച്ചി: മേപ്പടിയാൻ സിനിമയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ സംവിധായകൻ വിഷണുവിനെ അഭിനന്ദിച്ചും നിർമ്മാതാവെന്ന നിലയിൽ അനുഭവിച്ച പ്രതിസന്ധികളെ കുറിച്ചും തുറന്ന് പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ.സിനിമയ്ക്കായി തന്റെ വീടും പറമ്പും പണയം വെയ്ക്കേണ്ടി വന്നുവെന്നും ആ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും ഫേസ്ബുക്കിൽ പങ്കിട്ട നീണ്ട കുറിപ്പിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു. ഉണ്ണിയുടെ പോസ്റ്റ് വായിക്കാം
'എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് എല്ലാവരോടും നന്ദി അറിയിക്കുന്നു. ഒരു സംവിധായകന്റെ മികച്ച നവാഗത ചിത്രത്തിനുള്ള ദേശീയ അവാർഡ് മേപ്പാടിയാൻ നേടി. എന്റെ പ്രൊഡക്ഷൻ ഹൗസായ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ (യുഎംഎഫ്) ആദ്യ ചിത്രം മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയിരിക്കുന്നു.

അഭിനന്ദനങ്ങൾ, വിഷ്ണു! ഇന്ന് നീ ദേശീയ അവാർഡ് നേടിയ സംവിധായകനാണ്. നിന്നെ കുറിച്ച് എനിക്ക് അഭിമാനമുണ്ട്, നിന്നെ മലയാള സിനിമയിൽ അവതരിപ്പിച്ചതിൽ യുഎംഎഫ് അഭിമാനിക്കുന്നു. നിന്നിൽ നിന്നും ഇനിയും മികച്ച നിരവധി സിനിമകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
നിങ്ങൾക്കു വേണമെങ്കിൽ ഈ കുറിപ്പ് വായിക്കാതിരിക്കാം. എന്നാൽ എനിക്ക് പറയാനുള്ളത് ഇതാണ്. പൊതുവെ നേരിട്ട പ്രതിസന്ധികളേയും കഷ്ടപ്പാടുകളേയും കുറിച്ച് തുറന്ന് പറയാത്ത ആളാണ് ഞാൻ. പക്ഷേ ഇന്ന് ഞാൻ ഹൃദയം തുറന്ന് സംസാരിക്കും.
മേപ്പാടിയാൻ ഒരിക്കലും എളുപ്പമായിരുന്നില്ല. വിചിത്രമായ പല കാരണങ്ങളാൽ പ്രോജക്ട് തുടങ്ങാനായില്ല.തുടക്കത്തിൽ മേപ്പടിയാനെ മറ്റൊരു പ്രൊഡക്ഷൻഹൗസ് പിന്തുണച്ചിരുന്നു. പക്ഷേ പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ അവർ പ്രൊജക്ടിൽ നിന്നും പിൻമാറി. ഒരു വർഷത്തോളം ഈ പ്രൊജക്ട് വീണ്ടും നീണ്ട് പോകാൻ കാരണക്കാരനായ മാന്യന്റെ വരവായിരുന്നു പിന്നീട്. ഈ സമയം ഞാൻ 20 കിലോ കൂടി. ഒടുവിൽ ഷൂട്ട് ആരംഭിക്കാൻ മൂന്ന് ദിവസം ബാക്കി നിൽക്കെ നിർമ്മാതാവ് ചിത്രത്തിൽ നിന്നും പിൻവാങ്ങി. പ്രതീക്ഷകൾ അസ്തമിച്ചതോടെ സംവിധായകൻ വിഷ്ണു ബോധം കെട്ട് വീണു.
ലോകം മുഴുവൻ പ്രതിസന്ധി തീർത്ത മഹാമാരിക്കിടയിലും സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് തൂടങ്ങാനുള്ള തീരുമാനം ആ നിമിഷത്തിലായിരുന്നു. എന്റെ വീട് പണയം വെച്ച് ആ പണം കൊണ്ട് ആദ്യം പ്രൊപ്രൊഡക്ഷൻ ജോലികൾ ചെയ്യാൻ തീരുമാനിച്ചു. ഈ പ്രൊജക്ട് ശരിയായ രീതിയിൽ വർക്കായില്ലെങ്കിൽ എല്ലാം അവസാനിപ്പിക്കാമെന്ന് ഞാൻ മാതാപിതാക്കളോട് പറഞ്ഞു. അവർ എന്നെ വിശ്വസിച്ചു. എനിക്ക് ശക്തിയും ധൈര്യവും നൽകി. എന്തുകൊണ്ടാണ് അവർ എന്നെ വിശ്വസിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഈ സിനിമ തുടങ്ങാൻ വേണ്ടി ഞാൻ ചെയ്ത കഷ്ടപ്പാടുകളും എല്ലാ കാര്യങ്ങളും വിഷ്ണുവിന് അറിയാമായിരുന്നു.അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു എല്ലാം.ഒരു സാറ്റലൈറ്റ് ചാനലുമായി പ്രീ റിലീസ് ബിസിനസ് ഡീലും നടന്നു. എല്ലാം പ്രതീക്ഷ നൽകുന്നതായിരുന്നു. ചിത്രം വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. റിലീസിന് ഒരാഴ്ച മുൻപാണ് ഇഡിയുടെ റെയ്ഡ് (ഇതിനുള്ള വിശദീകരണം ഞാൻ പിന്നീട് നൽകും) നടക്കുന്നത്. അതോടെ സാറ്റലൈറ്റ് ചാനൽ പിന്മാറി. ഒടിടി ഡീലും മുടങ്ങി. കൊവിഡ് പ്രതിസന്ധി രൂക്ഷമായപ്പോൾ വലിയ പ്രൊജക്ടുകൾ പോലും തീയറ്റർ റിലീസിൽ നിന്ന് പിൻവാങ്ങി ഒടിടി ചാനലുകളെ ആശ്രയിക്കുന്ന സമയമായിരുന്നു അത്. പക്ഷേ എന്നെ സംബന്ധിച്ച് തിയറ്റർ റിലീസ് എന്നതിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. 2012 ജനുവരി 14നാണ് ഒരു നടനായി എന്റെ യാത്ര ആരംഭിക്കുന്നത്. ജനുവരി 14, 2020 ൽ ഒരു നിർമാതാവായും ഞാൻ എന്റെ യാത്ര ആരംഭിച്ചു.
മേപ്പടിയാൻ തീയറ്റിൽ വലിയ വിജയമായിരുന്നു. ഞങ്ങൾക്ക് കടങ്ങൾ വീട്ടാൻ സാധിച്ചു. നിരവധി അവസാർഡുകളും ചിത്രത്തിന് ലഭിച്ചു. എന്നാൽ ഇതെപ്പോഴും സ്പെഷ്യൽ ആയിരിക്കും. സിനിമയിൽ ജയകൃഷ്ണൻ ചെയ്യുന്നതുപോലെ പുതിയ വീട് വയ്ക്കാൻ കുറച്ച് സ്ഥലം ഞാൻ വാങ്ങി. ജയകൃഷ്ണൻ 52 സെൻറ് സ്ഥലമാണ് പണയം വച്ചതെങ്കിൽ സിനിമയ്ക്കുവേണ്ടി ഞാൻ 56 സെന്റാണ് പണയം വെച്ചത്. ഇതൊന്നും ഒരിക്കലും എളുപ്പമായിരുന്നില്ല', പോസ്റ്റിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.












Click it and Unblock the Notifications